Published:25 January 2023
ലോകം ഇന്ത്യയെ ആദരവോടെ വീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വിവിധ ലോക ഫോറങ്ങളിലെ ഇന്ത്യയുടെ ഇടപെടലുകളിലൂടെ നല്ല മാറ്റമുണ്ടായിട്ടുണ്ട്. ലോകവേദിയില്‍ ഇന്ത്യ നേടിയെടുത്ത ആദരവ് അവസരങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഭാരതം ലോകത്തിലെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി മാറി. സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ കാലത്താണ് ഈ നേട്ടം കൈവരിച്ചതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. സര്‍ക്കാരിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയത്, രാഷ്ട്രപതി പറഞ്ഞു.
സ്ത്രീശാക്തീകരണവും ലിംഗസമത്വവും കേവലം മുദ്രാവാക്യങ്ങളല്ല. ബേഠി ബച്ചാവോ, ബേഠി പഠാവോ ക്യാംപെയ്നിലൂടെ എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാളത്തെ ഇന്ത്യയെ രൂപപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് സ്ത്രീകളാണെന്നതില്‍ സംശയമില്ലെന്നും രാഷ്ട്രപതി പ്രസംഗത്തില്‍ വ്യക്തമാക്കി.