Published:19 May 2021
വാഷിങ്ടൺ: ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് 2022ൽ ബീജിങ്ങിൽ നടക്കുന്ന ശീതകാല ഒളിംപിക്സ് യുഎസ് നയതന്ത്രപരമായി ബഹിഷ്കരിക്കണമെന്ന് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി. ചൈനയുടെ ആതിഥ്യം സ്വീകരിക്കുന്ന ആഗോള നേതാക്കൾക്ക് മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു പറയാനുള്ള ധാർമിക അവകാശം നഷ്ടമാകുമെന്നും അവർ പറഞ്ഞു.
ബീജിങ് ഒളിംപിക്സ് ബഹിഷ്കരിക്കുകയോ വേദി ചൈനയിൽ നിന്നു മാറ്റുകയോ ചെയ്യാനുള്ള ആഹ്വാനങ്ങൾക്ക് യുഎസിൽ പിന്തുണ വർധിച്ചുവരുന്നതിനിടെയാണ് ഡെമൊക്രറ്റ് നേതാവുകൂടിയായ നാൻസി പെലോസിയും ഇതേ ആവശ്യമുന്നയിക്കുന്നത്. ചൈനയിൽ ഉയ്ഗുർ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കു നേരേ നടക്കുന്ന അതിക്രമങ്ങളിൽ യുഎസ് കോർപ്പറേറ്റുകൾ ഉൾപ്പെടെ പ്രതികരിക്കുന്നില്ലെന്ന വിമർശനം അമെരിക്കയിൽ ശക്തമാണ്. ഒരു രാഷ്ട്രത്തലവനും ചൈനയിലേക്കു പോകരുതെന്നും നയതന്ത്ര ബഹിഷ്കരണം നടത്തണമെന്നും നാൻസി പെലോസി ആവശ്യപ്പെട്ടു.
ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ 10 ലക്ഷത്തിലേറെ മുസ്ലിംകളെ പുനരധിവാസ ക്യാംപുകളെന്ന പേരിൽ തടവിലാക്കിയിട്ടുണ്ടെന്ന് യുഎൻ സമിതി കണ്ടെത്തിയിരുന്നു.