Published:24 January 2023
ഇൻഡോർ: ന്യൂസിലെൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഇൻഡോറിൽ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ഇന്ന് പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. ബൗളർമാരായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ് തുടങ്ങിയവർക്ക് പകരക്കാരെത്തുമെന്നാണ് പ്രതീക്ഷ. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം.
ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ മികച്ച ഫോമിലാണ്, ആദ്യ മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയ താരം പിന്നാലെ കുറഞ്ഞ സ്കോറുള്ള രണ്ടാം ഏകദിനത്തിൽ 40 റൺസ് നേടി. നായകൻ രോഹിത് ശർമയും ഫോമിലേക്ക് തിരിച്ചെത്തിയത് ടീം മാനെജ്മെന്റിന് ആശ്വസമാണ്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗില്ലും രോഹിതും മാത്രമാണ് വലിയ സ്കോർ കണ്ടെത്തിയത്. മധ്യനിരയിൽ നിന്ന് വലിയ ഇന്നിങ്സുകൾ പിറക്കാത്തത് നേരിയ ആശങ്ക സമ്മാനിക്കുന്നുണ്ട്. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരെ പോലുള്ളവർക്ക് സമ്മർദ്ദമില്ലാതെ ക്രീസിലെത്താമെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്.
കിവീസ് ഇടംകൈയൻ സ്പിന്നർ മിച്ചൽ സാന്റനർ തുടർച്ചയായി രണ്ട് വട്ടം കോഹ്ലിയെ പുറത്തായക്കിയത് നേരിയ പ്രതിസന്ധി ഉയർത്തിയിരിക്കുന്നു. നാല് ഇന്നിങ്സുകളിൽ നിന്ന് മുന്ന് സെഞ്ച്വറി നേടിയ കോഹ്ലിയെ രണ്ട് മത്സരങ്ങളിലും അനായാസം സാന്റ്നർ പുറത്താക്കി. ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ കോഹ്ലിക്ക് ആവശ്യമായ തിരുത്തലുകൾ വരുത്താനുള്ള താത്പര്യമുണ്ടാകും.
ശ്രേയസ് അയ്യരുടെ അഭാവത്തിൽ സൂര്യകുമാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ബാറ്റുവീശുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തായാലും ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പര നേട്ടത്തിന് ശേഷം ഹാർദിക്കിൽ നിന്നും ശ്രദ്ധേയമായൊരു പ്രകടനമുണ്ടായില്ല.
ഈ ആഴ്ച അവസാനത്തോടെ ടി20 മത്സരങ്ങളും അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന സുപ്രധാന ഓസ്ട്രേലിയ പരമ്പരയും ഉള്ളതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കാം. അതുകൊണ്ട് തന്നെ ഐപിഎല്ലിലും പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം തുടരുന്ന രജത് പഠിതാറിന് ഇന്ന് അരങ്ങേറാൻ അവസരം ലഭിച്ചേക്കാം.
സീമർ ഉമ്രാൻ മാലിക് ടീമിൽ തിരിച്ചെത്തും, കുൽദീപ് യാദവിന് പകരം ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലും ഇന്ന് ടീമിൽ സ്ഥാനം ഉറപ്പിക്കും. ചാഹലും ഉമ്രാനും ഇതുവരെ പരമ്പരയിൽ ഇതുവരെ കളിച്ചിട്ടില്ല. ആദ്യ ഏകദിനത്തിൽ ആറിന് 131 എന്ന നിലയിൽ ന്യൂസിലൻഡിനെ 300 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ അനുവദിച്ചതിന് ഇന്ത്യൻ ബൗളർമാരു ശരാശരിക്കും താഴെയുള്ള പ്രകടനമായിരുന്നു. എന്നാൽ റായ്പൂർ മത്സരത്തിൽ സീമർമാർ ശക്തമായി തിരിച്ചുവന്നു. ഷമി, സിറാജ്, ഹാർദിക് എന്നിവർക്കൊപ്പം സ്പിന്നർമാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മറുവശത്ത്, ന്യൂസിലൻഡ് അവരുടെ മനോവീര്യം ഉയർത്താൻ ഒരു ആശ്വാസ വിജയം നേടാനുള്ള ആകാംക്ഷയിലാണ്. അത് സംഭവിക്കണമെങ്കിൽ, സ്ഥിരം നായകൻ കെയ്ൻ വില്യംസണിന്റെ സേവനമില്ലാത്ത ബ്ലാക്ക് ക്യാപ്സിന് അവരുടെ ബാറ്റിങ്ങ് ദുരിതം പരിഹരിക്കേണ്ടിവരും.
കഴിഞ്ഞ 30 ഇന്നിങ്സുകളിൽ ന്യൂസിലൻഡിന്റെ മികച്ച ആറ് ബാറ്റർമാർ ഏഴ് തവണ 40 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ചെയ്തിട്ടുണ്ട്. മൈക്കൽ ബ്രേസ്വെൽ മാത്രമാണ് അവരുടെ നിരയിൽ മികച്ച പ്രകടനം നടത്തിയത്. ബൗൺസും ചെറിയ ബൗണ്ടറികളും ഹോൾക്കർ സ്റ്റേഡിയത്തിലെ പിച്ചിൽ വലിയ സ്കോർ തന്നെയാണ് പ്രതീക്ഷിക്കുന്നത്. സ്കോറിങ് നിയന്ത്രിക്കാൻ ബൗളർമാർ കഠിനാധ്വാനം ചെയ്യേണ്ടിവരും.