Published:23 February 2022
പ്രണയത്തിന് കണ്ണും മൂക്കും പല്ലും ഇല്ല എന്നെല്ലാം നമ്മൾ തമാശക്ക് പറയാറുണ്ടെങ്കിലും പ്രണയിക്കാന് പ്രായമില്ല എന്ന് തെളിയിച്ചിരിക്കയാണ് ഒരു മുത്തശി. കരോൾ എച്ച് മാക് എന്ന മുത്തശ്ശിയാണ് നമ്മുടെ കഥയിലെ നായിക. തന്റെ 73-ാം വയസ്സിൽ ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയ ഒരു വയോധികയുടെ ട്വീറ്റാണ് ഇപ്പോൾ വൈറലാവുന്നത്.
'ജീവിതം വളരെ വിചിത്രമാണ് എന്ന ആമുഖത്തോടെയാണ് വിരലിൽ മോതിരം ധരിച്ച ചിത്രംസഹിതം കരോൾ പ്രണയത്തെക്കുറിച്ച് പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് ഏതാണ്ട് 42 വർഷങ്ങൾക്കിപ്പുറം 73-ാം വയസ്സിൽ വീണ്ടും സിംഗിൾ ആവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. 73-ാം വയസ്സിൽ ഈ മഹാമാരിക്ക് നടുവിൽ നിൽക്കുന്ന കാലത്ത് യഥാർഥ പ്രണയത്തെ കണ്ടെത്താനാവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.- കരോൾ കുറിച്ചു.
Life is so strange. After nearly four decades of marriage, I never expected to be single again at 70. And I certainly didn’t expect to find true love at the age of 73 in the middle of a pandemic! And now this! pic.twitter.com/HszN0zj9pr
— Carol H. Mack (@AttyCarolRN) February 11, 2022
സാമൂഹിക പ്രവർത്തകയും നഴ്സും അറ്റോണിയുമൊക്കെയായ കരോളിന്റെ ട്വീറ്റാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ട്വീറ്റ് വൈറലായി എന്നു മാത്രമല്ല ഒരുമില്യണിൽപരം പേർ ലൈക് ചെയ്യുകയും ചെയ്തു.
കരോളിന്റെ പ്രണയകഥ കണ്ണുതുറപ്പിച്ചുവെന്നാണ് പലരും കമന്റ് ചെയ്തത്. ജീവിതാന്ത്യത്തിൽ ഒരു കൂട്ടുതേടാനുള്ള കരോളിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എത്ര പ്രായമായാലും എല്ലാവരും യഥാർഥ സ്നേഹം അർഹിക്കുന്നുണ്ടെന്ന് ചിലർ കുറിച്ചു. യഥാർഥ പ്രണയത്തെ കണ്ടെത്താൻ കഴിയാത്തവരും ട്വീറ്റിന് താഴെ കമന്റുകളുമായെത്തുന്നുണ്ട്.
ട്വീറ്റ് വൈറലായതോടെ വീണ്ടും കരോൾ പ്രതികരണവുമായെത്തി. തന്റെ മുൻഭർത്താവിനെക്കുറിച്ചും കരോൾ ആ ട്വീറ്റിൽ പങ്കുവെച്ചു. അദ്ദേഹം മരിക്കുകയായിരുന്നില്ല എന്നും മറ്റൊരു സ്ത്രീയെ തേടിപ്പോയതിനാൽ താൻ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല എന്നും കരോൾ കുറിച്ചു. നിലവിലെ പ്രണയം എങ്ങനെയാവും അവസാനിക്കുക എന്നറിയില്ല എന്നും കരോൾ പറഞ്ഞു. തന്റെ പ്രണയത്തിന് ആശംസകൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു കരോൾ.