Published:22 January 2022
ഫോൺ നമ്പർ രണ്ട് തവണ ബ്ലോക്ക് ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരേ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയ ബാലചന്ദ്രകുമാർ ഒരു കാലത്തും തന്റെ സ്നേഹിതനായിരുന്നില്ലെന്ന് നടൻ ദിലീപ്. ക്രൈംബ്രാഞ്ചിന്റെ ആരോപണങ്ങൾക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടിയിലാണ് ബാലചന്ദ്രകുമാറുമായുള്ള ബന്ധത്തെപ്പറ്റി ദിലീപ് വ്യക്തമാക്കുന്നത്.
ചാനലുകളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും തന്റെ അടുത്ത സ്നേഹിതനായിരുന്നെന്ന തെറ്റിദ്ധാരണ പരത്താനാണ് ബാലചന്ദ്രകുമാറിന്റെ ശ്രമമെന്നും മറുപടിയിൽ ദിലീപ് പറയുന്നു. 2014ൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്കാണ് ബാലചന്ദ്രകുമാർ തന്നെ ആദ്യമായി സമീപിച്ചത്.
ഇയാൾ പറഞ്ഞ കഥയിലെ പോക്കറ്റടിക്കാരന്റെ വേഷം മുഖ്യകഥാപാത്രമാക്കി സിനിമ നിർമിക്കാൻ ധാരണയായെങ്കിലും ബാലചന്ദ്രകുമാറിന് തിരക്കഥാകൃത്ത് എന്ന നിലയിൽ ശോഭിക്കാൻ സാധിക്കാത്തതിനാൽ വൈ.വി. രാജേഷിനെ തിരക്കഥയെഴുതാൻ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ ബാലചന്ദ്രകുമാറിന്റെ അതിരുകടന്ന ഇടപെടലുകളെ തുടർന്നു രാജേഷ് തിരക്കഥയിൽ നിന്നു പിൻവാങ്ങുകയും തുടർന്നു ബാലചന്ദ്രകുമാറിന്റെ ശുപാർശ കൂടി കണക്കിലെടുത്ത് സച്ചിയെ ഏൽപ്പിക്കുകയുമായിരുന്നു. ബാലചന്ദ്രകുമാറിനെ സംവിധാകനാക്കാനും തീരുമാനിച്ചു.
എന്നാൽ ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെ തുടർന്നു സച്ചിക്കും സഹായിക്കും തിരക്കഥാ രചനയുമായി മുന്നോട്ടു പോകാനായില്ല. ഈ ഘട്ടത്തിൽ ബാലചന്ദ്രകുമാറുമായുള്ള എല്ലാ ബന്ധങ്ങളും താൻ അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ദിലീപ് പറയുന്നു. ഇയാളുടെ സ്വഭാവം സഹിക്കാൻ വയ്യാതെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു.
ബിഷപ്പിന്റെ പേരിലും പണം ചോദിച്ചു
ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിലും തന്റെ പക്കൽ നിന്നു പണം ആവശ്യപ്പെട്ടതായി ദിലീപ്. താൻ ജയിലിൽ കഴിയവെ ഇയാൾ സ്നേഹം നടിച്ച് തന്നെ സമീപിച്ചു. തന്റെ സഹോദരനെയും ഭാര്യാസഹോദരനെയും സമീപിച്ചു കേസിൽ നിന്നൊഴിവാക്കി തരാൻ സഹായിക്കുമെന്നു വാഗ്ദാനം ചെയ്തു.
ഇയാളുടെ ഭാര്യ ലത്തീൻ കത്തോലിക്ക മതക്കാരിയാണെന്നും നെയ്യാറ്റിൻകര ബിഷപ്പുമായി അടുത്ത ബന്ധമുണ്ടെന്നും അറിയിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി ബിഷപ്പിന് അടുത്ത ബന്ധമുണ്ടെന്നും തന്റെ നിരപരാധിത്വം അവരെ ബോധ്യപ്പെടുത്താൻ ബിഷപ്പിന്റെ സഹായം തേടാമെന്നും ഉറപ്പു നൽകി. പിന്നീട് ജാമ്യം കിട്ടിയപ്പോൾ അത് ബിഷപ്പിന്റെ ഇടപെടലിനെ തുടർന്നാണെന്നു പറയുകയും ബിഷപ്പിനും ജാമ്യം കിട്ടാൻ സഹായിച്ച മറ്റു ചിലർക്കും നൽകാനെന്ന പേരിൽ പണം ആവശ്യപ്പെടുകയും ചെയ്തു. ഇവരെ നേരിൽ കാണണമെന്ന് താൻ ആവശ്യപ്പെട്ടതോടെ പണം ചോദിക്കുന്നത് നിർത്തി. ഇതിനിടെ ഭാര്യാ സഹോദരനിൽ നിന്നു പള്ളി നിർമാണത്തിനെന്ന പേരിൽ അൻപതിനായിരം രൂപ കൈപ്പറ്റി.
ജാമ്യം കിട്ടിയ ശേഷം ബാലചന്ദ്രകുമാർ വീണ്ടും തന്നെ സമീപിച്ചെങ്കിലും പോക്കറ്റടിക്കാരന്റെ വേഷം ചെയ്യാൻ താൻ തയ്യാറായിരുന്നില്ലെന്നു ദിലീപ് പറയുന്നു. ഒരു കുറ്റവാളിയുടെ വേഷം അഭിനയിക്കുന്നത് ഈ ഘട്ടത്തിൽ തന്നെ കുറിച്ചു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും എന്നതിനാലാണിത്. ഇതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നു പറഞ്ഞ് ബാലചന്ദ്രകുമാർ പലപ്പോഴായി തന്റെ പക്കൽ നിന്നു പണം വാങ്ങി. കഴിഞ്ഞ ഡിസംബർ 24 വരെ ഇങ്ങനെ പണം വാങ്ങിയിരുന്നു.
സിനിമ നടക്കില്ലെന്ന് ഉറപ്പായതോടെ ഭീഷണി
ബാലചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് ഉറപ്പായതോടെയാണ് കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതെന്നും ദിലീപിന്റെ ഹർജിയിൽ ആരോപിക്കുന്നു. താനുമായി നേരിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 10ന് വാട്സാപ്പ് സന്ദേശമയച്ചു. പിന്നീട് മറ്റാരെയെങ്കിലും ചുമതലപ്പെടുത്താൻ ആവശ്യപ്പെട്ട് സന്ദേശമയച്ചു. ഇതുപ്രകാരം താൻ ഏർപ്പാടാക്കിയ അഭിഭാഷകൻ തിരുവനന്തപുരത്ത് ബാലചന്ദ്രകുമാറിനെ കണ്ടപ്പോൾ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു സംസാരം.
സിനിമ എടുക്കാൻ സാധിക്കാത്തതിനാൽ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും വായ്പകൾ വീട്ടുന്നതിനു ദിലീപ് സഹായിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുന്ന സാഹചര്യം വരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ ഭീഷണികൾക്ക് വഴങ്ങരുതെന്ന അഭിഭാഷകന്റെ നിർദേശത്തെ തുടർന്നു താനും സഹോദരനും ഭാര്യാസഹോദരനുമുൾപ്പെടെ ബാലചന്ദ്രകുമാറിന്റെ നമ്പർ വീണ്ടും ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതിനു മുൻപായി എഡിജിപി സന്ധ്യയുമായി ഇയാൾ ബന്ധപ്പെടാൻ ശ്രമിക്കുന്ന കാര്യം അറിയിച്ചു ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും ദിലീപ് ആരോപിച്ചു.