Published:22 January 2023
ഷാരൂഖിനെ അറിയില്ലെന്നു പറഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ ഫോണില്‍ വിളിച്ച് താരം. ഇന്നലെയാണ് അസം മുഖ്യമന്ത്രി, ആരാണ് ഷാരൂഖ് ഖാനെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. പത്താന് സിനിമയ്ക്കെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഷാരൂഖിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്തായാലും മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചിരിക്കുന്നു ഷാരൂഖ്. ബോളിവുഡിന്റെ കിങ് ഖാന് തന്നെ വിളിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
Bollywood actor Shri @iamsrk called me and we talked today morning at 2 am. He expressed concern about an incident in Guwahati during screening of his film. I assured him that it’s duty of state govt to maintain law & order. We’ll enquire and ensure no such untoward incidents.
— Himanta Biswa Sarma (@himantabiswa) January 22, 2023
പുലര്‍ച്ചെ രണ്ടു മണിക്ക് ഷാരൂഖ് നേരിട്ട് വിളിച്ചുവെന്നും, ഗുവാഹത്തിയില്‍ സിനിമയുടെ സ്ക്രീനിങ്ങിനിടെയുള്ള പ്രതിഷേധത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ക്രമസമാധാനം പാലിക്കുന്ന കാര്യത്തില്‍ സംസ്ഥാന ഗവണ്മെന്റ് ജാഗ്രത പുലര്‍ത്തും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഷാരൂഖ് ഖാനെ അറിയിച്ചു.
ഷാരൂഖ് ഖാന് നായകനാകുന്ന പത്താന് ജനുവരി ഇരുപത്തഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്. ദീപിക പദുക്കോണാണ് നായിക. ജോണ്‍ എബ്രഹാം പ്രതിനായക വേഷത്തിലുമെത്തുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.