Published:07 January 2022
ലക്നൗ: ബറേലിയില്‍ 17വയസ്സുകാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഒരുസംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ ആക്രമിച്ചത്.
കുട്ടിയും അമ്മയും രണ്ട് മുറികളിലായി ജോലി ചെയ്യവേ കാമുകനും സുഹൃത്തുക്കളും വീട്ടില്‍ കയറി പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ചുകത്തിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വന്ന അമ്മ പെണ്‍കുട്ടിയെ ബഹേദിയിലെ ആരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് ബറേലിയിലെ ആശുപത്രിയിലും എത്തിച്ചു.
50 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവും രണ്ട് ആണ്മക്കളും സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.വിവരമറിഞ്ഞ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ വസ്ത്രങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഒരേ സമുദായത്തിലെ രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.