29
July 2021 - 3:14 pm IST

Download Our Mobile App

Flash News
Archives

Other news

tennis

കീഴടങ്ങാത്ത പോരാളി, ദ്യോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പൺ

Published:14 June 2021

ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ടിട്ടും അതിസുന്ദരമായ തിരിച്ചുവരവിലൂടെ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടത്തിൽ മുത്തമിട്ടു ഈ ടോപ് സീഡ്.

പാരിസ്: ഇരുപത്തിരണ്ടുകാരൻ എതിരാളിയുടെ തകർപ്പൻ പ്രകടനം കണ്ട് പകച്ചുനിന്നില്ല മുപ്പത്തിനാലുകാരനായ നൊവാക് ദ്യോക്കോവിച്ച്. ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ടിട്ടും അതിസുന്ദരമായ തിരിച്ചുവരവിലൂടെ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടത്തിൽ മുത്തമിട്ടു ഈ ടോപ് സീഡ്. യുവതാരം, പുതിയ എതിരാളി ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്സിപാസിന്‍റെ ആവേശത്തിനു മുന്നിൽ തെല്ലൊന്നു ദുർബലനായ ദ്യോക്കോവിച്ചിനെയാണ് ഞായറാഴ്ചത്തെ ഫൈനലിനിറങ്ങുമ്പോൾ റോളണ്ട് ഗാരോ കണ്ടത്. എന്നാൽ, അന്തിമ വിജയം  സെർബിയൻ ടെന്നിസ് മാന്ത്രികന്‍റെ പരിചയ സമ്പത്തിനു തന്നെയായിരുന്നു. സ്കോർ 6-7, 2-6, 6-3, 6-2, 6-4. നാലു മണിക്കൂറിലേറെയാണു പോരാട്ടം നീണ്ടത്. 

ദ്യോക്കോവിച്ചിന്‍റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്; പത്തൊമ്പതാം ഗ്രാൻഡ് സ്ലാം കിരീടവും. 20 പുരുഷ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടി റെക്കോഡ് സൂക്ഷിക്കുന്ന റഫേൽ നഡാലിനും റോജർ ഫെഡററിനും ഒപ്പമെത്താൻ ഇനി ഒരൊറ്റ വിജയം കൂടി മതി നിലവിലുള്ള ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻ കൂടിയായ ദ്യോക്കോവിച്ചിന്. 

പതിമൂന്നു തവണ ഫ്രഞ്ച് ഓപ്പൺ നേടിയ കളിമൺ കോർട്ട് വിദഗ്ധൻ റഫേൽ നഡാലിനെ തോൽപ്പിച്ചാണ് ഇത്തവണ ദ്യോക്കോവിച്ച് ഫൈനലിൽ എത്തിയതും. ഏതു ടൂർണമെന്‍റിലെയും ലോക റെക്കോഡാണ് നഡാലിന്‍റെ പതിമൂന്നു ഫ്രഞ്ച് ഓപ്പൺ കിരീടം. 108  കളിമൺ കോർട്ട് മത്സരങ്ങളിൽ നഡാലിന്‍റെ മൂന്നാമത്തെ മാത്രം തോൽവി! വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലിൽ നാലു മണിക്കൂറിലേറെ സമയമെടുത്താണ് ദ്യോക്കോവിച്ച് നഡാലിനെ പിന്തള്ളിയത്. തുടർച്ചയായി രണ്ടു നീണ്ട പോരാട്ടങ്ങൾ അതിജീവിച്ച ദ്യോക്കോവിച്ച് എക്കാലത്തെയും മികച്ച ടെന്നിസ് താരമെന്ന വ്യാഖ്യാനങ്ങളുമായി ആരാധകർ ഇറങ്ങിയിട്ടുണ്ട്. നാലു ഗ്രാൻഡ് സ്ലാം കിരീടങ്ങളും ചുരുങ്ങിയതു രണ്ടു തവണ വീതം നേടിയ ഏക താരവും ദ്യോക്കോവിച്ചാണ്.

2015ലെ ഫ്രഞ്ച് ഓപ്പണിലും ദ്യോക്കോവിച്ച് നഡാലിനെ തോൽപ്പിച്ചിരുന്നു. എന്നാൽ, ആ വർഷം ഫൈനലിൽ തോറ്റു. ഈ ഞായറാഴ്ചയും അതേ വിധി കാത്തിരിക്കുന്നു എന്ന തോന്നലായിരുന്നു ആദ്യം. ആദ്യ രണ്ടു സെറ്റുകളിൽ സിറ്റ്സിപാസിന്‍റെ വ്യക്തമായ മുൻതൂക്കം. ശാരീരികമായും മാനസികമായും എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല- ഇതേക്കുറിച്ച് ദ്യോക്കോവിച്ച് പറഞ്ഞു.

എന്നാൽ, മൂന്നാം സെറ്റിൽ ട്രാക്കിൽ തിരിച്ചെത്തിയ ദ്യോക്കോവിച്ചിന്‍റെ പിഴവുകൾ കുറഞ്ഞു, കുറ്റമറ്റ സെർവുകളായി. പിന്നീട് ഒരു ബ്രേക്ക് പോയിന്‍റ് പോലും നേരിടേണ്ടിവന്നില്ല. രണ്ടു സെറ്റിനു പിന്നിൽ നിന്ന ശേഷം ടെന്നിസ് കരിയറിൽ ഇത് ആറാം തവണയാണ് ദ്യോക്കോവിച്ച് തിരിച്ചുവരുന്നത്. സിറ്റ്സിപാസിന്‍റെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലായിരുന്നു ഇത്; ദ്യോക്കോവിച്ചിന്‍റെ ഇരുപത്തൊമ്പതാമത്തെയും. പോരാട്ടം മുറുകിയപ്പോൾ വിജയം പരിചയ സമ്പത്തിനായി.


വാർത്തകൾ

Sign up for Newsletter



top