Published:22 January 2022
മുംബൈ തന്നെ വേദി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 15-ാം സീസണ് മാര്‍ച്ച് 27ന് ആരംഭിക്കും. 15ാം സീസണ് ഇന്ത്യയില്‍തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിച്ചതായി വിവരം. രാജ്യത്തു കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് വിദേശത്തു മാറ്റിയേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റേണ്ടെന്ന തീരുമാനമാണ് ബിസിസിഐ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ വിവിധ വേദികളിലായി നടത്തുന്നതിനു പകരം മുഴുവന്‍ മല്‍സരങ്ങളും മുംബൈയില്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാല്‍, കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യം ഉരുത്തിരിഞ്ഞാല്‍ ഹൈദരാബാദില്‍ കൂടി മത്സരങ്ങളുണ്ടാകും. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മല്‍സരങ്ങള്‍. മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ (സിസിഐ), ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവയാണ് ഇപ്പോള്‍ വേദികളായി പരിഗണനയിലുള്ളത്. നേരത്തേ ടൂര്‍ണമെന്റിന്റെ വേദിയായി സൗത്താഫ്രിക്കയും ബിസിസിഐ കണ്ടുവച്ചിരുന്നു.
മുമ്പ് ടൂര്‍ണമെന്റിനു ഒരു തവണ വേദിയായതും സൗത്താഫ്രിക്കയ്ക്കു മുന്‍തൂക്കം നല്‍കിയിരുന്ന ഘടകമായിരുന്നു. പക്ഷെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ടൂര്‍ണമെന്റ് ഒരാഴ്ച നേരത്തേ തന്നെ ആരംഭിക്കുന്നതിനെക്കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നുണ്ട്.
എന്നാല്‍, ഇന്ത്യയില്‍ ആതൊരു തരത്തിലും ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ദക്ഷിണാഫ്രിക്കയോ യുഎഇയോ വേദിയാകും. ഫെബ്രുവരി 20ന് ഐപിഎല്‍ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും
ഐപിഎല്‍ മാര്‍ച്ച് അവസാനമെന്ന് ജയ് ഷായും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. മേയ് മാസത്തില്‍ ടൂര്‍ണമെന്റ് സമാപിക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണ് മാര്‍ച്ച് അവസാന ആഴ്ചയോടെ ആരംഭിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. മേയ് മാസത്തില്‍ ടൂര്‍ണമെന്റ് അവസാനിക്കും. എല്ലാ ടീം ഉടമകളും ഇന്ത്യയില്‍ വെച്ചുതന്നെ മത്സരങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐ അതിനുവേണ്ട എല്ലാ ശ്രമങ്ങളും നടത്തും.
ഇത്തവണ പുതിയ രണ്ട് ടീമുകള്‍ കൂടി ഐ.പി.എല്ലില്‍ എത്തുന്നുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടിയാല്‍ ഐ.പി.എല്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റാനുള്ള സാധ്യതയും ജയ് ഷാ തള്ളിക്കളഞ്ഞിട്ടില്ല.