Published:05 January 2022
കൊച്ചി: തൃപ്പൂണിത്തുറ ഹിൽ പാലസ് കേരള ആംഡ് പൊലീസ് ഫസ്റ്റ് ബെറ്റാലിയനിലെ പൊലീസുകാരനു സീനിയർ ഉദ്യോഗസ്ഥരുടെ മർദനം. ആദിവാസി വിഭാഗത്തിൽപ്പെട്ട എൻ.ഇ. ബാബുവിനെയാണ് പൊലീസ് അസോസിയേഷൻ ഭാരവാഹികളുൾപ്പെട്ട ആറംഗ സംഘം ക്രൂരമായി മർദിച്ചത്. ബറ്റാലിയന്റെ ചുമതലയുള്ള ഹെഡ്ക്വാർട്ടേഴ്സ് ഓഫിസർ കമാൻഡിന് അദ്ദേഹം പരാതി നൽകാനൊരുങ്ങിയെങ്കിലും സംഭവം ഒത്തു തീർപ്പാക്കിയെന്നു സൂചന. പരുക്കേറ്റ ബാബു നാലു ദിവസത്തെ അവധിയിൽ മാനന്തനവാടിയിലെ വീട്ടിലേക്കു പോയി.
ഡിസംബർ 31നാണ് സംഭവം. രാത്രി ബാബു ക്യാംപിൽ മുറുക്കാൻ ഉപയോഗിച്ചതാണ് ഉയർന്ന ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. പത്തുവർഷത്തിലേറെ സർവീസുള്ള ഉദ്യോഗസ്ഥർ ഇതു ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിൽ മദ്യലഹരിയിലായിരുന്ന സംഘം ബാരക്കിനകത്തു ബാബുവിനെ മർദിച്ചെന്നാണ് ആക്ഷേപം.
കട്ടിലിൽ പിടിച്ചു കിടത്തി മർദിച്ചു
കെഎപി ഫസ്റ്റ് ബറ്റാലിയൻ പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവും പൊലീസ് അസോസിഷേയൻ ജില്ലാ ഭാരവാഹിയായ മറ്റൊരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന സംഘം ബാബുവിനെ കട്ടിലിൽ പിടിച്ചു കിടത്തി മാറി മാറി മർദിക്കുകയായിരുന്നു. സഹായമഭ്യർഥിച്ച് ബാബു പൊലീസ് ടോൾഫ്രീ നമ്പരായ 112ൽ ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ ഫോൺ പിടിച്ചു വാങ്ങി കോൾ കട്ട് ചെയ്തു. കോൾ സെന്ററിൽ നിന്ന് തിരിച്ചുവിളിക്കുന്നത് ഒഴിവാക്കാൻ ഫോൺ നശിപ്പിച്ചു. രാത്രി തന്നെ ബാബു ഡ്യൂട്ടി ഓഫിസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സീനിയർ ഉദ്യോഗസ്ഥർ സ്വീകരിക്കാൻ തയാറായില്ല.
അടിയേറ്റ് കലങ്ങിയ കണ്ണുമായി ബാബു പിറ്റേന്ന് പരാതി നൽകാനെത്തിയപ്പോൾ ഹെഡ് ക്വാർട്ടേഴ്സ് ഓഫിസർ കമാൻഡന്റ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നു. ആദ്യം പരാതിയിൽ ഉറച്ചു നിന്ന ബാബുവിനെ ഉയർന്ന ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി പിന്മാറ്റുകയായിരുന്നെന്നാണു സഹപ്രവർത്തകർ നൽകുന്ന വിവരം.
ഇതിനിടെ ഫോൺ കാണാനില്ലെന്ന് ബാബു നൽകിയ പരാതി ജിഡി എൻട്രി ചെയ്തു. എന്നാൽ ഏതു സാഹചര്യത്തിലാണ് ഫോൺ നഷ്ടമായതെന്ന് അതിൽ വ്യക്തമാക്കിയിട്ടില്ല. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഉയർന്ന ഉദ്യോഗസ്ഥർ തന്നെ ബാബുവിന് പുതിയ ഫോൺ വാങ്ങി നൽകുകയും ഡ്യൂപ്ലിക്കേറ്റ് സിം എടുത്തുനൽകുകയുമാണുണ്ടായത്.
കെഎപി ബറ്റാലിയന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമാൻഡന്റ് ഇടപെട്ട് ഞായറാഴ്ച നാലു ദിവസത്തെ ലീവ് നൽകി വീട്ടിലേക്കയച്ചു. കുടുംബപരമായ ആവശ്യത്തിന് ലീവ് നൽകിയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഉന്നത രാഷ്ട്രീയബന്ധമുള്ള ഉയർന്ന ഉദ്യോഗസ്ഥർ ജോലി നഷ്ടപ്പെടുത്തുമെന്ന ആശങ്കയിൽ തനിക്ക് പരാതിയില്ലെന്ന നിലപാടിൽ ബാബു വീട്ടിൽ കഴിയുകയാണെന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.