Published:24 January 2023
ഇൻഡോർ : മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യയ്ക്ക് മിന്നും ജയം. 90 റൺസിൻ്റെ ജയത്തോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 386 റൺസിൻ്റെ റൺമല പിന്തുടർന്ന കിവീസിന് 41.2 ഓവറിൽ 295 റൺസിൽ മുട്ടുമടക്കേണ്ടി വന്നു. ഇതോടെ 3-0 എന്ന നിലയിൽ ഇന്ത്യ പരമ്പര തൂത്തുവാരി.
100 പന്തിൽ 12 ഫോറും 8 സിക്സും ഉൾപ്പടെ 138 റൺസ് നേടിയ ഓപ്പണർ ഡെവൻ കോൺവെ മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും മറുഭാഗത്ത് നിന്ന ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ ഓരോന്നായി കിവീസിന് നഷ്ടമായിക്കൊണ്ടിരുന്നു. കിവീസിനായി ഹെൻറി നിക്കോൾസ് 40 പന്തിൽ 42 റൺസ് നേടി പുറത്തായി.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും നടത്തിയ വെടിക്കെട്ട് പ്രകടനത്തിൽ 212 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 85 പന്തിൽ 9 ഫോറും 6 സിക്സും ഉൾപ്പടെ 101 റൺസുമായി മൂന്ന് വർഷത്തിന് ശേഷം രോഹിത് ശർമ ഏകദിന സെഞ്ചുറി നേടിയപ്പോൾ 78 പന്തിൽ 13 ഫോറും 5 സിക്സും ഉൾപ്പടെ 112 റൺസുമായി ശുഭ്മാൻ ഗിൽ കിവീസ് ബൗളർമാരെ പഞ്ഞിക്കിട്ടു.
പിന്നീട് എത്തിയ വിരാട് കോലി സ്കോർ വേഗത കൂട്ടിയെങ്കിലും താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി കിവീസ് സ്കോർ ബോർഡ് തടുത്ത് നിർത്തി. പിന്നീട് എത്തിയ സൂര്യകുമാർ യാദവിനേയും പെട്ടെന്ന് ഡ്രെസിംഗ് റൂമിലേക്ക് തിരിച്ചയച്ചു.
അവസാന ഓവറുകളിൽ ഹാർദിക്ക് പാണ്ഡ്യ തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 350 കടന്നു. 38 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ 54 റൺസ് പാണ്ട്യ നേടി. ഹാർദിക്കിന് കൂട്ടായി ശാർദുൽ താക്കൂർ 17 പന്തിൽ 25 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ചഹാൽ രണ്ട് വിക്കറ്റും നേടി. ഇതോടെ ഒന്നാം സ്ഥാനക്കാരായിരുന്ന ന്യൂസീലൻഡ് മൂന്നാം സ്ഥാനത്തേക്ക് കാലിടറിയപ്പോൾ ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായി.