Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
02
July 2022 - 7:42 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Interviews

Maya Mohan, Mayanadhi, Movies, Interviews, Mollywood

മലയാളത്തിന്‍റെ മായാനടി

Published:17 January 2022

എന്‍റെ  അഭിപ്രായങ്ങൾ കരിയറിനെ ബാധിക്കുന്നതായൊന്നും തോന്നിയിട്ടില്ല.  അഭിപ്രായപ്രകടനം എന്നത്  വ്യക്തിപരമായ കാര്യമാണല്ലോ

മായാന​ദിയിലെ അപ്പുവിന്‍റെ അമ്മയെ അധികമാരും മറക്കാൻ സാധ്യതയില്ല. കർക്കശക്കാരിയായ ആ അമ്മ പക്ഷേ ജീവിതത്തിൽ വളരെ  ജോളിയാണ്. ആരെയും ഭയക്കാത്ത, എന്തിനും തന്‍റേതായ  നിലപാടുള്ള മായ മേനോൻ ചുരുങ്ങിയ  കാലംകൊണ്ടുതന്നെ  മലയാളി പ്രക്ഷകർക്ക് സുപരിചിതയായി കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍റെ അമ്മയായി വേഷമിട്ട  'കുറുപ്പ്' തീയേറ്ററുകളില്‍   സൂപ്പര്‍ ഹിറ്റായ  സന്തോഷത്തിലാണ് മായ.  മായമേനോന്‍റെ  കൂടുതൽ വിശേഷങ്ങളിലേക്ക് 

'മായാനദി'  തന്ന സൌഭാഗ്യം 

'മറഡോണ' എന്ന  സിനിമയുടെ ഓഡിഷനിൽ സെലക്ട് ആയി ഇരിക്കുമ്പോഴായിരുന്നു മായാനദിയിലേക്ക് അഭിനയിക്കാൻ എന്നെ വിളിക്കുന്നത്. മറഡോണയുടെ സംവിധായകൻ വിഷ്ണു നാരായണനും മായാനദിയുടെ സംവിധായകൻ ആഷിക് അബുവും സുഹൃത്തുക്കളായിരുന്നു എന്നൊന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു. വിഷ്ണു ആഷിക്കിന്‍റെ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ടെന്ന് ഒക്കെ ലൊക്കേഷനിൽ എത്തിയ ശേഷമാണ് ഞാനറിയുന്നത്. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷമായിരുന്നു മായാനദിയിൽ ചെയ്തത്. നായികയായ ഐശ്വര്യ ലക്ഷ്മിയുടെ അമ്മ വേഷമായിരുന്നു അത്. ഡോക്ടർ വസുമതി.

യഥാർഥ ഞാനുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമായിരുന്നു  വസുമതിയുടെത്. കഥാപാത്രത്തെ ജീവൻ ഉള്ളതാക്കിയതിന്‍റെ ക്രൈഡിറ്റ് ശ്യാം പുഷ്കരനുള്ളതാണ്. ശ്യാമിന് കഥ പറഞ്ഞു തരാൻ നന്നായി അറിയാം. എനിക്കാണെങ്കിൽ കഥകൾ കേൾക്കാനും വിഷ്വലൈസ് ചെയ്യാനുമാണ് ഇഷ്ടം. എന്‍റെ   കഥാപാത്രത്തെ കുറിച്ച് വ്യക്തമായി തന്നെ പറഞ്ഞു തന്നിരുന്നു. ദൂരയാത്ര കഴിഞ്ഞ് വീട്ടിലെത്തുന്ന, സ്നേഹമുണ്ടെങ്കിലും കർക്കശ്യമുള്ള അമ്മ മകളെ കാമുകനൊപ്പം കാണുന്ന  റിയാക്ഷനെ കൊണ്ടുവരാൻ അതൊക്കെ നന്നായി സഹായിച്ചു. നമ്മൂടെ സമൂഹത്തിലുള്ള പല അമ്മമാരോടും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രമായാണ് എനിക്കത് തോന്നിയത്. എന്നിലെ കലാകാരിയെ ഇന്നത്തെ പ്രേക്ഷകർ തിരിച്ചറിയുന്നതിൽ ഡോക്ടർ വസുമതിക്കുള്ള പങ്ക് പറയാതെ വയ്യ. 

ഓളില്‍  ബുദ്ധ സന്യാസിനി

ഓള് സിനിമയിലെ എന്‍റെ കഥാപാത്രം ആത്മീയതയില്‍ മാത്രം മുഴുകി  ജീവിക്കുന്ന  ഒരു  സ്ത്രീയുടേതായിരുന്നു.  ഒരു ബുദ്ധ സന്ന്യാസിനി കൺസപ്ടാണ് എന്നാണ് കഥ പറഞ്ഞു തന്ന സംവിധായകന്‍  ഷാജി എൻ കരുണും പറഞ്ഞത്. തുരുത്തിൽ പൂവ് വിൽക്കുന്ന,  ആത്മീയ ജീവിതം നയിക്കുന്ന സ്ത്രീ. ആ നാട്ടിലെ എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും പ്രത്യേകിച്ച് നായകന്‍റെ  കുടുംബത്തിന്റെ നന്മ മാത്രം ആ​ഗ്രഹിക്കുകയും ചെയ്യുന്ന വളരെ പോസീറ്റിവായ ഒരു കഥാപാത്രം. ബുദ്ധമത വിശ്വാസമനുസരിച്ച് ഒരു ദേവിയുണ്ടത്രെ.  അവരുടെ വേഷമാണ് വെളുത്ത വസ്ത്രവും വലിയ പൊട്ടുമെല്ലാം  എന്ന് അന്നവിടെ ലാമയുടെ അനുയായി ആയി അഭിനയിക്കുവാൻ വന്ന ബുദ്ധ സന്ന്യാസിയും പറയുന്നുണ്ടായിരുന്നു. ഷാജി എൻ കരുണും എനിക്ക് ഈ കഥാപാത്രത്തെ കുറിച്ച് അങ്ങനെയാണ് വിശദികരിച്ചു തന്നത്. ഇത്തരം ഒരു മിസ്റ്ററിയുള്ളതു കൊണ്ടായിരിക്കണം സാധാരണ പ്രേക്ഷകർക്ക് അധികം മനസിലാകാതിരുന്നത്.

എന്നിട്ടും സിനിമ കണ്ടതിനു ശേഷം നല്ല അഭിപ്രായമാണ് പല വിമർശകരും പറഞ്ഞത്. എന്നാൽ കഥാപാത്രത്തിന്  എന്‍റെ ശബ്​ദമല്ല ഉപയോ​ഗിച്ചത് എന്ന ഒരു കുറവ് എല്ലാവരും പറഞ്ഞിരുന്നു. ഒരു പക്ഷേ കണ്ണൂർ ഭാഷയുടെ പ്രത്യേകതയും ആ കഥാപാത്രത്തിന്‍റെ ​ഗ്രാമീണതയും തോന്നിപ്പിക്കുവാൻ വേണ്ടിയായിരിക്കണം മറ്റൊരാളെ കൊണ്ട് ഡബ് ചെയ്യിച്ചത്. ഓള്  എന്ന സിനിമ ഹൃദയം കൊണ്ട് കാണേണ്ട ഒന്നാണ്. എങ്കിലേ ആ സിനിമയുമായി സംവദിക്കുവാൻ കഴിയൂ. സിനിമയ്ക്ക് ഒരു പതിഞ്ഞ താളമുണ്ട്. അതിന്റെതായ ഭാവവും സ്വഭാവവുമുണ്ട്. ഒരു ആർട്ട് മൂവി എന്ന് കേൾക്കുമ്പോൾ തന്നെ മുൻവിധിയോടെ കാണും പോലെ കാണേണ്ട ഒന്നല്ല ഓള് സിനിമ എന്നെനിക്ക് തോന്നിയിട്ടുണ്ട്.  ഷാജി എൻ കരുണിനെ പോലെ  ഒരു ലെജൻഡിനൊപ്പം വർക്ക് ചെയ്യാനായത് ഭാ​ഗ്യമായി കരുതുന്നു. 

നിലപാടുകളില്‍  വിട്ട് വീഴ്ചയില്ല

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ഒരാളാണ് ഞാൻ. എന്‍റെ നിലപാടുകൾ വ്യക്തമാക്കാൻ ഞാൻ  ആ മീഡിയം ആണ് ഉപയോ​ഗിക്കുന്നതും. എനിക്ക് അങ്ങനെ പറയത്തക്ക രാഷ്ട്രീയമൊന്നുമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും എനിക്ക് ഇഷ്ടപ്പെട്ട നേതാക്കൻമാരുണ്ട്. പിന്നെ തെറ്റ് കണ്ടാൽ തെറ്റെന്ന് ചൂണ്ടിക്കാട്ടും. അതേത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും അങ്ങനെ തന്നെയാണ് ഞാൻ ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങൾ  വ്യക്തിപരമായി ഒരാളെ ആക്രമിക്കാൻ ഞാൻ ഉപയോ​ഗിക്കാറില്ല. പൊതുവായ വിഷയങ്ങളിൽ എന്റെ നിലപാട് പങ്കുവയ്ക്കാറുണ്ട്. എന്നെ സംഘിയെന്നു പലരും വിളിക്കുന്നത് എന്തു കൊണ്ടാണെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല.സെറ്റിലോ, മറ്റിടങ്ങളിലോ രാഷ്ട്രീയം പറയാറില്ല. ജീവിതത്തിലും എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ വ്യക്തമായ അഭിപ്രായങ്ങളുണ്ട്.

വളരെ യാഥാസ്ഥിതിക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഞങ്ങൾ രണ്ടു പെൺകുട്ടികളാണ്. പക്ഷേ പെൺകുട്ടികൾ എന്നതിലുപരി രണ്ടു മനുഷ്യരായാണ് എന്‍റെ  വീട്ടുകാർ ഞങ്ങളെ വളർത്തിയത്. ഞാനും എന്‍റെ സഹോദരിയും ജീവിച്ചതും വളർന്നതും യാഥാസ്ഥിതിക ചുറ്റുപാടിലാണ്. പക്ഷേ  ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.  ആ സ്വാതന്ത്ര്യമാണ് എന്നെ ഇന്ന് തല ഉയർത്തി നിന്ന് സംസാരിക്കാൻ പ്രേരിപ്പിക്കുന്നതും മുന്നോട്ട് നടത്തുന്നതും. 

കരിയറിനെ ബാധിക്കുമെന്ന ഭയമില്ല 

എന്‍റെ  അഭിപ്രായങ്ങൾ കരിയറിനെ ബാധിക്കുന്നതായൊന്നും തോന്നിയിട്ടില്ല.  അഭിപ്രായപ്രകടനം എന്നത്  വ്യക്തിപരമായ കാര്യമാണല്ലോ. . എന്‍റെ  ചിന്തകളും , അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നത് സിനിമയിലെ അവസരങ്ങൾ നഷ്ടമാകാൻ കാരണമാകുമോ എന്നൊന്നും ഞാൻ  ചിന്തിക്കാറില്ല. കാരണം മലയാള സിനിമയിലെ ഭൂരിപക്ഷം ആളുകളും ജാതി, മത രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്നവരാണ്. അവരെ സംബന്ധിച്ച് എനിക്ക് ഒരു വേഷം തരുമ്പോൾ ഞാനത് അവരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതിയല്ലോ.അതിൽ കൂടുതലൊന്നും അവർ ചിന്തിക്കേണ്ടതില്ല. പിന്നെ 'ഓള്'  സിനിമയ്ക്ക് ശേഷമാണ് മായ രാജേഷ് എന്ന എന്‍റെ  പേര് മായാ മേനോൻ എന്നാക്കിയത്.  പേരിന്‍റെ അറ്റത്തെ വാലിന്‍റെ പേരിൽ വിമർശനങ്ങൾ കേൾക്കാറുണ്ട്. എന്നെ സോഷ്യല്‍  മീഡിയയില്‍  വിമര്‍ശിക്കുന്ന   പലരും    സവർണത കൂട്ടിക്കുഴക്കുന്നത് കാണാം. ചിന്തിക്കാത്ത വശങ്ങൾ വരെ കണ്ടെത്തുന്ന മനുഷ്യരുണ്ട്  ഇവിടെ.

ആദ്യമായി സിനിമയിലേക്ക് 

സത്യൻ അന്തിക്കാടാണ് ആദ്യമായി  സിനിമയിൽ അഭിനയിക്കാനുള്ള അവസരം തരുന്നത്. 2002 ല്‍ റിലീസായ  'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'  എന്ന സിനിമയിൽ നായിക  സൗന്ദര്യയുടെ സഹോദരിയായാണ് അഭിനയിച്ചത്. ഫോട്ടോ​ഗ്രാഫർ സ്വാമി നാഥൻ നൽകിയ ഫോട്ടോ കണ്ടിട്ട് എന്നെ വിളിക്കുകയായിരുന്നു. പിന്നീട് 10 വർഷത്തോളം ഭർത്താവിനൊപ്പം  ​ഗൾഫിലായിരുന്നു.പിന്നിട് തിരിച്ചു നാട്ടിലെത്തിയപ്പോൾ എന്നെ ആദ്യം വിളിച്ചത് പരസ്യത്തിൽ അഭിനയിക്കാനാണ്.അങ്ങനെയാണ്  പരസ്യങ്ങളിൽ സജീവമാകുന്നത്.  ഭർത്താവ് രാജേഷ് മേനോന്റെ പരിചയത്തിലുള്ള സുഹൃത്ത് ശിവൻ വഴി പരിചയപ്പെട്ട നരേഷ്, അനീഷ് എന്നീ പരസ്യ ഏജന്റുകൾ വഴിയാണ് വീണ്ടും പരസ്യ രം​ഗത്തു വരാൻ കഴിഞ്ഞത്. അങ്ങനെ ഏതാനും വലിയ പരസ്യ ബ്രാൻഡുകളുടെ പരസ്യത്തിൽ വേഷമിട്ടു.

പിന്നിടാണ് പരസ്യ സംവിധായകൻ ആയിരുന്ന ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്ത എബി എന്ന സിനിമയുടെ ഓഡിഷൻ വഴി സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ആദ്യം എന്നെ പരി​ഗണിച്ചത് വീനിത് ശ്രീനിവാസന്റെ അമ്മ വേഷത്തിലേക്കായിരുന്നു. എന്നാല്‍  ആ കഥാപാത്രം എന്‍റെ ശരീരഭാഷയ്ക്ക് ചേർന്ന ആളല്ല എന്നതുകൊണ്ട്  സൂരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ  കഥാപാത്രത്തിലേക്ക് പരി​ഗണിക്കുകയായിരുന്നു. ആ കഥാപാത്രത്തിന്‍റെ  മേക്കോവർ കൊണ്ടാകാം പിന്നെ എന്നെ തേടിയെത്തിയത് എല്ലാം അമ്മ വേഷങ്ങളായിരുന്നു. അങ്ങനെ പതിയെ പതിയെ ഞാനും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ഗുരുകാരണവന്‍മാരുടെ അനുഗ്രഹം 

എന്‍റെ കുടുംബവും സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ പ്രായത്തിൽ സിനിമയിലെത്തുക എന്നൊക്കെ പറഞ്ഞാൽ ദൈവാധീനവും , ​ഗുരുകാരണവൻമാരുടെ അനു​ഗ്രവും ഉള്ളതു കൊണ്ടാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. സിനിമാ പശ്ചാത്തലത്തിൽ ഉള്ള കുടുംബത്തിൽ ജനിച്ചു വളർന്ന ആളല്ലാത്ത എനിക്ക് അങ്ങനെ വിശ്വസിക്കാനല്ലേ  കഴിയൂ. കുടുംബത്തിലെ ഭൂരിഭാ​ഗം അംഗങ്ങളും  അധ്യാപകരും , പട്ടാളക്കാരും, അഡ്വക്കേറ്റും, പത്രപ്രവർത്തനവും ഒക്കെയായി മുന്നോട്ട് പോകുന്നവരാണ്. ഞാൻ ഇതുവരെ അവസരം ചോദിച്ച് ഒരാളുടെയും അടുത്ത്  ചെന്നിട്ടില്ല.  എന്നെ തേടിയെത്തിയതാണ് ഈ അവസരങ്ങളെല്ലാം. അതിനെ ഭാ​ഗ്യമായി കൂടി കാണുന്നു.

കുടുംബം

ഞാനും പ്രായമായ അമ്മയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. ഋത്വിക്, സാത്വിക് എന്നീ രണ്ടു മക്കളാണ് എനിക്കുള്ളത്. അച്ഛൻ മരിച്ചു പോയി. ഭർത്താവ് രാജേഷ് മേനോനുമായി  ഇപ്പോള്‍ പിരിഞ്ഞു കഴിയുകയാണ്. 

വേണ്ടാന്നു വച്ച വേഷങ്ങൾ

എനിക്ക്  ചേരാത്ത പല കഥാപാതങ്ങളും ഞാന്‍  വേണ്ടെന്ന്  വച്ചിട്ടുണ്ട്. എനിക്കു ചെയ്യാൻ പറ്റാത്ത വേഷം ചാടിപിടിച്ചിട്ടു കാര്യമില്ലല്ലോ. കൂടുതൽ സമയം സ്ക്രീനിൽ വേണമെന്നു ഞാൻ കരുതുന്നില്ല. ഉദാഹരണത്തിന് ശിക്കാരി ശംഭുവിൽ കുറച്ചു സമയമേ ഉള്ളൂ. പക്ഷേ പലരും ആ വേഷം ഓർത്തു വയ്ക്കുന്നു. എനിക്കിഷ്ടം അത്തരം വേഷങ്ങളോടാണ്.  പിന്നെ നൃത്തമായിരുന്നു എന്റെ സ്വപ്നം. നടിയാകുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല.

നൃത്തം ചെയ്ത് ജീവിക്കുകയായിരുന്നു ആ​ഗ്രഹവും. വളരെ സൂക്ഷ്മതയോടെയാണ് വേഷങ്ങൾ തെരഞ്ഞെടുക്കുന്നത്.കലാകാരിയായി ജീവിക്കുക എന്നത് വലിയ കാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതല്ലാതെ മറ്റൊന്നും ഇനി  എനിക്ക്  ചെയ്യാനില്ല. ഈ മേഖലയിലേക്ക്  എത്തിപ്പെടാന്‍ അല്‍പ്പം  വൈകിയെന്ന് മാത്രം. ഇത് ഞാന്‍   സ്വപ്നം കണ്ട  ജീവിതമാണ്. 

കൊവിഡ് കാലത്തെ അതിജീവനം

കൊവിഡ് എല്ലാവരെയും ബാധിച്ചിരുന്ന പോലെ ഞങ്ങളുടെ നിലനിൽപ്പിനെയും ബാധിച്ചു. കലാകാരനാണെന്ന് പറഞ്ഞാൽ കൂടെ നിന്ന് സെൽഫി എടുക്കാൻ ആളു ഉണ്ടാകുമെന്ന് അല്ലാതെ കൃതൃമായ വരുമാനം ഇല്ലാത്തതു കൊണ്ട് ഒരു ലോൺ പോലും കിട്ടില്ല. പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകുകയായിരുന്നു കൊവിഡ് കാലത്തെ ഏക അതിജീവനമാർ​ഗം.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top