21
June 2021 - 12:01 pm IST

Download Our Mobile App

Special

പേരക്കുട്ടി പെൺ‌കുട്ടി; ഹെലികോപ്റ്റർ യാത്രയും പുഷ്പവൃഷ്ടിയുമായി കുടുംബം

Published:24 April 2021

രാമനവമി ദിവസത്തിലെ ശുഭമുഹൂർത്തത്തിൽ കുട്ടിയെ ആദ്യമായി സ്വന്തം വീട്ടിലെത്തിക്കണമെന്നായിരുന്നു കുംഹർ കുടുംബാംഗങ്ങളുടെ ആഗ്രഹം. എന്നാൽ, വരുന്നത് രാജകുമാരിയായിരിക്കണമെന്നും അവർ നിശ്ചയിച്ചു. തുടർന്നാണ് 20 മിനിറ്റ് നീണ്ട കോപ്റ്റർ യാത്രയ്ക്ക് കളമൊരുങ്ങിയത്

ജയ്പുർ: മൂന്നര പതിറ്റാണ്ടിനു ശേഷം കുടുംബത്തിൽ പിറന്ന ആദ്യ പെൺകുഞ്ഞിനെ  കുടുംബം വരവേറ്റത് ഹെലികോപ്റ്റർ യാത്രയും പുഷ്പവൃഷ്ടിയുമൊരുക്കി. രാജസ്ഥാനിലെ നഗൗറിൽ മദൻലാൽ കുംഹറിന്‍റെ കുടുംബമാണു രണ്ടു മാസം പ്രായമുള്ള റിയയുടെ വീട്ടിലേക്കുള്ള ആദ്യ യാത്രയ്ക്കായി  നാലര ലക്ഷം രൂപ ചെലവിൽ കോപ്റ്റർ വാടകയ്ക്കെടുത്തത്.30 കിലോമീറ്റർ അകലെയുള്ള അമ്മയുടെ വീട്ടിൽ നിന്നായിരുന്നു റിയയുടെ ആകാശയാത്ര.

രാമനവമി ദിവസത്തിലെ ശുഭമുഹൂർത്തത്തിൽ കുട്ടിയെ ആദ്യമായി സ്വന്തം വീട്ടിലെത്തിക്കണമെന്നായിരുന്നു കുംഹർ കുടുംബാംഗങ്ങളുടെ ആഗ്രഹം. എന്നാൽ, വരുന്നത് രാജകുമാരിയായിരിക്കണമെന്നും അവർ നിശ്ചയിച്ചു. തുടർന്നാണ് 20 മിനിറ്റ് നീണ്ട കോപ്റ്റർ യാത്രയ്ക്ക് കളമൊരുങ്ങിയത്. ഗ്രാമത്തിലെ വയലിൽ സജ്ജമാക്കിയ കൃഷിയിടത്തിലിറങ്ങിയ കോപ്റ്ററിൽ നിന്ന്  അമ്മയുടെ തോളിലേറി അച്ഛൻ ഹനുമാൻ റാം പ്രജാപതിനൊപ്പം പുറത്തുവന്ന റിയയെ കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം ചേർന്നു പുഷ്പവൃഷ്ടികളോടെയും പ്രാർഥനകളോടെയുമാണ് വീട്ടിലേക്ക് സ്വീകരിച്ച് ആനയിച്ചത്. മകളെ രാജകുമാരിയായി  സ്വീകരിക്കണമെന്ന റാം പ്രജാപതിന്‍റെ ആഗ്രഹത്തിന് പിന്തുണ നൽകിയ ജില്ലാ അധികൃതർ ഗ്രാമത്തിൽ ഹെലിപ്പാഡ് ഒരുക്കാൻ അനുമതി നൽകുകയായിരുന്നു.

പെൺകുഞ്ഞുങ്ങളുണ്ടാകുന്നത് ഉത്സവം പോലെ ആഘോഷിക്കുകയാണു വേണ്ടതെന്ന സന്ദേശം എല്ലാവരിലുമെത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നു റാം പ്രജാപത്. പെൺകുട്ടികളോടു വിവേചനം പാടില്ലെന്നും റാംപ്രജാപത് പറയുന്നു. റിയയ്ക്കു നൽകിയ വരവേൽപ്പ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും പെൺകുട്ടികളോടു തുടരുന്ന വിവേചനങ്ങൾക്ക് അവസാനം കുറിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മദൻലാൽ കുംഹർ.


വാർത്തകൾ

Sign up for Newsletter



top