Published:24 January 2023
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്ന സമൂഹമായിരുന്നു നമ്മുടേത്. 2014-ല്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ''മൂന്നാം ലിംഗഭേദം'' ആയി സുപ്രീം കോടതി അംഗീകരിച്ചതോടെ സമൂഹത്തിലും അവര്‍ക്ക് സ്വീകാര്യത ലഭിച്ചു തുടങ്ങി. വിവേചനങ്ങള്‍ക്കെതിരെ പോരാടി വിവിധ മേഖലകളില്‍ സ്വന്തം കയ്യൊപ്പ് പതിച്ച ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ ഒരുപാട് പേര് ഇന്ന് ലോകത്തുണ്ട്. അങ്ങനെയൊരു മുഖമാണ് പ്രണിത് ഹതെ, ഇപ്പോള്‍ ഗംഗ എന്ന പേരിലറിയപ്പെടുന്ന മറാത്തി നടി.
ചെറുപ്പകാലം തൊട്ട് സ്വപ്നം കണ്ട ജീവിതം സാധ്യമായതിന്റെ ആഹ്ളാദത്തിലാണിന്ന് ഗംഗ. തന്റെ സ്വത്വം മറച്ചു വച്ച് ആണുടലിനുള്ളില്‍ പെണ്ണായി ജീവിക്കേണ്ടി വരുക എന്നത് ജീവന്മരണ പോരാട്ടമായിരുന്നു എന്നവര്‍ പറയുന്നു. ആഗ്രഹിച്ച ജീവിതം യാഥാര്‍ത്ഥ്യമായതിന്റെ കൗതുകവും ലഹരിയും ഗംഗയുടെ വാക്കുകളില്‍ നിറയുന്നു.
സ്ത്രീത്വം ആഘോഷിക്കുകയാണ് ഗംഗ. ഗംഗയ്ക്കിത്, ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞു നേടിയെടുത്ത സ്വാതന്ത്ര്യമാണ്. സെലിബ്രിറ്റി അല്ലെങ്കില്‍ ഒരു അഭിനേത്രി എന്ന നിലയില്‍ പ്രശസ്തയാണെങ്കിലും മറക്കാനാവാത്ത ഒരുപാട് ദുരനുഭവങ്ങള്‍ മറികടക്കേണ്ടി വന്നിട്ടുണ്ട്. ഗംഗ ജീവിതം പറയുന്നു, മെട്രൊ വാര്‍ത്തയോട്...
നഷ്ടപ്പെട്ട ബാല്യം
'സ്കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളെ പോലെ തനിക്കും മുടി കെട്ടണം, ഡ്രസ് ചെയ്യണം, വളകള്‍ അണിയണം, പൊട്ട് തൊടണം' എന്നൊക്കൊയിരുന്നു മനസില്‍. എന്നാല്‍ വീട്ടുകാര്‍ തീര്‍ത്തും എതിരായിരുന്നു. ''എന്തിനും ഏതിനും എന്നെയാണ് വഴക്കു പറയുമായിരുന്നത്. എന്നെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഒറ്റയ്ക്കിരുന്ന് കരയാത്ത ദിനങ്ങള്‍ കുറവായിരുന്നു. സ്കൂളില്‍ മറ്റു കുട്ടികള്‍ ഒരുപാട് പരിഹസിക്കും, അവഹേളിക്കും. ടൊയ്ലറ്റില്‍ പോകാന്‍ പോലും സഹപാഠികളായ ആണ്‍കുട്ടികള്‍ സ്വാതന്ത്ര്യം തന്നിരുന്നില്ല. പല വിദ്യാര്‍ത്ഥികളും ആ സമയത്ത് ലൈംഗികമായി ഉപദ്രവിച്ചിരുന്നു.'' വേദനിക്കുന്ന ഓര്‍മകള്‍ അവര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
പിന്നെയും ജീവിതത്തില്‍ ദുരനുഭവങ്ങളുണ്ടായി. അതൊരു അടുത്ത ബന്ധുവില്‍ നിന്നായിരുന്നു. 'വീട്ടില്‍ വരാറുള്ള ഒരു 'അങ്കിള്‍' നാലാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ എന്നെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു. അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു, പിന്നീട് വലുതായപ്പോള്‍ എല്ലാം തിരിച്ചറിഞ്ഞു. എനിക്കെന്റെ ബാല്യം മുഴുവനായുമാണ് നഷ്ടപ്പെട്ടത്. ജീവിതത്തില്‍ ഇപ്പോള്‍ എല്ലാം കൈവരുമ്പോഴും എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതായിരുന്നു ഗംഗയുടെ ഉത്തരം. ബാല്യം മുഴുവനും പരിഹാസങ്ങളും പീഡനവും നിറഞ്ഞതായിരുന്നു. അതേസമയം കോളേജ് പഠനകാലത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല, ഒരുവിധം എല്ലാവരും തന്നെ എന്നെ ഉള്‍ക്കൊണ്ടിരുന്നു, ഗംഗ പറയുന്നു.
അംഗീകാരങ്ങളുടെ കാലം
പതുക്കെ പതുക്കെ വീട്ടുകാരും ഗംഗയെ അംഗീകരിച്ചു തുടങ്ങി. 2015-ലാണ് ഗംഗ തീര്‍ത്തുമൊരു ട്രാന്‍സ്ജെന്‍ഡറായത്. ആ വര്‍ഷം തന്നെ ഒരു ഹിന്ദി ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു. അതൊരു വഴിത്തിരിവായി മാറി. വളരെ മികച്ച പ്രതികരണമാണ് ആ ഹൃസ്വചിത്രത്തിന് ലഭിച്ചത്. കൂടാതെ ചില മറാത്തി സീരിയലിലും അഭിനയിച്ചു. സീ യുവ എന്ന മറാത്തി ചാനലില്‍ യുവ ഡാന്‍സിംഗ് ക്യൂന്‍സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാകാന്‍ അവസരം ലഭിച്ചതോടെ സിനിമാലോകത്തേക്കും കടക്കാന്‍ കഴിഞ്ഞുവെന്ന് ഗംഗ പറയുന്നു.
മാര്‍ച്ചില്‍ റിലീസാകുന്ന അക്ഷത് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഹഡി എന്ന ഹിന്ദി സിനിമയില്‍ മികച്ചൊരു വേഷം ചെയ്തതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ഗംഗ. ഈ ചിത്രത്തില്‍ ഇലാ അരുണ്‍, അനുരാഗ് കശ്യപ്, നവാസുദ്ദീന്‍ സിദ്ദിക്കി എന്നിവരോടൊപ്പം അഭിനയിക്കാനായത് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. അവരില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു.
ട്രാന്‍സ്ജെന്‍ഡറുകളെ സമൂഹം മനസിലാക്കണം
ട്രാന്സ്ജെന്ഡറുകള് നല്ല ഭാഷ ഉപയോഗിക്കുന്നില്ല എന്നതാണ് അവരെക്കുറിച്ചുള്ളൊരു പരാതി. എന്നാല്‍ അവരെ എല്ലാവരും വളരെ മോശം ഭാഷയിലാണ് വിളിക്കുന്നത്. അതുകൊണ്ടാണ് അവരും അത്തരത്തില്‍ പ്രതികരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകളെ വെറും ലൈംഗിക തൊഴിലാളികളായാണ് പലരും കാണുന്നത്. ക്രൂരതയാണത്. അവരെ സമൂഹം ഉള്‍ക്കൊള്ളണം. കൂടെ നിര്‍ത്തിയില്ലെങ്കിലും അകറ്റി നിര്‍ത്തരുത്, അവരുടെ മാനസികാവസ്ഥ കൂടി എല്ലാവരും മനസിലാക്കണം, ഗംഗ പറയുന്നു.
മുംബൈയില്‍ അമ്മയോടൊപ്പമാണ് ഗംഗ താമസിക്കുന്നത്. 'അമ്മയെ ഒരു റാണിയെ പോലെ എനിക്ക് വാഴിക്കണം. എന്റെ എല്ലാമെല്ലാമാണ് അമ്മ. ഏഴ് വര്‍ഷം മുമ്പ് അച്ഛന് മരണപ്പെട്ടു. പിന്നീട് അമ്മയാണ് എല്ലാ കാര്യങ്ങളും നോക്കിയത്. ഒരുപാട് സാമ്പത്തിക പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയപ്പോഴും അമ്മ എന്നെ സംരക്ഷിച്ചു. ഇനിയുള്ള കാലം നല്ലൊരു ജീവിതം അമ്മയ്ക്ക് കൊടുക്കണമെന്നാണ് ആഗ്രഹം. അമ്മയുടെ മകനായാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ഒരു മകന് എന്ന നിലയില്‍ ചെയ്യേണ്ട പല കാര്യങ്ങളും എനിക്ക് ചെയ്യണം, ഞാനിപ്പോള്‍ ഒരു സ്ത്രീയായി മാറിയെങ്കിലും...' ഗംഗ പറയുന്നു.
ഇനിയും ഉയരങ്ങളിലേക്ക്
ഒരു നായികയായി സിനിമയില്‍ അഭിനയിക്കുക എന്നതാണ് ഗംഗയുടെ ഏറ്റവും വലിയ സ്വപ്നം. ചെറുപ്പം മുതലേ ഡാന്‍സും അഭിനയവും മാത്രമായിരുന്നു മനസില്‍. അതുകൊണ്ടു തന്നെ ഈ രംഗത്ത് എത്താനായതൊരു വലിയ ഭാഗ്യമായി കരുതുന്നു. ഗംഗ അഭിനയിച്ച ആദ്യ മുഴുനീള ഹിന്ദിസിനിമ ഹഡി മാര്‍ച്ചില്‍ റിലീസ് ചെയ്യും. കൂടാതെ 3 ഹിന്ദി ചിത്രങ്ങളുടെ ഷൂട്ടിങ്ങിലാണ് ഗംഗ. ഹഡിയില് ട്രാന്‍സ്ജെന്‍ഡറായ ഒരു ഡോക്ടറുടെ അതിപ്രാധാന്യമുള്ള കഥാപാത്രമാണ് ചെയ്യുന്നത്. ട്രാന്‍സ്ജെന്‍ഡറുകളുടെ ശരിയായ ജീവിതമാണ് ഫ്രെയ്മില് കാണിച്ചിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ ട്രാന്‍സ്ജെന്‍ഡര്‍ കഥ പറഞ്ഞ എല്ലാ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കഥ. അതു പ്രേക്ഷകര്‍ക്ക് ചിത്രം കാണുമ്പോള്‍ മനസിലാവും, ഗംഗ ഉറപ്പിക്കുന്നു. ഹിന്ദിയില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ കൂടി അഭിനയിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടെന്നു ഗംഗ പറയുന്നു. കേരളം കാണണമെന്ന മോഹവുമുണ്ട്. കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞു. പക്ഷേ കേരളവുമായി യാതൊരു ബന്ധവുമില്ല, ഗംഗ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ജോലികളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് സംവരണം ആവശ്യമാണെന്ന് ഗംഗ പറയുന്നു. തന്റെ സമൂഹത്തിലുള്ളവര്‍ക്ക് ഉയര്‍ന്നു വരണമെങ്കില്‍ സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തണം. പോലീസ് സേന, റെയില്‍വേ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ട്രാന്‍സ് സമൂഹം എത്തുന്നതോടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറും. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അവര്‍ വ്യക്തമാക്കി.
'They laugh at me because I am DIFFERENT and i laugh at them because they all are SAME.'
ഒന്നര മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയാന്‍ നേരത്ത് ഗംഗ പറഞ്ഞ വാക്കുകള്‍. പലരും ട്രാന്‍സ് സമൂഹത്തെ പരിഹസിക്കുകയും അപഹസിക്കുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ ഗംഗയെ പോലെ നേട്ടങ്ങളുടെ കൊടുമുടി താണ്ടുന്നുണ്ട് ട്രാന്‍സ് സമൂഹത്തില്‍ പലരും. അതുകൊണ്ടുതന്നെ ട്രാന്‍സ് സമൂഹത്തെ കൂടെ നിര്‍ത്താം, അറിയാന്‍ ശ്രമിക്കാം.