Published:11 February 2022
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം പതിപ്പിനു മുന്നോടിയായുള്ള താരലേലം ഇന്നും നാളെയും ബംഗളൂരുവില്‍. പത്തു ഫ്രാഞ്ചൈസികളാണ് 590 കളിക്കാര്‍ക്കു വേണ്ടി പിടിവലി നടത്തുക.ഇതില്‍ 229 പേര് മാത്രമേ ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുള്ളൂ. 354 കളിക്കാര്‍ ഇനിയും അരങ്ങേറാത്തവരാണ്. ഏഴു താരങ്ങള്‍ അസോസിയേറ്റ് ടീമുകളില്‍ നിന്നുമുള്ളവരാണ്. കഴിഞ്ഞ സീസണിലെ എട്ടു ഫ്രാഞ്ചൈസികളോടൊപ്പം പുതിയ രണ്ടു ടീമുകള്‍ കൂടി ഇത്തവണ ലേലത്തില്‍ അണിനിരക്കുന്നത് ആവേശം ഇരട്ടിയാക്കും. ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയ സീസണില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ടീമുകള്‍. ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. 590 താരങ്ങളില്‍ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.
ഇത്തവണ പല സൂപ്പര്‍ താരങ്ങളും മെഗാ ലേലത്തിലേക്കെത്തുന്നതിനാല്‍ ഐപിഎല്‍ ചരിത്രത്തിലെ ഇതുവരെയുള്ള എല്ലാ ലേല റെക്കോഡുകളും തിരുത്തപ്പെടാന്‍ സാധ്യതയുണ്ട്. ശ്രേയസ് അയ്യര്‍, ഡേവിഡ് വാര്‍ണര്‍, ഇഷാന് കിഷന്, ട്രന്റ് ബോള്‍ട്ട്, ക്വിന്റന്‍ ഡീകോക്ക് എന്നിവരെല്ലാം വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ളവരാണ്. ഇത്തവണ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റാന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. ലഖ്നൗവിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ ഗുജറാത്തിനെ ഹര്‍ദിക് പാണ്ഡ്യയാവും നയിക്കുക.ലേലം എങ്ങനെ?..മാര്‍ക്വി താരങ്ങളെയായിരിക്കും ആദ്യമായി ലേലത്തില്‍ വയ്ക്കുക. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര് അശ്വിന്, ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട്, ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, സൗത്താഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക്, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്, സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ഫാഫ് ഡുപ്ലെസി, ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡ, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ലേലത്തിലെ 10 മാര്‍ക്വി താരങ്ങള്‍.
ഇവരെല്ലാം ആദ്യ റൗണ്ടില്‍ തന്നെ ഉയര്‍ന്ന തുകയ്ക്കു വിറ്റുപോവുമെന്നുറപ്പുള്ള താരങ്ങളാണ്. മാര്‍ക്വി താരങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കഴിഞ്ഞവരെയാണ് ലേലത്തില്‍ വയ്ക്കുക. അതാത് മേഖലയില്‍ സ്പെഷ്യലൈസ് ചെയ്തവര്‍ എന്ന ക്രമത്തിലായിരിക്കും ഇത്. ആദ്യം ബാറ്റര്‍മാരുടെ ഊഴമായിരിക്കും.
പിന്നാലെ ഓള്‍റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, ഫാസ്റ്റ് ബൗളര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിവരും ക്രമത്തില്‍ ലേലത്തില്‍ ഉള്‍പ്പെടും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിക്കഴിഞ്ഞ താരങ്ങള്‍ക്കു ശേഷം അടുത്തത് ഇനിയും ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്തവരാണ് ലേലത്തിലെന്നുക. മാര്‍ക്വി സെറ്റുള്‍പ്പെടെ 62 സെറ്റുകളിലായിട്ടാണ് ഐപിഎല്ലില്‍ കളിക്കാരെ വേര്‍തിരിച്ചിട്ടുള്ളത്. കുറച്ചു സെറ്റുകള്‍ക്കു ശേഷം ക്യാപ്പ്ഡ്, അണ്‍ക്യാപ്പ്ഡ് എന്നിങ്ങനെ മാറി മാറി കളിക്കാരുടെ പേര് ലേലത്തിലുണ്ടാവും. ആകെ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പകുതി കളിക്കാരെപ്പോലും ആദ്യദിനം ലേലത്തില്‍ വില്‍പ്പനയ്ക്കു വയ്ക്കില്ല. 161 താരങ്ങള്‍ മാത്രമേ ഒന്നാംദിനം ലേലത്തിനുണ്ടാവുകയുള്ളു. എന്നാല്‍ രണ്ടാംദിനം ലേല നടപടി ക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലായിരിക്കും.
429 കളിക്കാര്‍ രണ്ടാംദിനം ലേലത്തിലുണ്ടാവും. ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തില്‍ പരമാവധി ചെലവിടാന്‍ സാധിക്കുന്ന തുക 90 കോടി രൂപയായിരിക്കും. പക്ഷെ ചില താരങ്ങളെ നിലനിര്ത്തിയതിനാന് ഈ തുക മുഴുവന്‍ ഒരു ഫ്രാഞ്ചൈസിയുടെയും പഴ്സില്‍ ഇല്ല. നിലനിര്‍ത്തിയ താരങ്ങളുടെ മൂല്യം കിഴിച്ച് ബാക്കിയുള്ള തുകയായിരിക്കും ടീമുകള്‍ക്കു ചെലവിടാന്‍ സാധിക്കുക. മാത്രമല്ല ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിക്കു പരമാവധി ടീമില്‍ ഉള്‍ക്കൊള്ളിക്കാവുന്നത് 25 താരങ്ങളെയാണ്. 2018ലെ അവസാനത്തെ മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്കു ആര്‍ടിഎം (റൈറ്റ് ടു മാച്ച്) കാര്‍ഡ് വഴി നേരത്തേ ഒഴിവാക്കിയ ചില താരങ്ങളെ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇത്തവണത്തെ ലേലത്തില്‍ ഇതു ഒഴിവാക്കിയിരിക്കുകയാണ്. ഇതു ഫ്രാഞ്ചൈസികളെ സംബന്ധിച്ച് കനത്ത തിരിച്ചടി തന്നെയാണ്. ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 17 കാരനായ സ്പിന്നര്‍ നൂര്‍ അഹമ്മദാണ്. പ്രായം കൂടിയ താരമാവട്ടെ സൗത്താഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ ഇമ്രാന് താഹിറാണ്. 43കാരനായ അദ്ദേഹം കഴിഞ്ഞ സീസണില്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുണ്ടായിരുന്നു.-