29
July 2021 - 3:26 pm IST

Download Our Mobile App

Flash News
Archives

Bollywood

sushant-singh-rajput

ചോദ്യങ്ങൾ ബാക്കിയാക്കി സുശാന്ത് വിടപറഞ്ഞിട്ട് ഒരു വർഷം

Published:14 June 2021

മരണത്തിൽ ഒരുപാട് രഹസ്യങ്ങൾ ഉള്ളതിനാൽ കുറ്റപത്രം ഇതുവരെ ഫയൽ ചെയ്‍തിട്ടില്ലെന്ന് സുശാന്തിന്‍റെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ വികാസ് സിംഗ് പറയുന്നു.

നടൻ സുശാന്ത് സിംഗ് രജ്പുത്ത് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. മുംബൈയിലെ വസതയിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു. മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖരുൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പിന്നാലെ ഉയർന്നു. ഇന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയനായ യുവതാരം വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു. സുശാന്തിന്‍റെ മരണത്തോടെ ബോളിവുഡിലെ മയക്കുമരുന്ന് കേസുകളും സ്വജനപക്ഷപാതവും അടക്കമുള്ളവ പുറത്തുവന്നു.

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സലൈൻ ആത്മഹത്യ ചെയ്‍ത് ഒരാഴ്‍ച കഴിയുമ്പോഴായിരുന്നു സുശാന്തിന്‍റെ മരണവാർത്തയും പുറത്തുവന്നത്. മരിക്കുന്നതിന് എട്ട് മാസം മുമ്പാണ് സുശാന്ത് ബാന്ദ്രയിലെ ഫ്ലാറ്റിൽ താമസം ആരംഭിച്ചത്. ഒപ്പം അദ്ദേഹത്തിന്‍റെ ക്രിയേറ്റീവ് മാനേജർ, ഒരു സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആൾ എന്നിവരുമുണ്ടായിരുന്നു. അടുത്ത സുഹൃത്തായിരുന്ന മഹേഷിനോടായിരുന്നു സുശാന്തിന്‍റെ അവസാനത്തെ സംഭാഷണം. അമ്മയുടെ വിയോഗത്തോടെയാണ് സുശാന്ത് ഡിപ്രഷനിലേക്ക് പോയതെന്ന വാർത്തകളും പുറത്തുവന്നു. സുശാന്ത് തന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ് എന്നും നൽകിയിട്ടുള്ളത് അമ്മയ്ക്കായിരുന്നു.

തനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന, തന്‍റെ സങ്കടങ്ങൾ പങ്കിട്ടിരുന്ന അമ്മയുടെ അവിചാരിത വിയോഗം വലിയൊരു ശൂന്യതയാണ് തന്‍റെ ജീവിതത്തിലുണ്ടാക്കിയത് എന്നും പല അഭിമുഖങ്ങളിലും സുശാന്ത് പറഞ്ഞിരുന്നു. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് വിഷയം മറ്റൊരു തലത്തിലേക്ക് നീങ്ങാൻ തുടങ്ങിയത്. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു.

സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു. ബോളിവുഡിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സുശാന്തിനെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ കൂടി പരിഗണിച്ചായിരുന്നു അന്വേഷണം. ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന്  ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവരും രംഗത്ത് എത്തി. അങ്ങനെയാണ് നടിയും സുശാന്തിന്‍റെ കാമുകിയുമായ റിയ ചക്രബർത്തിയിലേക്ക് അന്വേഷണം നീങ്ങുന്നത്.

മരിക്കും മുൻപ് രാത്രി സുശാന്ത് റിയയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെന്നും പക്ഷെ  കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, അവസാന നാളുകളിൽ തങ്ങൾ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി. മുംബൈ പൊലീസിനെതിരെ തുറന്നടിച്ച സുശാന്തിന്‍റെ അച്ഛൻ, പ്രധാന പ്രതി ഇപ്പോഴും പുറത്താണെന്നും ആരോപിച്ചു. ശേഷം സുശാന്ത് കേസ് സിബിഎക്ക് കൈമാറുകയും ചെയ്‍തു. ഇതിനിടെയാണ് സുശാന്ത് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് മുൻ അംഗരക്ഷകൻ വെളിപ്പെടുത്തുന്നത്. ലഹരി വസ്‍തുക്കൾ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകൾ എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. സുശാന്ത് സ്ഥിരമായി ലഹരി വസ്‍തുക്കൾ ഉപയോഗിച്ചിരുന്നതായി റിയ  അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് സിബിഐ നിരവധി തവണ റിയയെ ചോദ്യം ചെയ്യുകയും താരത്തെ അറസ്റ്റ് ചെയ്‍ത് റിമാൻഡ് ചെയ്യുകയും ചെയ്തു. അതേസമയം സുശാന്തിന്‍റേത് കൊലപാതകമാണെന്ന വാദം ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം തള്ളിയിരുന്നു. മാർച്ചിൽ ലഹരി മരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പികയും ചെയ്‍തു. റിയ ചക്രബർത്തി, സഹോദരൻ ഷൗവിക് ചക്രബർത്തി അടക്കം 33 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. സുശാന്തിന്‍റെ ഓർമകൾക്ക് ഒരാണ്ട് ആവുമ്പോഴും താരത്തിന്‍റെ മരണത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ ബോളിവുഡിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

സുശാന്തിന്‍റെ മരണത്തെക്കുറിച്ച് ഒരു ഏജൻസിയും വ്യക്തമായ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരണത്തിൽ ഒരുപാട് രഹസ്യങ്ങൾ ഉള്ളതിനാൽ കുറ്റപത്രം ഇതുവരെ ഫയൽ ചെയ്‍തിട്ടില്ലെന്ന് സുശാന്തിന്‍റെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ വികാസ് സിംഗ് പറയുന്നു. എല്ലാം നടന്നത് അടച്ചിട്ട ഒരു മുറിയിലാണെന്നും നീതിക്കായി സുശാന്തിന്‍റെ കുടുംബം ക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾ

Sign up for Newslettertop