29
July 2021 - 2:19 pm IST

Download Our Mobile App

Flash News
Archives

World

മരണം അഞ്ചു ലക്ഷം പിന്നിട്ട് ബ്രസീൽ, പ്രസിഡന്‍റിനെതിരേ പ്രതിഷേധം

Published:20 June 2021

ലോക്ഡൗൺ പോലുള്ള നടപടികൾ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന നിലപാടാണ് തുടക്കം മുതൽ ബൊൽസനാരോ സ്വീകരിച്ചത്

റയോ ഡി ജനീറോ: ബ്രസീലിൽ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ അഞ്ചു ലക്ഷം കടന്നു. രാജ്യത്തെ പല നഗരങ്ങളിലും പ്രസിഡന്‍റ് ജയിർ  ബൊൽസനാരോക്കെതിരേ ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങളും നടന്നു. വൈറസിനെ ചെറുതായിക്കണ്ട പ്രസിഡന്‍റാണ് ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് ആയിരക്കണക്കിനു പ്രതിഷേധക്കാർ. നരഹത്യയാണ് പ്രസിഡന്‍റ് നടത്തുന്നതെന്നാണ് അവരുടെ ആരോപണം. 

റയോ ഡി ജനീറോയിൽ ആയിരങ്ങളാണ് ബൊൽസനാരോ പുറത്തുപോകണമെന്നാവശ്യപ്പെട്ട് പതാകകളുമായി നിരത്തിലിറങ്ങിയത്. വിശപ്പിന്‍റെയും തൊഴിലില്ലായ്മയുടെയും സർക്കാരാണിതെന്നു പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. അഞ്ചു ലക്ഷം മരണത്തിനു കാരണം ബൊൽസനാരോയാണെന്ന് പ്രതിഷേധത്തിന് എത്തിയവർ പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറി. ഇടതുപക്ഷ പ്രതിപക്ഷ പാർട്ടികളാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. അടുത്ത വർഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ബൊൽസനാരോയുടെ റേറ്റിങ് ഇടിഞ്ഞിട്ടുണ്ട്. ഇത് പ്രതിപക്ഷത്തിന് ആവേശം പകരുന്നു. ചില അഭിപ്രായ വോട്ടെടുപ്പുകളിൽ മുൻ ഇടതുപക്ഷ പ്രസിഡന്‍റ് ലൂയിസ് ഇനാഷ്യോ ലുലാ ഡ സിൽവയാണ് അടുത്ത പ്രസിഡന്‍റാകാൻ മുന്നിൽ. ഇദ്ദേഹത്തിന്‍റെ ചിത്രമടങ്ങിയ ടി- ഷർട്ടുകളും മാസ്കുകളും ചില പ്രതിഷേധക്കാർ ധരിച്ചിരുന്നു. സാവോപോളോയിൽ നടന്ന പ്രകടനത്തിൽ വൈറസിന് ഇരയായവർക്ക് ആദരമർപ്പിച്ച് ചുവന്ന ബലൂണുകൾ അർപ്പിച്ചു. 

ലോക്ഡൗൺ പോലുള്ള നടപടികൾ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന നിലപാടാണ് തുടക്കം മുതൽ ബൊൽസനാരോ സ്വീകരിച്ചത്. ശാസ്ത്രീയമല്ലാത്ത ചികിത്സാ രീതികളും അദ്ദേഹം പ്രോത്സാഹിപ്പിച്ചു; ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നതടക്കം. കൊവിഡ് വാക്സിനേഷനും മന്ദഗതിയിലാണ്. 12 ശതമാനത്തിൽ താഴെയാളുകൾക്കേ പൂർണ വാക്സിനേഷൻ നടത്തിയിട്ടുള്ളൂ. 

21 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് ഒരു ലക്ഷത്തിനടുത്തു പുതിയ കേസുകളാണ് ഇപ്പോൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിനം രണ്ടായിരത്തോളം പേർ മരിക്കുന്നു. ബൊൽസനാരോ അനുകൂലികൾ നിയന്ത്രണങ്ങൾക്കെതിരേ പ്രതിഷേധിക്കുമ്പോൾ ഇടതുപക്ഷ അനുകൂലികൾ പ്രസിഡന്‍റിനെതിരേ തെരുവിലിറങ്ങുന്നു. രോഗവ്യാപനം വർധിക്കാൻ ഇവരുടെ പ്രതിഷേധവും കാരണമാവുമെന്നും ഇവരും ബൊൽസനാരോയെപ്പോലെ അവസ്ഥ മോശമാക്കുകയാണെന്നും വിമർശനവും ഉയരുന്നുണ്ട്.

അമെരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ചു മരിച്ചത് ബ്രസീലിലാണ്. യുഎസിൽ ആറു ലക്ഷത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്. വേൾഡോ മീറ്ററിന്‍റെ കണക്കനുസരിച്ച് 5,00,868 ആയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 3.86 ലക്ഷം പേർ ഇതുവരെ മരിച്ചു. 2.31 ലക്ഷത്തിലെത്തിയ മെക്സിക്കോയാണ് നാലാം സ്ഥാനത്ത്. 

അമെരിക്കയിൽ 3.4 കോടിയിലേറെ പേർക്കും ഇന്ത്യയിൽ 2.9 കോടിയിലേറെ പേർക്കും ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 1.7 കോടിയിലേറെ പേർക്കാണ് രോഗം ബാധിച്ചത്. 


വാർത്തകൾ

Sign up for Newsletter



top