Published:21 January 2023
ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവച്ച മൊറോകക്കന് താരങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വമ്പന്‍ വില. ആഫ്രിക്കന്‍ ഫുട്ബോളിന്റെ അഭിമാനമായതോടെ മൊറോക്കന്‍ താരങ്ങളുടെ വിപണിമൂല്യം 77 ശതമാനമാണ് ഉയര്‍ന്നത്. യുവതാരങ്ങളായ ഇസുദ്ദീന്‍ ഔനാഹി, സുഫിയാന് അംറബത്, വാലിദ് ഖെദീര തുടങ്ങിയവര്‍ യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു.
ഔനാഹിയെ ടീമിലെത്തിക്കാന്‍ എ സി മിലാന്, ബാഴ്സലോണ, ലെസ്റ്റര്‍ സിറ്റി, സെവിയ്യ എന്നീ ടീമുകളാണ് ശ്രമിക്കുന്നത്. ഇരുപത്തിരണ്ടുകാരനായ ഔനാഹിയുടെ കളിമികവിനെ സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വെയും പ്രശംസിച്ചിരുന്നു. 35 ലക്ഷം യൂറോയില്‍ നിന്ന് ഒന്നരക്കോടി യൂറോ ആയാണിപ്പോള്‍ ഫ്രഞ്ച് ക്ലബ് ആന്ഗേഴ്സിന്റെ താരമായ ഔനാഹിയുടെ വിപണിമൂല്യം ഉയര്‍ന്നിരിക്കുന്നത്. ഫിയറൊന്റീന താരമായ സുഫിയാന് അംറബത്തിന്റെ മൂല്യം 10 ദശലക്ഷം യൂറോയില്‍ നിന്ന് 25 ദശലക്ഷം യൂറോയായി ഉയര്‍ന്നു.
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡാണ് സുഫിയാനെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്. ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ കുതിപ്പില്‍ ബെല്‍ജിയവും സ്പെയ്നും പോര്‍ച്ചുഗലുമടക്കമുള്ള വമ്പന്മാരാണ് വീണത്. ഇതോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ചരിത്രനേട്ടവും മൊറോക്കോയ്ക്ക് സ്വന്തമായിരുന്നു. ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റാണ് മൊറോക്കോ പുറത്താവുന്നത്. ഫിനിഷറുടെ അഭാവമാണ് മൊറോക്കോയെ ചതിച്ചത്. ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ്, നാലാം സ്ഥാനത്തായിട്ടാണ് ടീം ലോകകപ്പ് അവസാനിപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ ജയം. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് മൊറോക്കോ സെമിയില്‍ കടന്നിരുന്നത്.