ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:25 January 2023
ന്യൂഡൽഹി: ഒആർഎസ് ലായനിയുടെ പിതാവ് ദിലീപ് മഹലബിസ്, സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ്, തബല മാന്ത്രികൻ സക്കീർ ഹുസൈൻ എന്നിവരുൾപ്പെടെ ആറു പേർക്ക് പദ്മവിഭൂഷൺ. പിന്നണിഗായിക വാണി ജയറാം ഉൾപ്പെടെ ഒമ്പതു പേർക്ക് പദ്മഭൂഷൺ. നാലു മലയാളികൾ ഉൾപ്പെടെ 91 പേർക്കാണു പദ്മശ്രീ. ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, അപൂർവ വിത്തുകളുടെ സംരക്ഷകനും വയനാടൻ കർഷകനുമായ ചെറുവയൽ രാമൻ, ചരിത്രകാരൻ സി.ഐ. ഐസക്ക്, കളരിപ്പയറ്റ് വിദഗ്ധൻ എസ്.ആർ.ഡി. പ്രസാദ് എന്നിവരാണു പദ്മശ്രീ പട്ടികയിലെ മലയാളി സാന്നിധ്യം.
മുൻ കേന്ദ്ര മന്ത്രി എസ്.എം. കൃഷ്ണ, ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ വർധൻ, വാസ്തുശിൽപ്പി ബാലകൃഷ്ണ ദോഷി എന്നിവരാണു പദ്മവിഭൂഷൺ സമ്മാനിക്കപ്പെടുന്ന മറ്റുള്ളവർ. മുലായം, മഹലനബിസ്, ബാലകൃഷ്ണ ദോഷി എന്നിവർക്കു മരണാനന്തരമാണു പുരസ്കാരം.
വ്യവസായി കുമാർ മംഗലം ബിർള, നോവലിസ്റ്റ് എസ്.എൽ. ഭൈരപ്പ, സാമൂഹിക പ്രവർത്തക സുധ മൂർത്തി, തെലങ്കാനയിലെ രാമാനുജാചാര്യ ആശ്രമാധിപതി സ്വാമി ചിന്ന ജീയർ, ധ്യാനഗുരു കമലേഷ് ഡി. പട്ടേൽ തുടങ്ങിയവർക്കാണു പദ്മഭൂഷൺ ലഭിച്ചത്. രാകേഷ് ഝുൻഝുൻവാല (മരണാനന്തരം), സംഗീത സംവിധായകൻ കീരവാണി, നടി രവീണ ഠണ്ഡൻ, മണിപ്പുർ ബിജെപി അധ്യക്ഷൻ ടി.സി. സിങ് എന്നിവരും പദ്മശ്രീ ലഭിച്ചവരുടെ പട്ടികയിലുണ്ട്.
കല, സാമൂഹിക, സാംസ്കാരിക, ശാസ്ത്ര രംഗങ്ങളിൽ മുഖ്യധാരയുടെ അഭിനന്ദനങ്ങൾ ലഭിക്കാത്തവർക്കാണ് ഇത്തവണയും പുരസ്കാരപ്പട്ടികയിൽ പ്രാമുഖ്യം. കോളറ മൂലമുള്ള മരണനിരക്ക് 30 ശതമാനത്തിൽ നിന്നു മൂന്നു ശതമാനത്തിലേക്കു കുറയ്ക്കാൻ വഴിയൊരുക്കിയ ഒആർഎസ് ലായനിയുടെ പിതാവ് മഹലനബിസ് ഉൾപ്പെടെ പരിഗണിക്കപ്പെട്ടത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാകും പുരസ്കാര വിതരണം.