12
May 2021 - 7:30 pm IST

Download Our Mobile App

Mollywood

drishyam-3-coming

ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് റെഡിയെന്ന് സംവിധായകൻ ജീത്തു ജോസഫ്

Published:23 February 2021

# ബിനീഷ് മള്ളൂശേരി

ദൃശ്യം-2 തീയേറ്ററിൽ വരണമെന്നായിരുന്നു ആഗ്രഹം. പക്ഷെ  ഓ.ടി.പി റിലീസ് ആയതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു. ഒരുപാടാളുകൾ ഇതിലൂടെ ചിത്രം കണ്ടു. സിനിമയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വരുന്ന എല്ലാ ട്രോളുകളും കാണാറുണ്ട്. പലതും രസകരമായി തോന്നാറുണ്ട്. ഇതുവരെ ചിന്തിക്കാത്ത കാര്യങ്ങളും പലരും കണ്ടെത്തിക്കണ്ടു. സന്തോഷം.

'ഫാമിലിയെ പ്രൊട്ടക്റ്റ് ചെയ്യാൻ ഞാൻ എന്തും ചെയ്യും അതിന് എന്റെ മുന്നിലുള്ളത് ശരികൾ മാത്രമേയുള്ളു' എന്ന കാരക്റ്റർ ആണ് ദൃശ്യം എന്ന സിനിമയിലെ നായകൻ ജോർജ് കുട്ടി. അതുകൊണ്ടുതന്നെ അയാൾ ചെയ്യുന്ന ശരിക്ക് വേണ്ടിയാണ് അയാൾ ചെയ്യുന്നതൊക്കെ ആ സിനിമയിൽ കാണിക്കുന്നതും. പക്ഷെ ഇന്ന് നമ്മുടെ സമൂഹത്തിൽ നന്മക്ക് വേണ്ടിയല്ലാത്ത കൊള്ളരുതായ്മകൾ നടക്കുന്നുണ്ട്. അദൃശ്യമായതും ഉണ്ട്.. സംവിധായകൻ ജീത്തു ജോസഫ് ദൃശ്യം-2 സിനിമയേക്കുറിച്ചു മനസുതുറന്നപ്പോൾ...

 'എന്റെ വീട്ടിൽ എന്റെ ആരെയെങ്കിലും ഉപദ്രവിക്കാൻ വന്നാൽ ഞാൻ കൊന്നുകളയും'  അതിലെനിക്ക് ഒരു സെന്റിമെൻസുമില്ല ചെയ്തിരിക്കും ജീത്തു പറയുന്നു. ദൃശ്യം-2 എന്ന തന്റെ സിനിമയെപ്പറ്റി പറയുന്നതിനിടയിൽ ജീത്തു ശരിക്കും ദൃശ്യത്തിലെ മനസിൽ നന്മയുള്ള  ജോർജ് കുട്ടിയായി മാറി. കാരണം എന്റെ മക്കൾ എന്റെ കോൺഫിഡൻസിലാണ് നിൽക്കുന്നത്. അപ്പൻ പ്രൊട്ടക്റ്റ് ചെയ്യും എന്ന  കോൺഫിഡൻസിൽ. അതിലെ തെറ്റോ ശരിയോ എന്നല്ല അത് അദൃശ്യമാണ്. ജീത്തു തുടർന്നു.  അതാണ് മനുഷ്യന്റെ ഒരു സ്വാർത്ഥത. എനിക്ക് പ്രിയപ്പെട്ടതെല്ലാം എനിക്ക് വലുതാണ്. അതൊരു വലിയ പ്രപഞ്ച സത്യമാണ്. 

തന്റെ സിനിമ ക്രിമിനൽ സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നുവോ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചാൽ എന്തായിരിക്കും എന്നിങ്ങനെയുള്ള വിമർശനങ്ങൾക്കുള്ള ജീത്തുവിന്റെ മറുപടിയായിരുന്നു ഇത്. സിനിമയെ യഥാർഥ ജീവിതവുമായി താരതമ്യം ചെയ്യരുത്. തീയേറ്ററിൽ ചെന്ന് സിനിമ കണ്ട് ആസ്വദിച്ചു ഇറങ്ങിപ്പോകുക. സിനിമയിൽ കാണുന്നത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ആരും അതിനൊന്നും മുതിരാതിരിക്കട്ടെ. സിനിമയിൽ ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടുമില്ല. 

ദൃശ്യം-2

സത്യസന്ധമായി പറഞ്ഞാൽ ദൃശ്യം-2 ചെയ്യാൻ പദ്ധതിയില്ലായിരുന്നു. ദൃശ്യത്തിനൊരു സെക്കൻഡ് പാർട്ട് ഉണ്ടാക്കാൻ പറ്റില്ലെന്നായിരുന്നു എന്റെ കാഴ്ചപ്പാട്. 2015ൽ പലരും കഥയുണ്ടാക്കാൻ തുടങ്ങിയപ്പോൾ ആന്റണി പെരുമ്പാവൂർ പറഞ്ഞു ചുമ്മാ ഒന്ന് ട്രൈ ചെയ്തുനോക്കാൻ. നോക്കിയപ്പോ കിട്ടി. 

ദൃശ്യത്തിലെ കഥാപാത്രമായ അസാധാരണത്വമുള്ള സാധാരണക്കാരനായ ജോർജ്‌കുട്ടിയുടെ ഐഡന്റിറ്റി കണ്ടിന്യൂറ്റി കൊണ്ടുവരിക എന്നത് പ്രയാസകരമായിരുന്നു. പല അവസ്ഥകളിലും പൊലീസിലും മറ്റുമുള്ള സുഹൃത്തുക്കൾ സഹായിച്ചു. ഫൊറൻസിക് വിദഗ്ധരുടെ ഇടപെടലുകളും, ഡിഎൻഎ ടെസ്റ്റ് നടത്തുന്ന രീതിപോലും കൃത്യമായി അറിഞ്ഞ ശേഷമാണ് ചെയ്തത്. ജസ്റ്റിസ് കെ.റ്റി തോമസ് വിളിച്ചു സംസാരിക്കുകവരെ ചെയ്തിട്ടുണ്ട്.

ദൃശ്യം-2 തീയേറ്ററിൽ വരണമെന്നായിരുന്നു ആഗ്രഹം. പക്ഷെ  ഓ.ടി.പി റിലീസ് ആയതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു. ഒരുപാടാളുകൾ ഇതിലൂടെ ചിത്രം കണ്ടു. സിനിമയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വരുന്ന എല്ലാ ട്രോളുകളും കാണാറുണ്ട്. പലതും രസകരമായി തോന്നാറുണ്ട്. ഇതുവരെ ചിന്തിക്കാത്ത കാര്യങ്ങളും പലരും കണ്ടെത്തിക്കണ്ടു. സന്തോഷം.

സിനിമ പെട്ടെന്നങ്ങ് തീർന്നുപോയതായി പലരും പരാതി പറഞ്ഞു. സിനിമയിൽ കാഴ്ചക്കാരന് അറിയാനുള്ള ഒരു കാര്യം എന്താണോ അതറിഞ്ഞുകഴിഞ്ഞാൽ പിന്നെ വലിച്ചുനീട്ടരുത്. അതാണ് പെട്ടെന്ന് തീർത്തത്. അതൊരു കുഴപ്പമായിട്ട് എനിക്ക് തോന്നിയില്ല. പക്ഷെ അങ്ങനെ തോന്നിയവരുണ്ട്. 

എന്തുകൊണ്ടാണ് സിനിമയിൽ ജോർജ്‌കുട്ടിയുടെ വീടിന്റെ ജനലിന്റെ വാതിലുകൾ അടക്കാത്തത്? 

എസിയില്ലാത്ത പല വീടുകളിലും ഇപ്പോഴും ചൂട് സമയത്തു രാത്രി ജനാലകൾ തുറന്നിട്ടാണ് ആളുകൾ ഉറങ്ങുന്നത്. ഉദാഹരണത്തിന് എന്റെ വീട്ടിലും കുട്ടികൾ ചെയ്യാറുണ്ട്. അല്ലെങ്കിൽ ഇങ്ങനൊരു വിഷ്വലിന് വേണ്ടി ഡയറക്റ്റർ തുറന്നിട്ടതാണെന്നും കരുതിക്കോളൂ.. പിന്നെ ജോർജ് കുട്ടിയുടെ വീട്ടിൽ ചെന്നാൽ തല്ലിക്കൊന്ന് കുഴിച്ചുമൂടും എന്ന പേടി മറ്റുള്ളവർക്കുണ്ടെന്ന കോൺഫിഡൻസ് ഉള്ളതുകൊണ്ടുമാവാം എന്ന രസകരമായ ഉത്തരമായിരുന്നു ജീത്തുവിന്റേത്. 

പുതിയ മുഖങ്ങൾ:

സഹദേവൻ എന്ന കഥാപാത്രത്തിനായി ഷാജോണിനെ ആദ്യ സിനിമയിൽ തെരഞ്ഞെടുത്തതുപോലെ തന്നെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് കണ്ടാണ് രണ്ടാം ഭാഗത്തിൽ മുരളി ഗോപിയെ ഐ.ജിയായി തെരഞ്ഞെടുത്തത്. നല്ല കഴിവുകളുള്ള ഒരുപാട് കോമഡി ആർട്ടിസ്റ്റുകൾ നമുക്കുണ്ട്. പക്ഷെ ടിവിയിലായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് സിനിമയിൽ തഴയപ്പെട്ടവരുണ്ട്. ഞാനവരെയൊക്കെ എടുക്കാറുണ്ട്. ഇത്തവണ നാട്ടിൻപുറത്തെ ഓട്ടോക്കാരടക്കം ഉള്ളവർ പുതുമുഖങ്ങളാണ്. കാരണം എല്ലാവർക്കും അവസരങ്ങൾ കിട്ടട്ടെ. ഇങ്ങനെയാണ് നീരജ് മാധവ് മെമ്മറീസ് എന്ന ചിത്രത്തിൽ വന്നതും പിന്നീട് ദൃശ്യത്തിലൂടെ സിനിമയിലേക്ക് കടന്നുവന്നതും. എന്നുവെച്ച് പുതുമുഖങ്ങളെ മാത്രം വച്ച് ഒരു സിനിമയെടുക്കാൻ പറഞ്ഞാൽ അതിനുള്ള കോൺഫിഡൻസ് എനിക്കായിട്ടുമില്ല. എങ്കിലും എത്രയോ പേരെടുക്കുന്നു. അങ്ങനെയുള്ള മാറ്റങ്ങൾ വരണം പുതിയപുതിയ പ്രതിഭകൾക്ക് അവസരം നൽകണം. ദൃശ്യം രണ്ടിലേത് മുരളി ഗോപി ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല കാരക്റ്ററാണെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ എല്ലാവരും വരട്ടെയെന്ന് ജീത്തു പറയുന്നു. 

ദൃശ്യം രണ്ടിൽ സഹദേവനെവിടെ?

രണ്ടുരീതിയിലേ രണ്ടാം പാർട്ടിൽ സഹദേവനെന്ന കഥാപാത്രത്തെ കൊണ്ടുവരാൻ സാധിക്കൂ. ഒന്നുകിൽ ഒരു പൊലീസുകാരനായിട്ട്. അങ്ങനെ കൊണ്ടുവന്നാൽ ഒരു പെൺകുഞ്ഞിനെ തല്ലിയിട്ട് വല്യ പ്രശ്നമായി അതിന്റെ പേരിലാണ് സഹദേവൻ സസ്പെൻഷനിലായത്. ഇപ്പോൾ അന്യോഷണം നടക്കുമ്പോൾ അയാളെ ഒരിക്കലും പൊലീസ് മുൻ നിരയിലോ അന്യോഷണ സംഘത്തിലോ കൊണ്ടുവരില്ല കാരണം ജനങ്ങൾ ചോദിക്കും. അതുകൊണ്ട് അത് പ്രായോഗികമല്ല. പിന്നെയുള്ളത് സഹദേവന് വ്യക്തിപരമായി വരാം. വന്നാൽ അതിനൊരു പ്രത്യേക ട്രാക്ക് വേണം. അങ്ങനെ വന്നാൽ സിനിമയുടെ ട്രാക്ക് മാറും. സഹദേവൻ വന്നാൽ ജോർജ്‌കുട്ടി ഫൈറ്റ് ചെയ്യുന്നത് വെറുമൊരു സാധാരണ പൊലീസുകാരനോടായിരിക്കും. ഇവിടെ ഫൈറ്റ് ചെയ്യുന്നത് പൊലീസ് ഡിപ്പാർട്ട്മെന്റിനോടും സിസ്റ്റത്തിനോടുമാണ്. 

ദൃശ്യം ഒന്നിലേക്ക് വന്ന വഴി:

ബാക്ക് റ്റു ബാക്ക് ഇൻവെസ്റ്റിഗേഷൻ ചെയ്യാൻ താത്പര്യമില്ലാത്ത ഒരാളാണ് ഞാൻ. ഡിറ്റക്റ്റീവ് ചെയ്തശേഷം മെമ്മറീസിന്റെതും മമ്മി ആൻഡ് മീ യുടെയും സ്ക്രിപ്റ്റ് കയ്യിലുണ്ട് ആ സമയം. രണ്ടരവർഷം ഞാൻ നടന്നു മെമ്മറീസ് മാറ്റിവച്ചിട്ട് മമ്മി ആൻഡ് മീ ചെയ്യുവാനായി. ജീത്തു പറയുന്നു. ബാക്ക് റ്റു ബാക്ക് ഇൻവെസ്റ്റിഗേഷൻ ചെയ്‌താൽ ശരിയാവില്ലാന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഡിറ്റക്റ്റീവിന് എനിക്ക് ചെറുപ്പക്കാരായ പ്രേക്ഷകരെ കിട്ടി ഫാമിലിയെ കിട്ടിയില്ല. മമ്മി ആൻഡ് മീയിൽ കുടുംബ പ്രേക്ഷകരെ കിട്ടി. അതുകഴിഞ്ഞപ്പോ മൈ ബോസ് ചെയ്തു. അതിനുശേഷമാണ് മെമ്മറീസ് ചെയ്യുന്നത്. ശരിക്കും മൈ ബോസ് നടക്കുന്നതിന് മുൻപ് തന്നെ ഞാൻ ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് എഴുതി വച്ചിരുന്നു. സത്യത്തിൽ അതെഴുതിയത് അസോസിയേറ്റിനു വേണ്ടിയാണ്. പക്ഷെ അദ്ദേഹത്തിന് അതൊരു പ്രൊജക്റ്റ് ആക്കാൻ പറ്റാതെ വരികയും തിരികെ ഞാൻ തന്നെ അതേറ്റെടുക്കുകയുമായിരുന്നു. ലാലേട്ടനുമായി സംസാരിക്കുകയും ദൃശ്യത്തിന് ഡേറ്റ് തരികയും ചെയ്തു. ഇതോടെ മെമ്മറീസിന് പിന്നാലെ ദൃശ്യവും കടന്നുവന്നു.  ബാക്ക് റ്റു ബാക്ക് ഇൻവെസ്റ്റിഗേഷൻ ഇഷ്ടമില്ലെങ്കിലും അങ്ങനെ ആയിപ്പോയി.

ദൃശ്യം-3ന്റെ ക്ലൈമാക്സ് എന്റെ കയ്യിലുണ്ട്:  

ദൃശ്യം-3ന്റെ കാര്യം പറഞ്ഞാൽ നല്ല ഒരു ഐഡിയ കിട്ടിയാൽ ഞാനത് ചെയ്യും. പക്ഷെ അതൊരു ബിസിനസായി കണ്ട് ഞാൻ ചെയ്യില്ല. അനുയോജ്യമായ കഥ വരുമ്പോൾ തീർച്ചയായും ചെയ്യും. സത്യത്തിൽ ദൃശ്യം-3 യുടെ ക്ളൈമാക്സ് എന്റെ കയ്യിലുണ്ട്. പക്ഷെ ക്ലൈമാക്സ് മാത്രമേയുള്ളു വേറൊന്നുമില്ലെന്ന് ചിരിച്ചുകൊണ്ട് ജീത്തു പറയുന്നു. ഇക്കാര്യം ലാലേട്ടനുമായി സംസാരിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷെ ഈ ക്ളൈമാക്‌സിലേക്കെത്തിക്കണമെങ്കിൽ ഒരുപാട് സംഭവങ്ങൾ വരണം. അതുകൊണ്ട് നടക്കണമെന്ന് നിർബന്ധമൊന്നുമില്ല എങ്കിലും ട്രൈ ചെയ്തുനോക്കും. ആന്റണി പെരുമ്പാവൂരിനോട് ആറുവർഷമെടുക്കുമെന്നാണ് പറഞ്ഞത് എങ്കിലും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും എടുക്കും. 

രാഷ്ട്രീയത്തോടും രാഷ്ട്രീയ സിനിമകളെടുക്കുന്നതിനോടും:

രാഷ്ട്രീയത്തോടും രാഷ്ട്രീയ സിനിമകളെടുക്കുന്നതിനോടും വലിയ താത്പര്യമില്ല. അതിലൊരു കാര്യമുണ്ട്. എന്റെ വീട്ടിൽ പലരും വന്നുപോകും. പിതാവുമായി സംസാരിക്കും(മുൻ എം.എൽ.എ അന്തരിച്ച വി.വി ജോസഫ്). അപ്പോൾ വന്നവർ ചിരിച്ചുകാണിച്ചു പോകും. പിന്നീട് പുറത്തുവച്ചു ഇവരെക്കണ്ട് ചിലപ്പോ ഞാൻ ചിരിച്ചുകാണിച്ചാലും അവർ ചിരിക്കാതെ പോകും. കാരണം അന്യോഷിക്കുമ്പോൾ പിതാവ് പറയും പുള്ളി പറഞ്ഞ കാര്യം നടത്തിക്കൊടുക്കാൻ പറ്റിയില്ല അതാണെന്ന്. പ്രശ്നം പത്തുകാര്യം ചെയ്തുകൊടുത്താലും പതിനൊന്നാമത്തെ കാര്യം ചെയ്തില്ലെങ്കിൽ ശത്രുവാകും. അധികാരം ഉണ്ടെങ്കിലേ നമ്മുടെ കൂടെ ആളുള്ളൂ. അതാണ് രാഷ്ട്രീയത്തിന്റെ പ്രശ്നം. അതുകൊണ്ട് എനിക്ക് സെറ്റാകുന്ന ഒരു ഫീൽഡ് എന്നുകരുതി തന്നെ ഞാനതങ്ങൊഴിവാക്കി. പക്ഷെ ഒരു സത്യമെന്താണെന്നറിയോ.. സിനിമയും ഇതുപോലൊക്കെ തന്നെയാ.

വിജയം ഉണ്ടെങ്കിലേ നമ്മുടെ കൂടെ ആളുള്ളൂ. അല്ലെങ്കിൽ ഇല്ല. നാടിന് ഗുണകരമായി ചെയ്യാൻ കഴിവുള്ള വ്യക്തികളെ നോക്കിയാണ് ഞാൻ വോട്ട് ചെയ്യുന്നത്. അതിൽ പാർട്ടി നോക്കാറില്ല. പ്രത്യേകിച്ച് ഒരു പാർട്ടിയിലും വിശ്വാസമില്ല. അതുകൊണ്ടുതന്നെ ആരുടെ കഥയെടുത്തിട്ട് സിനിമ ചെയ്യും. രാഷ്ട്രീയപരമായി ഒരു സിനിമ ചെയ്‌താൽ എല്ലാ പാർട്ടിക്കാരും എനിക്കെതിരാവുകയേ ഉള്ളു. അതുകൊണ്ട് തൽക്കാലം സമാധാനപരമായി ജീവിച്ചു പോകാം. ഇപ്പോൾ സിനിമയിൽ നിന്നും ആളുകൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ടെങ്കിൽ അതവർക്ക് ഗുണം ചെയ്യുമായിരിക്കാം അതുകൊണ്ട് മലയാളസിനിമയ്ക്ക് ഗുണമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. നിലവിലെ രാഷ്ട്രീയ സ്ഥിതിയെപ്പറ്റിയും ജീത്തു പറഞ്ഞുവച്ചു. 

ജീത്തു ജോസഫ് ദൃശ്യത്തിലൂടെ നൽകിയ കഥാപാത്രങ്ങളുടെ ഒന്നും രണ്ടും ഭാവങ്ങൾ പ്രേക്ഷകർ കണ്ടുകഴിഞ്ഞു എന്തായിരിക്കാം ഇനിയുള്ള മൂന്നാം ഭാവം എന്ന് കാത്തിരിക്കാം.


വാർത്തകൾ

Sign up for Newslettertop