25
June 2021 - 3:18 am IST

Download Our Mobile App

Flash News
Archives

Trends

daina

ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം 25 വർഷത്തിന് ശേഷം പ്രദർശനത്തിന്

Published:01 May 2021

മനോഹരമായ ഈ വസ്ത്രം അതിന്‍റെ ഫാഷൻ എന്നതിലപ്പുറം റോയൽ കോഡുകൾ ലംഘിച്ചു എന്ന കാരണത്താലും വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി ഡയാന രാജകുമാരിയുടെ വിവാഹവസ്ത്രം പൊതുജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുകയാണ് കെൻസിങ്‌സ്ടണ്‍ പാലസ്. ഹാരി രാജകുമാരന്‍റെയും വില്യം രാജകുമാരന്‍റെയും നിര്‍ദേശമനുസരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്. വെസ്റ്റ് ലണ്ടനില്‍ ഡയാന അവസാനമായി ജീവിച്ചിരുന്ന വസതിയിലാണ് വസ്ത്രം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ജൂണ്‍ മുതലായിരിക്കും പ്രദര്‍ശനം തുടങ്ങുക. ഹിസ്റ്റോറിക്ക് റോയല്‍ പാലസ് വെബ്‌സൈറ്റിലാണ് പ്രദര്‍ശന വിവരം പുറത്തുവിട്ടിരിക്കുന്നത്.

വസ്ത്രത്തെ പറ്റിയുള്ള വിവരണവും വെബ്‌സൈറ്റ് നല്‍കുന്നുണ്ട്. കൊട്ടാരത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മനോഹരമായ വിവാഹവസ്ത്രമാണ് ഡയാന ധരിച്ച ടഫേറ്റ ഡ്രസെന്നാണ് സൈറ്റില്‍ പറയുന്നത്. ഗൗണിന്‍റെ മധ്യഭാഗത്തായി ഫിറ്റഡ് ബോഡീസ് നല്‍കിയിട്ടുണ്ട്. കൂടാതെ ഇരുവശങ്ങളിലേക്കുമായി ഭർത്താവിന്‍റെ അമ്മൂമ്മയായ മേരി രാജ്ഞി ഉപയോഗിച്ച കരിക്മാക്രോസ് ലെയ്സും ഘടിപ്പിച്ചിട്ടുണ്ട്.

അതുപോലെ നെറ്റില്‍ പ്രത്യേക രീതിയില്‍ എംബ്രോയിഡറി ചെയ്‌തെടുക്കുന്ന ലേസുകള്‍ ഗൗണിനെ മനോഹരമാക്കുന്നു. ബ്രിട്ടീഷ് ഫാഷൻ ഡിസൈനർമാരായ ഡേവിഡും എലിസബത്ത് ഇമ്മാനുവേലുമായിരുന്നു ഈ മനോഹരമായ ഡ്രസ് ഡിസൈൻ ചെയ്തിരുന്നത്. 1981ൽ വെയ്ൽസ് രാജകുമാരനായ പ്രിൻസ് ചാൾസുമായുള്ള തന്‍റെ വിവാഹ ദിവസമാണ് ഡയാന രാജകുമാരി ഈ തൂവെള്ള വസ്ത്രം ധരിച്ചത്. മനോഹരമായ ഈ വസ്ത്രം അതിന്‍റെ ഫാഷൻ എന്നതിലപ്പുറം റോയൽ കോഡുകൾ ലംഘിച്ചു എന്ന കാരണത്താലും വാർത്തകളിൽ ഇടം നേടിയിരുന്നു.

വസത്രത്തിന്‍റെ നീളം (ടെയിൻ) കൊണ്ടാണ് അത് ഡ്രസ് കോഡ് നിയമങ്ങൾ തെറ്റിച്ചത്. ബ്രിട്ടീഷ് രാജകീയ ചരിത്രത്തിൽ ഇതുവരെ ആരും ഇത്ര നീളം കൂടിയ വസ്ത്രങ്ങൾ പിൽക്കാലത്തും ധരിച്ചിട്ടില്ല. 1995ൽ കെൻസിങ്ടൺ കൊട്ടാരത്തിൽ തന്നെ ഈ ഗൗൺ പ്രദർശിപ്പിച്ചിരുന്നു. 25 അടിയാണ് ഡയാന രാജകുമാരിയുടെ ഈ ഐകോണിക് വസ്ത്രത്തിന്‍റെ നീളം. സെന്‍റെ പോൾ കത്തീഡ്രലിന്‍റെ ഇടനാഴിയുടെ അത്രയും ദൈർഘ്യമുണ്ട് അതിന്. ഡയാനയുടെ ഈ വസ്ത്രം അവരുടെ മക്കളായ ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് വില്യം രാജകുമാരനും ഡ്യൂക് ഓഫ് സസക്സ് ഹാരി രാജകുമാരനും ലോണിനെടുത്തുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ലോകത്തിലെ തന്നെ വിവാഹ ചരിത്രത്തിൽ ഏറ്റവും പ്രശസ്തമായ വസ്ത്രമാണിത്.  1997 ലാണ് ഒരു കാറപകടത്തില്‍ ഡയാന രാജകുമാരി മരിക്കുന്നത്. ജനങ്ങളുടെ രാജകുമാരിയുടെ അകാലവിയോഗം രാജ്യത്തെ ജനങ്ങളെ പിടിച്ചുലച്ചു. മരുമകൾക്ക് ആദരം അർപ്പിച്ച് എലിസബത്ത് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ഡയാനയുടെ ശവപേടകത്തിന് മുന്നിൽ രാജ്ഞി പരസ്യമായി തലകുമ്പിട്ട് ആദരം അർപ്പിക്കുകയും ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top