Published:05 February 2022
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിൽ പങ്കെടുത്തിട്ടുളള എനിക്ക് മൊട്ടേര മൈതാനത്ത് ആയിരം തികയ്ക്കുന്ന മത്സരം കാണുന്നത് സന്തോഷകരമാണ്. കൊവിഡ് വ്യാപനം, മനോഹരമായ സ്റ്റേഡിയത്തിൽ നിന്നു കാണികളെ അകറ്റിയിരിക്കുന്നു. ദുഃഖകരമാണത്. എങ്കിലും കളിക്കാരെ കൂടുതൽ കഠിനാധ്വാനം ചെയ്യിക്കാൻ ഈ സന്ദർഭം വഴിയൊരുക്കും. രണ്ടു വർഷം പിന്നിട്ട "കെട്ടകാലത്ത്' വീട്ടിലിരുന്ന് കളികാണാനുള്ള അവസരം ക്രിക്കറ്റ് പ്രേമികൾക്കും ആശ്വാസകരമാണ്.
കൊവിഡ് ഇന്ത്യൻ ടീമിനെപ്പോലും വെറുതെവിട്ടിട്ടില്ല. രോഗം ബാധിച്ചതിനാൽ ചില കളിക്കാരെ മാറ്റി നിർത്തേണ്ടി വന്നു. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിലെ ടാലന്റ് പൂൾ അസൂയാവഹമാണ്. അതിനാൽ പകരം വരുന്നവരും ഉചിതമായ വിധം ദൗത്യം നിറവേറ്റും.
രോഹിത് ശർമ പൂർണ സമയ നായകനായ പരമ്പരയാണിത്. മുൻപും അദ്ദേഹം നയിച്ചിട്ടുണ്ടെങ്കിലും അന്ന് വിരാട് കോഹ്ലി വിശ്രമിക്കുമ്പോഴോ പരുക്കുമൂലം മാറിനിൽക്കുമ്പോഴോ ആയിരുന്നു. ഉഭയകക്ഷി പരമ്പരയിൽ മാത്രമല്ല, ബഹുരാഷ്ട്ര ടൂർണമെന്റുകളിലും ഇന്ത്യയെ വിജയത്തിലേറ്റാൻ കഴിയുന്ന രൂപരേഖയ്ക്ക് തുടക്കമിടാനാകണം ഈ പരമ്പരയിൽ രോഹിത് ശ്രമിക്കുക. 2018 ഏഷ്യ കപ്പിൽ രോഹിത് ഇക്കാര്യം വിജയകരമായി തെളിയിച്ചിട്ടുണ്ട്.
ഏകദിന ക്രിക്കറ്റിന്റെ തുടക്കകാലത്ത് വെസ്റ്റ് ഇൻഡീസായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ, മറ്റു ടീമുകൾ പതുക്കെ പിടിമുറുക്കുകയായിരുന്നു. ആദ്യകാലത്തെ "കാലിപ്സോ കുട്ടികളുടെ' വിസ്മയം ഇന്നില്ല. എങ്കിലും അവരെ നിസാരരായി കാണുന്നത് ആരായാലും അവർക്ക് അപകടമാണ്. രോഹിത് ശർമയ്ക്ക് ഇക്കാര്യം നന്നായി അറിയാം.
പതിവുപോലെ പിച്ച് തന്നെയാണ് മത്സര ഗതി നിർണയിക്കുന്നതിൽ പ്രധാന ഘടകം. വലിയൊരു റണ്ണൊഴുക്കു കാണാനാകുമെന്നാണ് വിലയിരുത്തൽ. ഏകദിനത്തിൽ ഇന്ത്യയുടെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ സിക്സർ എന്റേതായിരുന്നു. ആയിരാമത്തെ അന്താരാഷ്ട്ര ഏകദിനത്തിൽ പിറക്കുന്ന നിരവധി സിക്സറുകളിൽ ആദ്യത്തേത് ഏത് ഇന്ത്യൻ ബാറ്റ്സ്മാന്റെ ബാറ്റിൽ നിന്നാകും? ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നായാൽ അതൊരിക്കലും അമ്പരപ്പുണ്ടാക്കുകയില്ല...