ഫാഷന്‍ ലോകത്തെ മലയാളത്തിളക്കം
Published:12 March 2022
# സച്ചിന് വള്ളിക്കാട്
ഇന്ത്യന്‍ ഫാഷന്‍ രംഗത്തെ രാജ്യാന്തര തലത്തില്‍ മുകളിലെത്തിക്കുകയെന്ന ഉത്തരവാദിത്വംകൂടി ന്യൂയോര്‍ക്ക് ഫാഷന്‍വീക്കില്‍ ഡയറക്ടറായതിലൂടെ മഞ്ജുവിലെത്തി.
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ ആദ്യ മലയാളി സാന്നിധ്യം. സംഗീതവും നിറങ്ങളും സൗന്ദര്യവും ഇഴുകിച്ചേര്‍ന്ന 2018 ഫെബ്രുവരിയിലെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ വേദിയില്‍ തുരുതുരെ മിന്നുന്ന ക്യാമറ ഫ്ലാഷുകള്ക്കിടെ റാംപിലെത്തിയ മോഡലുകള്‍ക്കു പിന്നിലെ സ്ക്രീനില്‍ "ഗില്‍സ് മഞ്ജുലക്ഷ്മി'യെന്ന പേരു തെളിഞ്ഞുനിന്നു. എന്തുകൊണ്ടോ നാം ശ്രദ്ധിക്കാതെ പോയ ആ പേര് തൃശൂരില്‍നിന്നു കോഴിക്കോടുവഴി ഖത്തറിലൂടെ പടര്‍ന്ന്, വസ്ത്രമോടികളുടെ രംഗത്തു ലോകം ഉറ്റുനോക്കുന്ന വാണിജ്യ മുദ്രയാണിന്ന്. ലോകത്തിന്റെ നെറുകയില്‍ മനംകവരുന്ന വസ്ത്രവിസ്മങ്ങള്ക്കൊപ്പം മലയാളികളുടെ തിളക്കമായി മഞ്ജുലക്ഷ്മിയെന്ന പേരും.
വസ്ത്രങ്ങളില്‍ വ്യത്യസ്തതയും വൈവിധ്യവും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഖത്തറില്‍ താമസമാക്കിയ മഞ്ജുലക്ഷ്മിയെന്ന തൃശൂരുകാരിക്കു വസ്ത്രങ്ങളോടുള്ള ഇഷ്ടം ഒറ്റദിവസംകൊണ്ടു പൊട്ടിമുളച്ചതല്ല. അതു ചെറുപ്പംമുതല്‍ കൂടെയുണ്ട്. ചെറിയ ക്ലാസുകളിലെ യുവജനോത്സവ വേദികളില്‍ തിളങ്ങിനിന്നപ്പോഴൊക്കെ അമ്മയുടെ സഹായത്തോടെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തതു മഞ്ജു തനിച്ചായിരുന്നു. എല്ലാ ആഴ്ചകളിലും ഖത്തറില്‍ പരിപാടികളുണ്ടാകും. എട്ടില്‍ പഠിക്കുമ്പോഴാണു കവി കടമ്മനിട്ട രാമകൃഷ്ണന്റെ "കുറത്തി' കാവ്യ ശില്പ്പമായി അവതരിപ്പിച്ചത്. അതിനുള്ള വസ്ത്രങ്ങളൊരുക്കിയത് സ്വന്തം ഭാവനയ്ക്കനുസരിച്ചും. നൃത്തം ഇഷ്ടപ്പെട്ട കടമ്മനിട്ട സമ്മാനങ്ങളുമായി വീട്ടിലെത്തിയത് മഞ്ജു മറന്നിട്ടില്ല. കവി മധുസൂദനന് നായരും കുറത്തിയുടെ അവതരണം കണ്ടിരുന്നു. അങ്ങനെയിരിക്കേ, അധ്യാപകനും നടനുമായ സുധീര്‍ കരമനയാണു "നാറാണത്തു ഭ്രാന്തന്' കാവ്യശില്പ്പമാക്കാന് പ്രോത്സാഹിപ്പിച്ചത്. ആദ്യാവതരത്തിലല്ലെങ്കിലും മധുസൂദനന് നായര്‍ വീണ്ടും ഖത്തറിലെത്തിയപ്പോള്‍ "നാറാണത്തു ഭ്രാന്തന്' കണ്ടു. ഹൃദയസ്പര്ശിയെന്നു പ്രതികരിച്ച അദ്ദേഹം നിരന്തരം കത്തുകളുമയച്ചു. അയ്യപ്പപ്പണിക്കരുടെ "ഉര്‍വശി' യെന്ന കവിത കാവ്യശില്പ്പമാക്കിയപ്പോഴും വസ്ത്രരൂപകല്‍പ്പന സ്വന്തം ഭാവനയില്തന്നെ. എങ്ങനെ വസ്ത്രങ്ങളൊരുക്കാമെന്നതിന്റെ ആദ്യ പാഠങ്ങള്‍ അവിടെത്തുടങ്ങിയെങ്കിലും പ്രഫഷനായി മാറുമെന്നു കരുതിയില്ല.
പ്ലസ്ടു പഠനത്തിനുശേഷം എന്‍ജിനീയറിങ് തെരഞ്ഞെടുക്കായിരുന്നു തീരുമാനമെങ്കിലും വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിയുടെ ഖത്തറിലെ ഫാഷന്‍ വിഭാഗം സന്ദര്‍ശിച്ചപ്പോഴാണു ശരിക്കുള്ള ഇഷ്ടം പുറത്തുന്നത്. എന്‍ജിനീയറിങ് എന്‍ട്രന്‍സ് പാസായെങ്കിലും ആയിടയ്ക്ക് കോഴിക്കോട് ആരംഭിച്ച ഫാഷന്‍ ഡിസൈനിങ് സ്കൂളിലേക്കും അപേക്ഷ അയച്ചിരുന്നു. അവിടുന്നുള്ള അറിയിപ്പുവന്നതോടെയാണു മറിച്ചു ചിന്തിച്ചത്. പഠനം കഴിഞ്ഞു മടങ്ങിയ മഞ്ജുലക്ഷ്മി, ഖത്തറില്‍ ഫാഷന്‍ ബിസിനസില്‍ മാസ്റ്റേഴ്സ് ബിരുദം നേടി. ഖത്തറിലെ വിര്‍ജീനിയ യൂണിവേഴ്സിറ്റിയില്തന്നെ ജോലിയും ലഭിച്ചു. പഠിപ്പിക്കുമ്പോഴും പ്രായോഗികതയ്ക്കാണ് അവിടെ മുന്‍ഗണന. വലിയ ഡിസൈനര്‍മാരുമായി ചേര്‍ന്നു ജോലി. പ്രോജക്ടുകളാണു കൂടുതല്‍. ഖത്തര്‍ രാജകുടുംബത്തില്‍നിന്നുള്ള ആളും ഈ സമയത്ത് ഒപ്പമുണ്ടായിരുന്നു. മഞ്ജുലക്ഷ്മിയുടെ ഡിസൈനുകള്‍ ഇഷ്ടപ്പെട്ട അവര്‍ കുടുംബത്തിലെ വിവാഹത്തിനുള്ള വസ്ത്രങ്ങളൊരുക്കാന്‍ ക്ഷണിച്ചു. ഇതു പ്രശസ്തമായതോടെ നിരവധിപ്പേര്‍ സമീപിച്ചു. സ്വന്തമായി ബിസിനസ് എന്ന സ്വപ്നത്തിന്റെ തുടക്കം അങ്ങനെ.
2005ല്‍ യൂണിവേഴ്സിറ്റിയില്‍ ജോലിക്കുകയറിയ മഞ്ജു 2012ല്‍ സ്വന്തം ബ്രാന്ഡുമായാണു പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഫാഷന്‍ ഷോകള്‍ വന്നു. ജോര്‍ദാന്‍ രാജ്ഞിക്കും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേലിനുവേണ്ടിയുമൊക്കെ ഡിസൈന്‍ ചെയ്യുന്ന സ്റ്റെഫാന്‍ റോളണ്ടിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. 2014ല്‍ ഇന്റര്‍നാഷണല്‍ വെഡ്ഡിങ് ആന്‍ഡ് ഫാഷന്‍ ഷോയില്‍ (ഐ. ഡബ്ലിയു.ഇ.ഡി.) പങ്കാളിയായി. മിഡില്‍ ഈസ്റ്റില്‍നിന്നുള്ള അഞ്ചു പേരില്‍ ഒരാളായിരുന്നു. പിന്നീട് മെഴ്സിഡസ് ബെന്‍സ് ഫാഷന്‍ ഷോയിലും ഖത്തര്‍ ഫാഷന്‍ ഷോയിലുമൊക്കെ മിന്നും താരമായി. അവിടെനിന്നും ഫാഷന്റെ പറുദീസയായ ന്യൂയോര്‍ക്കിലേക്കും ക്ഷണമെത്തി.
വിസ്മയം; ന്യൂയോര്‍ക്ക്
ഫാഷന്‍ വീക്ക്
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ "സ്നേഹത്തില്‍ ചാലിച്ച'തോടെയാണു മഞ്ജുലക്ഷ്മിയെന്ന പേര് ലോകമെമ്പാടുമെത്തിയത്. "ലവ്' എന്ന പ്രമേയത്തില്‍ 40 വസ്ത്രങ്ങളാണ് ഒരുക്കിയത്. കടുംചുവപ്പു റോസപ്പൂക്കളാല് ത്രസിപ്പിക്കുന്ന വേദിയിലാണു മഞ്ജു കാണികള്‍ക്കു വിരുന്നൊരുക്കിയത്. ഫാഷന്‍ വീക്കിന്റെ മിഡില്‍ ഈസ്റ്റില്‍നിന്നുള്ള ഡയറക്ടര്‍ പദവി സ്വന്തമാക്കിയാണ് അവിടുന്നു മടങ്ങിയത്. പിന്നീട് ഏഷ്യയില്‍നിന്നുള്ള ഡയറക്ടറായി.
ഡയറക്ടറുടെ ജോലി അത്ര എളുപ്പമല്ലെന്നു മഞ്ജു പറയും. 'സിനിമ പിടിക്കുന്ന സംവിധായകനെപ്പോലെയാണ്. എല്ലാവരെയും ഒന്നിച്ചുകൂട്ടി തീം (പ്രമേയം) ഉണ്ടാക്കണം. ഫെബ്രുവരിയിലും സെപ്റ്റംബറിലുമാണു പ്രധാന ഷോകള്‍. അതിനിടയില്‍ ചെറിയ ഷോകള്‍. പങ്കെടുക്കേണ്ട പ്രധാന വ്യക്തികള്‍ ആരൊക്കെയെന്നു നിശ്ചയിക്കണം. 2018ലെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിന്റെ ജോലികള്‍ തുടങ്ങിയത് 2017ല്‍ ആണ്. കലക്്ഷന്‍ ഉണ്ടാക്കുമ്പോള്തന്നെ അതിനു ചേര്‍ന്ന സ്റ്റോറികള്‍ ഉണ്ടാക്കണം. അവസാനംവരെ സംഗീതവും നിറ സംയോജവുമെല്ലാം ഒന്നിച്ചുപോകണം. ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ ന്യൂയോര്‍ക്കില്‍ അവതരിപ്പിച്ച വസ്ത്രങ്ങളിലൊന്നു ധരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏറെ സന്തോഷം തോന്നിയ നിമിഷമാണത്'- മഞ്ജു പറയുന്നു.
അമേരിക്കന്‍ നടിയും ഗായികയുമായ സോഫിയ കാഴ്സണുമായി സഹകരിക്കാന്‍ കഴിഞ്ഞതും വലിയ അംഗീകാരമായി. വെല്‍വെറ്റ് മാസികയുടെ കവര്‍പേജില്‍ കടുംവയലറ്റ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ സോഫിയ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനൊപ്പം "ഗില്‍സ് മഞ്ജുലക്ഷ്മി'യെന്ന ബ്രാന്‍ഡിന്റെ മൂല്യവും ഉയര്‍ന്നു. നിലവില്‍ പാരീസ് ഫാഷന്‍ ഷോയ്ക്കുള്ള തയാറെടുപ്പിലാണു മഞ്ജു.
നൂറുശതമാനം ഓര്‍ഗാനിക്കായ നൂലിഴകള്കൊണ്ടു നിര്‍മിക്കുന്ന വസ്ത്രങ്ങളാണ് 'ആദിമ'യിലൂടെ പുറത്തിറങ്ങുന്നത്. 'ഗില്‍സ് മഞ്ജുലക്ഷ്മി'യെന്ന ബ്രാന്ഡിനുതാഴെയാണതും. ആദ്യം ലിനന്‍ മാത്രമാണ് ഉപയോഗിച്ചതെങ്കിലും ആവശ്യമേറിയതോടെ സില്‍ക്കും ഉള്‍പ്പെടുത്തി. ഖത്തര്‍ രാജ്ഞി തെരഞ്ഞെടുത്ത അഞ്ചു പ്രശസ്ത ഫാഷന്‍ പ്രോജക്ടുകളിലൊന്നാണ് ആദിമ. "ഗില്‍സ് മഞ്ജുലക്ഷ്മി' നൂറുശതമാനം ഓര്‍ഗാനിക്ക് അല്ലെങ്കിലും ദീര്‍ഘകാലത്തേക്ക് ഉപയോഗപ്രദമാണ്. ദിവസങ്ങളെടുത്ത് രൂപകല്‍പ്പന ചെയ്യുന്ന വസ്ത്രങ്ങള്‍ അത്ര ഇഷ്ടത്തോടെ സൂക്ഷിച്ചുവയ്ക്കാനും താറാകുമെന്നു മഞ്ജു പറയുന്നു.
തരംഗമായി ഓസ്കര് വേദി
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനുശേഷം മഞ്ജുവിന്റെ ഡിസൈന്‍ ഓസ്കര് വേദിയിലും തരംഗമായി. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. ഫാത്മ ഹസനുവേണ്ടിയൊരുക്കിയ ഗൗണ്‍ നിര്‍മിക്കാന്‍ ഒരുമാസമെടുത്തു. ഓസ്കര് വേദിയിലെ ചടങ്ങുകള്‍ 12 മണിക്കൂര്‍വരെ നീളും. ഇതിനിടെ വസ്ത്രം ചുളിയാന്‍ പാടില്ല. ഇറ്റാലിയന്‍ ഫാക്ടറിയില്‍നിന്നു പ്രത്യേകം പറഞ്ഞാണ് വസ്ത്രം നെയ്തെടുത്തത്. "മിഡ്നൈറ്റ് ബ്ലൂ' എന്നു പേരിട്ട ഗൗണ്‍ രാജ്യാന്തര മാസികകളില്‍ വലിയ വാര്‍ത്തയായി.
2020ല്‍ ഖലീഫ അല്‍മാരിയുടെ "ഒലയാന്‍' എന്ന സിനിമയ്ക്കുള്ള വസ്ത്രങ്ങളൊരുക്കുകയെന്ന വെല്ലുവിളിയും മഞ്ജു ഏറ്റെടുത്തു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കഥ പറയുന്ന സിനിമ, അക്കാലത്തെ വസ്ത്ര രീതികളാണു പിന്തുടരുന്നത്. ധരിക്കുന്ന വസ്ത്രങ്ങളാണ് കഥാപാത്രത്തെ നിര്‍ണയിക്കുക. ഇതിനുള്ള പ്രത്യേകം തുണികള്‍ തപ്പിയെടുത്തു രൂപകല്‍പ്പന ചെയ്യുക വലിയ വെല്ലുവിളിയായിരുന്നു.- മഞ്ജു പറയുന്നു. ഈ സിനിമ പിന്നീടു കാന്‍ ഫിലിം ഫെസ്റ്റിവലിലും ഓസ്കറിലുമൊക്കെയെത്തി.
ഇന്ത്യയില്‍ ഈ രംഗത്തുള്ളവര്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ലെന്നു മഞ്ജു ചൂണ്ടിക്കാട്ടുന്നു. 'നാട്ടില്‍ കാണുന്നതല്ല രാജ്യാന്തര തലത്തില്‍ ഫാഷന്റെ വഴികള്‍. തയ്ക്കുന്ന രീതിയിലും പാറ്റേണുകളിലും വിവാഹ വസ്ത്രങ്ങളിലുമാണു കൂടുതല്‍ ശ്രദ്ധ. സാധ്യതകള്‍ ഏറ്റെടുക്കുകയെന്നതാണ് വേണ്ടത്..'
ഇന്ത്യന്‍ ഫാഷന്‍ രംഗത്തെ രാജ്യാന്തര തലത്തില്‍ മുകളിലെത്തിക്കുകയെന്ന ഉത്തരവാദിത്വംകൂടി ന്യൂയോര്‍ക്ക് ഫാഷന്‍വീക്കില്‍ ഡയറക്ടറായതിലൂടെ മഞ്ജുവിലെത്തി. 'ലോകത്തെമ്പാടും ഫാഷന്‍ രംഗത്തിനാവശ്യമായതെല്ലാം എത്തിക്കുന്നതില്‍ ഇന്ത്യക്കു മുഖ്യ പങ്കുണ്ട്. 25 ശതമാനത്തില്‍ കൂടുതല്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ ആശ്രയിക്കുന്നത് ഇന്ത്യന്‍ വിപണിയെയാണ്. അവര്‍ക്കുകൂടി സ്വീകാര്യമായ വിധത്തില്‍ ഇന്ത്യന്‍ ഫാഷന്‍ രംഗത്തെ മാറ്റിയെടുക്കണം'-മഞ്ജു പറയുന്നു.