Published:31 January 2022
തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന് നാളെ തുടക്കമാവുമ്പോൾ പൊല്ലാപ്പാവുന്നത് ഐഎഎസുകാർക്ക്. കാരണം, ഈ വകുപ്പിലെ ഏറ്റവും ഉയർന്ന തസ്തികയായ പ്രിൻസിപ്പൽ ഡയറക്റ്ററായി നിയമിതനാവേണ്ടത് ഐഎഎസുകാരാണ്. എന്നാൽ, ഇത് ഇതുവരെയും കേഡർ തസ്തികയായി നിശ്ചയിക്കാത്തതാണ് ഐഎഎസ് ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നത്.
കേഡർ തസ്തികയായി നിശ്ചയിച്ചില്ലെന്നു മാത്രമല്ല, അതിനു നടപടികൾ പോലും ആരംഭിച്ചിട്ടുമില്ല.
ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം കേഡർ തസ്തികയിലാവണമെന്നും അതിന് കേന്ദ്ര പെഴ്സണൽ ആൻഡ് ട്രെയ്നിങ് വകുപ്പിന്റെ അനുമതി വേണമെന്നുമാണ് വ്യവസ്ഥ. അതിനു സംസ്ഥാനം ഇതുവരെ ആവശ്യപ്പെട്ടിട്ടുപോലുമില്ല. അതിനുള്ള നീക്കംപോലും ഉണ്ടാവാത്ത സാഹചര്യത്തിൽ നിലവിലുള്ളതുപോലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനേ സാധിക്കൂ. ഇപ്പോൾത്തന്നെ പ്രിൻസിപ്പൽ ഡയറക്റ്ററുടെ താഴെ അദ്ദേഹത്തെക്കാൾ സീനിയറായവർ ചുമതല വഹിക്കുന്നുവെന്ന പോരായ്മയും കല്ലുകടിയായുണ്ട്.
പിഎസ്സിയുടെ അംഗീകാരത്തോടെയുള്ള പ്രത്യേക സർവീസ് ചട്ടങ്ങൾ നിയമസഭ അംഗീകരിച്ചു വന്ന ശേഷമേ സീനിയോറിറ്റി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവൂ. അതിനൊന്നുമുള്ള ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. നിലവിൽ ഒരേ പിഎസ്സി ലിസ്റ്റിലെ അടുത്തടുത്ത് നിയമനം കിട്ടിയ രണ്ടുപേരിൽ ഒരാളിന് അയാൾക്ക് കിട്ടിയ വകുപ്പിൽ സ്ഥാനക്കയറ്റം കിട്ടാതിരിക്കുകയും, അതിനുശേഷം നിയമനം കിട്ടിയ ആളിന് അടുത്ത വകുപ്പിൽ പെട്ടെന്ന് പ്രമോഷൻ കിട്ടി ഓഫിസർ വരെയാവുകയും ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ട്. ഇവരുടെ നിലവിലെ സീനിയോറിറ്റി അതേപടി നിലനിർത്തി പ്രത്യേക സർവീസ് ചട്ടങ്ങൾ വന്ന ശേഷം തീരുമാനിക്കാമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് വലിയൊരു വിഭാഗത്തിൽ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് ഡയറക്റ്റർ പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് 3, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർ തസ്തിക മുതൽ മുകളിലോട്ടുള്ള സമാന ശമ്പള സ്കെയിലുള്ള തസ്തികകളാണ് നാളെ മുതൽ ഏകീകൃത തദ്ദേശ ഭരണ വകുപ്പിന്റെ ഭാഗമായി ഏകീകരിക്കപ്പെടുന്നത്. അതായത്, തിരുവനന്തപുരം നഗരസഭാ സെക്രട്ടറി മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോ കണ്ണൂർ ഡവലപ്മെന്റ് കമ്മിഷണറോ ആവുന്നതു പോലുള്ള തടസങ്ങൾ നാളെയോടെ ഇല്ലാതാവും. നേരത്തെ, ഇത് മൂന്നും മൂന്നു വകുപ്പായതിനാലാണ് സാധ്യമാവാതിരുന്നത്.
ഏകീകൃത വകുപ്പിൽ ഉൾപ്പെടുന്നത്
ഗ്രാമവികസനം, പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം എന്നിവയും ലോക്കൽ സെൽഫ് ഗവ. ഡിപ്പാർട്ട്മെന്റ് എൻജിനീയറിങ് വിങ്ങുമാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ ഉൾപ്പെടുക.