29
July 2021 - 3:40 pm IST

Download Our Mobile App

Flash News
Archives

Special

rajamma.jpg

ദൈവത്തിൻ്റെ കരങ്ങളായി യുവാക്കൾ; മീനച്ചിലാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വൃദ്ധയ്ക്ക് പുതുജീവൻ

Published:22 July 2021

# ബിനീഷ് മള്ളൂശേരി

നദീ മധ്യത്തിലൂടെ ഒഴുകി നീങ്ങിയ വൃദ്ധയെ ഞൊടിയിടയിൽ വള്ളമിറക്കി വള്ളത്തിൽ പിടിപ്പിച്ച് ഇവർ കരയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും. കോട്ടയം ചമ്പക്കര മലേപ്പറമ്പിൽ വീട്ടിൽ എം.കെ മോഹനന്റെ ഭാര്യാ മാതാവ് പി.എൻ രാജമ്മയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് കരകയറിയത്.

കോട്ടയം: ഉച്ചസമയം മീനച്ചിലാറ്റിലെ കുത്തൊഴുക്കിലൂടെ ഒഴുകി വരുന്ന ഒരു തുണിക്കെട്ടിൽ നിന്നും ഉയർന്നുവന്ന കൈകൾ നേരിൽകണ്ട രമണിയുടെ ശബ്ദം കേട്ടെത്തിയ യുവാക്കൾ എൺപത്തിരണ്ടുകാരിക്ക് നൽകിയത് പുതുജീവൻ. നദീ മധ്യത്തിലൂടെ ഒഴുകി നീങ്ങിയ വൃദ്ധയെ ഞൊടിയിടയിൽ വള്ളമിറക്കി വള്ളത്തിൽ പിടിപ്പിച്ച് ഇവർ കരയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും. കോട്ടയം ചമ്പക്കര മലേപ്പറമ്പിൽ വീട്ടിൽ എം.കെ മോഹനന്റെ ഭാര്യാ മാതാവ് പി.എൻ രാജമ്മയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് കരകയറിയത്.

സംഭവം ഇങ്ങനെ:

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ചുങ്കം പാലത്തിന് താഴെ മീനച്ചിലാറ്റിലെ കുത്തൊഴുക്കിലൂടെ ഇരുകൈകളും ഉയർത്തി ഒഴുകി നീങ്ങുന്ന മനുഷ്യശരീരം ആറ്റുതീരത്ത് താമസിക്കുന്ന രമണി മാങ്ങാപ്പള്ളിമാലിയിൽ കാണുന്നത്. രമണിയുടെ നിലവിളി കേട്ട് മകൻ ബിബിനും സുഹൃത്ത് മിമിക്രി ആർട്ടിസ്റ്റായ ഷാൽ കോട്ടയവും ഓടിയെത്തി. അപ്പോഴേക്കും ഒപ്പമെത്തിയ ധനേഷും മനോഹരനും കൂടി വള്ളമിറക്കി കഴിഞ്ഞിരുന്നു. കുതിച്ചൊഴുകുന്ന മീനച്ചിലാറ്റിലൂടെ സാഹസികമായി ഫൈബർ വള്ളത്തിലൂടെ ആ ശരീരത്തിനടുത്തെത്തി. കൈകൾ അനങ്ങുന്നത് കണ്ടതോടെ രണ്ട് പേർക്ക് മാത്രം കയറാവുന്ന വള്ളത്തിന്റെ വക്കിലേക്ക് ആയാസപ്പെട്ട് അവരാ കൈകൾ ചേർത്ത് പിടിപ്പിച്ച് കരയിലേക്ക് തുഴഞ്ഞു. ഒഴുക്കിനെതിരെ ആയാസപ്പെട്ട് കരയടുപ്പിക്കാനുള്ള ശ്രമം പാളുന്നത് കണ്ടപ്പോൾ കടവിൽ നിന്ന ഷാലും മാതാവ് ലാലി ഷാജിയും നദിയിലേക്കിറങ്ങി വള്ളം പിടിച്ച് കരയിലേക്ക് അടുപ്പിക്കുകയായിരുന്നു.

രാജമ്മയെ രക്ഷപെടുത്തി പ്രാഥമിക ശുശ്രൂഷ നൽകുന്നു

അബോധാവസ്ഥയിലായിരുന്ന ഇവരെ രമണിയുടെ വീട്ടിലെത്തിച്ച് ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി. കാലിലും കൈയ്യിലുമൊക്കെ ചൂടുപിടിപ്പിച്ചതോടെ ഇവരുടെ ബോധം തെളിഞ്ഞു. രക്ഷിച്ചവരോട് രാജമ്മ എന്നാണ് പേരെന്ന് വെളിപ്പെടുത്തി. 82 വയസുണ്ടെന്നും ആലപ്പള്ളിയെന്നാണ് വീട്ടുപേരെന്നും കറുകച്ചാലാണ് സ്വദേശമെന്നും ഇവർ പറഞ്ഞു. ഇതിനിടെ ഷാൽ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചിരുന്നു. തുടർന്ന് രക്തദാനസേന കോ ഓർഡിനേറ്റർ വർഗീസിനൊപ്പം ഇവരെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ഡോക്റ്റർമാർ പറഞ്ഞു. 

ഇവരെ രക്ഷപെടുത്തുന്ന സമയം സാരിയുടുത്ത് അതിനു മുകളിൽകൂടി നൈറ്റിയും ഇട്ട നിലയിലായിരുന്നു. താലിമാലയും, വളയും മോതിരവുമൊക്ക ഇവർ ധരിച്ചിട്ടുണ്ടായിരുന്നു. മീനച്ചിലാറ്റിൽ ചുങ്കത്തിന് സമീപത്തെവിടെയോ വച്ച് അപകടത്തിൽ പെട്ടതാകാമെന്നായിരുന്നു രക്ഷാപ്രവർത്തകരുടെ അനുമാനം. അത് ശരിയായിരുന്നു.

ചമ്പക്കരയിൽ നിന്നും രാജമ്മ മീനച്ചിലാറ്റിലെത്തിയത്:

രാജമ്മ ഇപ്പോൾ താമസിക്കുന്നത് മകൾ രമയുടെ ചമ്പക്കരയിലുള്ള മലേപ്പറമ്പിൽ വീട്ടിലാണ്. രമയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ മോഹനനും രമയും രാവിലെ ജോലിക്ക് പോകും. പ്രമേഹ രോഗിയായ രാജമ്മക്ക് തോട്ടയ്ക്കാട് ആശുപത്രിയിൽ ചെക്കപ്പ് ദിവസമായിരുന്നു ബുധനാഴ്ച. പക്ഷേ അവിടെ നിന്നും രാജമ്മ നേരെ കോട്ടയത്തെത്തി. നാഗമ്പടം ബസ് സ്റ്റാൻഡിനു സമീപമുള്ള പള്ളിയിൽ പ്രാർത്ഥിക്കുവാനായിരുന്നു വരവ്.

പള്ളിയിൽ കയറുന്നതിന് മുമ്പ് ശരീരശുദ്ധി വരുത്താൻ നാഗമ്പടത്തുള്ള കടവിലിറങ്ങിയപ്പോൾ കാൽ വഴുതി മീനച്ചിലാറ്റിൽ വീഴുകയായിരുന്നുവെന്നാണ് രാജമ്മ പറയുന്നത്. എന്തായാലും നാഗമ്പടത്ത് നിന്നും ചുങ്കം വരെ മുങ്ങിത്താഴാതെ എത്തിയതും അവിടുള്ളവർ രക്ഷകരായി എത്തിയതും അത്ഭുതമായി കരുതുന്നുവെന്നും രക്ഷാപ്രവർത്തകരോട് ഒരുപാട് കടപ്പാടുണ്ടെന്നും മോഹനൻ മെട്രോവാർത്തയോട് പറഞ്ഞു.

അത്ഭുതമെന്ന് രക്ഷാപ്രവർത്തകർ:

ഈ കുത്തൊഴുക്കിൽ പെട്ടാൽ ആരും രക്ഷപെടാൻ സാധ്യത ഇല്ലാത്ത സമയം ഈ അമ്മച്ചി രക്ഷപെട്ടത് വിശ്വസിക്കാൻ പറ്റുന്നില്ലന്നാണ് അമ്മച്ചിയെ രക്ഷപെടുത്തിയ ഷാൽ കോട്ടയവും സുഹൃത്തുക്കളും പറയുന്നത്. നാഗമ്പടത്തു നിന്ന് ചുങ്കം വരെ മുങ്ങാതെയെത്തി. പാലത്തിൽ തട്ടിയിരുന്നെങ്കിൽ അപകടം ഉറപ്പായിരുന്നു. പാലം കടന്നാലുള്ള ഭാഗം ചുഴിയുള്ളതും. ഈ കണ്ണ് പൊട്ടുന്ന കുത്തൊഴുക്കിൽ ഇത് അത്ഭുതമായ കാര്യമാണ്. എന്തായാലും ഒരു ജീവൻ രക്ഷപെടുത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.


വാർത്തകൾ

Sign up for Newslettertop