Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
October 2022 - 8:47 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Travel

Spain, Travel, Special Story

പന്തുകള്‍ പറക്കുന്ന കളിക്കളത്തിലേക്കൊരു യാത്ര

Published:04 March 2022

# കാരൂര്‍ സോമന്‍, ലണ്ടന്‍

ബസ്സില്‍ ഓഡിയോ ഗൈഡ് ഉണ്ട്. 14 ഭാഷകളിലായി നഗരത്തിലെ ചരിത്രാവശേഷിപ്പുകളെപ്പറ്റി വിശദികരിക്കുന്നു. ആ ഭാഷകള്‍ പ്രധാനമായും ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, ജാപ്പ നീസ്, ഡച്ച്, ചൈനീസ്, അറബിക്, കറ്റാലിയന്‍, ബാസ്ക്കും, ഗലീഷ്യനുമാണ്. താഴേക്ക് നോക്കിയപ്പോള്‍ സഞ്ചാരികളെ അങ്ങുമിങ്ങും കണ്ടു.

യാത്രകള്‍ ഓര്‍മ്മകളുടെ ഒഴുക്കിലെന്നും ജീവിക്കുന്ന അമൂല്യ അനുഭൂതി അനുഭവങ്ങളാണ് നല്‍കുന്നത്. തലേരാത്രി സാന്‍റിയാഗോയില്‍ നിന്നെത്തുമ്പോള്‍ മാന്‍ഡ്രിഡ് നഗരം പൂനിലാവില്‍ പരന്നൊഴുകിയിരിന്നു. പ്രകൃതിയുടെ ഹരിതാഭയെ അപഹരിച്ച നിലാവിനെ കിഴക്കുദിച്ച സൂര്യന്‍ തട്ടിമാറ്റി ഭൂമിയെ മനോഹര കാഴ്ചകളാക്കി മാറ്റി. രാവിലെ ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. ആദ്യം കണ്ട കാഴ്ച്ച റോഡിലൂടെ പാരമ്പര്യ വസ്ത്രധാരികളായ ഏതാനും സ്ത്രീപുരുഷന്മാര്‍ നടന്നു പോകുന്നു. ഞങ്ങളുടെ യാത്ര ലോക പ്രശസ്ത മാഡ്രിഡ് സാന്‍റിയാഗോ ബെര്‍ണബ്യു സ്റ്റേഡിയത്തിലേക്കാണ്. നഗരത്തിന്‍റെ ഹൃദയഭാഗത്തൂള്ള ഉദ്യാന വഴിയിലൂടെ നടന്നു. റോഡുകള്‍ ഉരുളന്‍ കല്ലുകളും ചുടുകട്ടകള്‍ കൊണ്ടും തീര്‍ത്തതാണ്. നടപ്പാതയിലെങ്ങും മരങ്ങള്‍ നിരനിരയായി നില്‍ക്കുന്നത് നല്ലൊരു കാഴ്ചയാണ്. പാദയോരങ്ങളില്‍ വിവിധ നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. ആ ഉദ്യാനത്തിന്‍റെ ഒരു കോണില്‍ നിന്ന് വയലിനില്‍ നിന്നുള്ള സംഗീതം പ്രഭാത കാലത്തെ മംഗളഗീതം പോലെ അവിടെയാകെ ശബ്ദായമാനമാക്കി. കണ്ണുകളുയര്‍ത്തി നോക്കി. രാവിലത്തെ കുളിരിളം കാറ്റില്‍ ഒരു ഗായകനിരുന്നു പാടുന്നു. അയാളുടെ മുന്നില്‍ മന്ദഹാസം പൊഴിച്ചുകൊണ്ട് രണ്ട് സുന്ദരികള്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു. പാട്ടുകാരന്‍ അവരുടെ ശരീരകാന്തിയില്‍ പുളകം കൊണ്ടു പാടുന്നതായി തോന്നി.

റോഡിന്‍റെ മധ്യഭാഗത്തായിട്ടാണ് സഞ്ചാരികളെ വഹിച്ചുകൊണ്ട് ചുവന്ന നിറമുള്ള ഇരുനില വാഹനങ്ങള്‍ ഹോപ്പ് ഓണ്‍ (പ്രതീക്ഷിക്കുന്നു) ഹോപ്പ് ഓഫ് (പ്രത്യാശ) ഒന്നിന് പിറകേയോന്നായി സഞ്ചരിക്കുന്നു. ഇറ്റലി, വിയന്ന തുടങ്ങി മിക്ക നഗരങ്ങളിലും സിറ്റി ടൂര്‍ ബസ്സുകളുടെ നിറം ചുവപ്പാണ് കണ്ടത്. ലണ്ടനിലെ അതിമനോഹരങ്ങളായ ഇരുനില ബസ്സുകള്‍ക്കും ഇതെ നിറമാണ്. മാന്‍ഡ്രിഡ് നഗരത്തിന്‍റെ ഐശ്വര്യമാണ് ഇവിടുത്തെ ടൂറിസ്റ്റ് ബസ്സുകള്‍. എവിടെ നോക്കിയാലും ടൂറിസ്റ്റ് ബസ്സുകള്‍ കാണാം. സഞ്ചാരികളുടെ ഏക ആശ്രയമാണ് നഗരങ്ങളിലെ ടൂറിസ്റ്റ് ബസ്സുകള്‍. ഞങ്ങള്‍ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി എടുത്തിട്ടുണ്ട്. ഒരാളുടെ ടിക്കറ്റ് 21 യൂറോയും മാതാപിതാക്കള്‍ക്കും രണ്ട് കുട്ടികള്‍ക്കും ഒരു ദിവസത്തെ ടിക്കറ്റ് 53 യൂറോയും ആണ്. ആറ് വയസ്സ് പ്രായമുള്ളവര്‍ക്കുവരെ സൗജന്യമാണ്. ഏതാനും പേര്‍ ബസ്സ് കാത്തു നിന്നു. ഒരു മിനിറ്റിനകം ബസ്സ് വന്നു. ഞങ്ങള്‍ അതിലേക്ക് കയറി. ആദ്യം എന്‍റെ കണ്ണുകള്‍ ചെന്നത് ഡ്രൈവറിലേക്കാണ്. അയാളൊരു കിളികൂട്ടിലിരിക്കുന്നു. സഞ്ചാരികളെ തലയുയര്‍ത്തി നോക്കുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ ബസ്സോടിക്കുന്നവര്‍ ഒരു കിളികൂട്ടിലിരുന്നാണ് ഓടിക്കുന്നത്. അതിനോട് ചേര്‍ന്നാണ് പണമിട്ട് ടിക്കറ്റ് എടുക്കാനുള്ള യന്ത്രമുള്ളത്. നമ്മുടെ രാജ്യത്തെപോലെ ടിക്കറ്റ് കൊടുക്കാന്‍ ഒരാളിന്‍റെ ആവശ്യമില്ല. 

ബസ്സിന്‍റെ വാതില്‍ തുറക്കാനോ അടക്കാനോ ഒരാളിന്‍റെ ആവശ്യമില്ല. അതും യാന്ത്രികമായി തുറക്കുകയും അടക്കുകയും ചെയ്യുന്നു. ഇതിലെ സഞ്ചാരികളെ നിയന്ത്രിക്കുന്നത് വാതിലില്‍ നില്‍ക്കുന്ന വ്യക്തിയാണ്. ടിക്കറ്റ് പരിശോധിച്ചിട്ട് ഓരോരുത്തരെ സ്നേഹാദരത്തോടെ അകത്തേക്ക് വിടുന്നു. അയാള്‍ ധരിച്ചിരിക്കുന്ന യൂണിഫോം ആകര്‍ഷകമാണ്. അതില്‍ പൂക്കള്‍ തളിരിട്ട് നില്‍ക്കുന്നു. ഞങ്ങള്‍ മുകളിലേക്ക് നടന്നു. രണ്ടാമത്തെ നിലയില്‍ മേല്‍ക്കൂരയില്ല. ഒരു കൊട്ടാരത്തിന്‍റെ മട്ടുപ്പാവിലിരുന്ന് കാണുന്നതുപോലെ കാഴ്ചകള്‍ കണ്ടിരിക്കാം. ബസ്സില്‍ ഓഡിയോ ഗൈഡ് ഉണ്ട്. 14 ഭാഷകളിലായി നഗരത്തിലെ ചരിത്രാവശേഷിപ്പുകളെപ്പറ്റി വിശദികരിക്കുന്നു. ആ ഭാഷകള്‍ പ്രധാനമായും ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, ജാപ്പ നീസ്, ഡച്ച്, ചൈനീസ്, അറബിക്, കറ്റാലിയന്‍, ബാസ്ക്കും, ഗലീഷ്യനുമാണ്. താഴേക്ക് നോക്കിയപ്പോള്‍ സഞ്ചാരികളെ അങ്ങുമിങ്ങും കണ്ടു.

മുകളിലത്തെ നിലയിലെ സഞ്ചാരികള്‍ പാശ്ചാത്യരാണ്. പൗരസ്ത്യര്‍ ഞങ്ങള്‍ മാത്രമാണ്. പ്രായമുള്ളവര്‍ മെലിഞ്ഞ ഉടലും ശരീരവും ഉള്ളവരല്ല. ആരോഗ്യമുള്ള സ്ത്രീ പുരുഷന്മാര്‍. ശൂന്യമായ അവരുടെ കണ്ണുകളില്‍ തളംകെട്ടി നില്‍ക്കുന്നത് പ്രായാധിക്യത്തിന്‍റെ ആലസ്യങ്ങളാണ്. യാത്രകള്‍ അവരുടെ ഏകാന്തതക്കും നിസ്സഹായതയ്ക്കും ഭംഗം വരുത്തുന്നു. ചിലര്‍ മന്ദസ്മിതത്തോടെ ഞങ്ങളെ നോക്കി. അതില്‍ നേര്‍ത്ത വസ്ത്രധാരികളുമുണ്ട്. ഇടത്തുഭാഗത്തിരുന്ന ഒരു യുവതിയില്‍ ഞാന്‍ ആകര്‍ഷനായി. അവരെ വിസ്മയം പൂണ്ട കണ്ണുകളോടെ അല്ലെങ്കില്‍ നിന്ദയോടെ നോക്കണം. അതവരുടെ സംസ്കാരത്തില്‍ സംരക്ഷിച്ചുപോരുന്ന അലങ്കാര ഗുണഗണങ്ങളാണ്.അവരെ ആരും ആദരിക്കയോ അനാദരിക്കയോ ചെയ്യേണ്ടതില്ല. ചരിത്രമുറങ്ങുന്ന പല സ്മാരകങ്ങളുടെ മുന്നില്‍ ബസ്സ് നിറുത്തുമ്പോള്‍ സഞ്ചാരികള്‍ ഇറങ്ങുകയും കയറുകയും ചെയ്തു.

മാഡ്രിഡിന്‍റെ ഹൃദയഭാഗത്തൂടെ പോകുന്ന ബസ്സിലിരുന്ന് നഗരത്തിന്‍റെ മനോഹര ദൃശ്യങ്ങള്‍ കണ്ടിരുന്നു. നഗര സുന്ദര കാഴ്ചകള്‍ മാഡ്രിഡിന്‍റ് മഹിമയെ വാഴ്ത്തുന്നതാണ്. ലോക സഞ്ചാരികള്‍ക്ക് ആനന്ദം പകരാനായി നഗരത്തെ അലങ്കരിച്ചിരിക്കുന്നതുപോലെ തോന്നി. തണുത്ത കാറ്റ് തലോടി പോകുന്നു. നഗരത്തില്‍ അഴുക്ക് ചാലുകളോ മാലിന്യങ്ങളോ കാണാന്‍ സാധിച്ചില്ല.നഗരത്തെ സ്ഫടിക തുല്യമാക്കിയിരി ക്കുന്നു. റോഡിന്‍റെ ഇരുഭാഗങ്ങളില്‍ നിശ്ചിത അകലത്തില്‍ നിരനിരയായി നില്‍ക്കുന്ന മരങ്ങള്‍ കണ്ടപ്പോള്‍ ന്യൂഡല്‍ഹിയിലെ അശോക റോഡിലെ മരങ്ങളാണ് ഓര്‍മ്മയിലെത്തിയത്. ഞാന്‍ ഇന്ത്യ ഗേറ്റിനടുത്തുള്ള കസ്തൂര്‍ബ മാര്‍ഗ്ഗ് റോഡിലാണ് താമസിച്ചിരുന്നത്. ഞാനും മാവേലിക്കര രാമചന്ദ്രനും കേരള ഹൗസിലേക്ക് അതുവഴിയാണ് നടന്നു പോയത്. നല്ല ഭരണാധിപന്മാര്‍, ആര്‍ക്കിടെക്, എഞ്ചിനീയര്‍മാര്‍ പാര്‍ക്കുന്ന നഗരങ്ങള്‍ കൊത്തിവെച്ച കല്ലുകള്‍പോലെ നഗരത്തെ സ്ഫടിക തുല്യമാക്കാന്‍, മാലിന്യമുക്തമാക്കാന്‍ ശ്രമിക്കും. അവിടെ വരള്‍ച്ചയേക്കാള്‍ വളര്‍ച്ചയുണ്ടാകുന്നു. പുതിയ സംസ്കാരങ്ങള്‍ വളരുന്നു. ഉദ്യാനങ്ങളിലും കടകള്‍ക്ക് മുന്നിലുമിരുന്ന് പാട്ടുകാരന്‍ ഭൂമിയെ സംഗീതസാന്ദ്രമാക്കുന്നു. അവരുടെ ഹൃദയ സ്പര്‍ശിയായ സംഗീത സാഗരത്തില്‍ ആരും സാക്ഷികളാകുന്നു. സഞ്ചാരികളുടെ കണ്ണുകള്‍ പ്രകാശമാനമാണ്.

വികസിത രാജ്യങ്ങളിലെ പട്ടും തലപ്പാവും കിരീടം ധരിച്ച രാജാക്കന്മാര്‍ മുതല്‍ ഇന്നത്തെ പ്രസിഡന്‍റ്, പ്രധാനമന്ത്രിവരെ പഠിക്കുമ്പോള്‍ കര്‍ത്തവ്യബോധമുള്ള രാജ്യ സ്നേഹികളായിട്ടാണ് കാണാന്‍ സാധിക്കുക. അവരുടെ നാടും നഗരവും വളര്‍ച്ചയില്‍ റിക്കാര്‍ഡുകള്‍ സൃഷിടിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ അറിവുള്ളവരുടെ കൈകളിലാണ് രാജ്യഭാരം ഏല്‍പ്പിച്ചിരിക്കുന്നത്. അധികാരത്തിന്‍റെ ചവിട്ടുപടികളില്‍ ഇരുന്നുകൊ ണ്ടവര്‍ സമൂഹത്തെ മാറ്റിയെടുക്കുന്നു. സ്വന്തം സുഖ സൗഭാഗ്യങ്ങള്‍ക്കായി നിലകൊള്ളുന്നില്ല. ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ രാജ്യ പുരോഗതിക്കായി ത്യാഗങ്ങള്‍ സഹിക്കാനോ വിട്ടുകൊടുക്കാനോ സ്വന്തം ജനതയെ സംരക്ഷിക്കാനോ മുന്നോട്ട് വരാറില്ല. അതിനാലവര്‍ പരാജയപ്പെടുന്നു. എല്ലാം വിഴുങ്ങാം, ആനന്ദിക്കാം, കീഴടക്കാം എന്നതാണ് ഈ കൂട്ടരുടെ ലക്ഷ്യം. അതിനാണവര്‍ ജാതി മത വര്‍ഗ്ഗിയതയെ കുട്ടുപിടിച്ച് അധികാരത്തിലെത്തുന്നത്. ജനാധിപത്യ മഹാനാടകത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത് ഒരിടത്ത് പുഞ്ചിരിക്കുന്ന മുഖം മറ്റൊരിടത്ത് ദയനീയമായി വാടിത്തളര്‍ന്ന മുഖം. 

സ്വാതന്ത്ര്യം അനുഭവിക്കുന്ന നാടുകളില്‍ പൊട്ടിപൊളിഞ്ഞ വഴികളോ അഴുക്ക് നിറഞ്ഞ മാലിന്യങ്ങളോ കാണാറില്ല. ഇവിടുത്തെ തെരുവീഥികള്‍ കാണുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ചണ്ഡീഗഡ് ഇങ്ങനെ ചുരുക്കം നഗരങ്ങളൊഴിച്ചാല്‍ അഴുക്ക് നിറഞ്ഞ മാലിന്യകൂമ്പാരത്തില്‍ നിന്ന് എന്നാണ് നമ്മുടെ നാടും നഗരവും മുക്തി നേടുക? ജനങ്ങള്‍ നടന്നുതളര്‍ന്ന കാലുകളുമായി വിയര്‍പ്പില്‍ നരകത്തിലേക്ക് നടക്കുമ്പോള്‍ സമ്പന്നര്‍ സന്തോഷമുള്ള വരായി സ്വര്‍ഗ്ഗത്തിലേക്ക് നടക്കുന്ന കാഴ്ചയാണ് നൂറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്നത്. എന്‍റെ മനസ്സ് ഇന്ത്യന്‍ മണ്ണില്‍ മുങ്ങിപോയതുമൂലം സ്റ്റേഡിയത്തിന് മുന്നില്‍ ടൂര്‍ ബസ്സ് വന്ന് നിന്നത് അറിഞ്ഞില്ല. മകള്‍ സിമ്മി ഉറക്കെ വിളിച്ചപ്പോഴാണ് സീറ്റില്‍ നിന്നുമെഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങിയത്.

റോഡിനോട് ചേര്‍ന്ന് പത്തുനില കേട്ടിടത്തോളം പൊക്കമുള്ള മനോഹരമായൊരു കെട്ടിടം. അതിനു ള്ളിലൊരു സ്റ്റേഡിയമുള്ളത് പെട്ടെന്നാര്‍ക്കും മനസ്സിലാകില്ല. രണ്ട് ഭാഗത്തായി വിജനമായ റോഡുകള്‍. വളരെ അകലെ രണ്ട് പൊലീസുകാര്‍ കുതിരപ്പുറത്തിരുന്ന് അവരുടെ സാന്നിദ്ധ്യമറിയിക്കുന്നു. രണ്ട് കൂറ്റന്‍ കുതിരക ളുടെ അലങ്കരിച്ച നെറ്റിപ്പട്ടം സൂര്യപ്രഭയില്‍ തിളങ്ങുന്നു. റോഡുകള്‍ക്കപ്പുറം കുന്നുകള്‍ക്ക് മുകളില്‍ വീടു കള്‍. ജനവാസം കുറഞ്ഞ മേഖലയാണ്. കെട്ടിടത്തിന്‍റെ മുകള്‍ഭാഗം ഉജ്ജ്വലശോഭയോടെ തിളങ്ങുന്നു. റോ ഡുകളിലൂടെ വാഹനങ്ങള്‍ ഒഴുകിയൊഴുകി പോകുന്നു. കെട്ടിട മുറ്റത്ത് കളിച്ചും ചിരിച്ചും സ്കൂള്‍ യൂണി ഫോമിട്ട കുറെ കുട്ടികള്‍ രണ്ട് അധ്യാപകര്‍ക്ക് ചുറ്റും അണിനിരന്നു. അവര്‍ അധ്യാപകരുടെ മുഖത്തേക്ക് നിശ്ചലമായി നോക്കുന്നു. കുട്ടികള്‍ സ്റ്റേഡിയം കാണാനുള്ള ആഹ്ളാദ ലഹരിയിലാണ്. മെലിഞ്ഞു നീണ്ട അധ്യാപിക സ്പാനിഷ് ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്നു. എനിക്ക് നിസ്സഹായം നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. സ്പാനിഷ് ഭാഷ അറിയില്ല.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top