Published:21 January 2022
അങ്കമാലി: അങ്കമാലിയില്‍ കെ- റെയ്ലിനായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുത് റീത്ത് വച്ചു പ്രതിഷേധം. അങ്കമാലി, എളവൂര്‍, പാറക്കടവിലൂടെ നിർദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്ന ഭാഗത്തു ത്രിവേണി കവലയിലെ പാടശേഖരത്തിൽ വ്യാഴാഴ്ച പകൽ കെ-റെയ്ല് ഉദ്യോഗസ്ഥരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ഈ ഭാഗത്ത് പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥർ സർവേ കല്ലുകൾ സ്ഥാപിച്ചത്. ഇന്നലെ രാവിലെ ഈ ഭാഗങ്ങളിൽ കല്ലുകൾ പിഴുതു മാറ്റിയ നിലയിൽ കാണുകയായിരുന്നു.
പുളിയനത്തു പാടശേഖരത്തിൽ സ്ഥാപിച്ചിരുന്ന ആറു കല്ലുകളാണ് രാത്രി പിഴുതെടുത്ത് ജംക്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം വച്ചത്. എളവൂർ സെന്റ് ആന്റണീസ് പള്ളിക്കു സമീപവും കല്ലിളക്കി റീത്തു വച്ചു. പാത കടന്നുപോകുന്നതിന്റെ സമീപത്തുള്ള വിവിധ കവലകളിലും സര്‍വേ കല്ലുകള്‍ കൊണ്ടുവച്ച് അതിന് മുകളില്‍ റീത്ത് വച്ച നിലയിലായിരുന്നു.
ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് റോജി എം. ജോണ്‍ എംഎൽഎ പറഞ്ഞു. അങ്കമാലി, പാറക്കടവ് പഞ്ചായത്തില്‍ പ്രതിഷേധിച്ച ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തും ഭീക്ഷണിപ്പെടുത്തിയും സ്ഥാപിച്ച കെ- റെയ്ല് കല്ലുകള്‍ക്ക് 24 മണിക്കൂറിന്റെ ആയുസ് ഉണ്ടായില്ലെന്ന് റോജി ഫെയ്സ്ബുക്കിൽ കുറിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് തക്ക മറുപടി നല്കിയ ധീരന്മാര്ക്ക് അഭിവാദ്യങ്ങളെന്നും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി കെ- റെയ്ലിനെതിരെ പ്രതിഷേധ സമരങ്ങൾ നടന്നുവരികയാണ്.