Published:25 January 2023
കേരളത്തിന്റെ നെല്ലച്ഛനാണു ചെറുവയല്‍ രാമന്. അപൂര്‍വമായ അനവധി നെല്‍വിത്തുകള്‍ സംരക്ഷിച്ചും, കൃഷിയിറക്കിയും അവയെ വരുംതലമുറയ്ക്കായി കാലങ്ങളായി സംരക്ഷിക്കുന്നു വയനാടിന്റെ ഈ കര്ഷകന്. അരിവണ്ടിക്കായി ആന്ധ്രയ്ക്കു കണ്ണുനട്ടിരിക്കുന്ന മലയാളിക്ക് മാനന്തവാടി കമ്മനയിലെ ചെറുവയല്‍ രാമനെന്ന ആദിവാസി കര്ഷകന് ഒരു പാഠമാണ്. കൃഷിയെന്ന വലിയ പാഠം തലമുറകള്‍ക്കു പകരുന്ന ചെറുവയല്‍ രാമനു പത്മശ്രീ പുരസ്കാരം ലഭിക്കുമ്പോള്‍ അതു കാര്‍ഷിക സംസ്കൃതിക്കുള്ള അംഗീകാരം കൂടിയായി മാറുന്നു.
അന്യമായിക്കൊണ്ടിരിക്കുന്ന നിരവധി നെല്‍വിത്തുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നു ചെറുവയല്‍ രാമന്. മണ്ണിന്റെ മര്‍മ്മമറിഞ്ഞ് കൃഷി ചെയ്യുന്നു. വെറുതെ കൃഷി ചെയ്ത് വിളവെടുത്ത് സമൃദ്ധമായ ജീവിതം നയിക്കുകയല്ല. വരും തലമുറയ്ക്കായി ആ വിത്തുകള്‍ കാക്കുക കൂടി ചെയ്യുന്നുണ്ട്. മണ്ണിനെ നശിപ്പിക്കുന്ന രാസവള പ്രയോഗങ്ങളില്‍ നിന്നും മാറി, മണ്ണിനോട് ഇണങ്ങുന്ന കൃഷിരീതികളിലൂടെയാണ് ജീവിക്കുന്നത്. കാലം നഷ്ടപ്പെടുത്തിയതാണ് ചെറുവയല്‍ രാമന് സുരക്ഷയുടെ പത്തായങ്ങളില്‍ കാത്തുകൊണ്ടിരിക്കുന്നത്.
പരീക്ഷണശാലകളില്‍ പിറവിയെടുക്കുന്ന വിത്തുകള്‍ക്ക് തനതുവിത്തുകളുടെ അരികത്തു പോലും എത്താന്‍ കഴിയില്ലെന്നു ചെറുവയല്‍ രാമന് പറയുമ്പോള്‍, അതില്‍ അനുഭവങ്ങളുടെ കരുത്തുണ്ട്. തനതു വിത്തുകള്‍ എത്രകാലം വരെയും സൂക്ഷിക്കാം. കൃഷിക്ക് ഉപയോഗിക്കാം. എന്നാല്‍ ലാബുകളില്‍ ജന്മകൊള്ളുന്ന വിത്തുകള്‍ക്ക് ഇതു സാധ്യമല്ല. അതിനൊപ്പം അദൃശ്യമായ ഒരു എക്സ്പയറി ഡേറ്റ് കൂടി ഉണ്ടാകുമെന്നു ചുരുക്കം. വയനാട്ടിലെ മാത്രം മുപ്പതിലധികം തരം നെല്‍വിത്തുകള്‍ ചെറുവയല്‍ രാമന് കാത്തു സൂക്ഷിക്കുന്നുണ്ട്.