Published:03 April 2022
"യാതനകളിൽ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിയുകയായിരുന്നപ്പോൾ എന്തു ചെയ്യുകയായിരുന്നു നിങ്ങൾ?'' ഓട്ടോ റെനെ കാസ്റ്റില്ലോയുടെ ഈ വരികളോടെയാണ് "പട' എന്ന സിനിമ ആരംഭിക്കുന്നത്. അധികാരം കൈയാളുന്ന മേലധികാരികളുടെ ഹുങ്കിനെ ഇടംവലം നോക്കാതെ "പട' ചോദ്യം ചെയ്യുന്നു. ഭരിക്കുന്നവരുടെ മുന്നിലേക്ക് ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുന്ന സിനിമകൾ ഇക്കാലത്ത് കുറവായിരിക്കാം. എന്നാൽ, ആദിവാസി വിഭാഗത്തിന്റെ ഗതികേടിനോടുള്ള മൂര്‍ച്ചയുള്ള പ്രതികരണമാണ് പട. സഹായിക്കാൻ മനസുണ്ടായിട്ടും നിസഹായരായി നിൽക്കേണ്ടി വരുന്ന, നേരിനൊപ്പം നിന്നതിനു ശിക്ഷിക്കപ്പെടുന്ന മനുഷ്യരുടെ കഥ കൂടിയാണിത്. പടയുടെ സംവിധായകൻ കെ.എം. കമല്‍ മെട്രൊ വാര്‍ത്തയോട് സംസാരിക്കുന്നു.
എന്തായിരുന്നു പടയ്ക്ക് പിന്നിലുള്ള പ്രചോദനം
ചരിത്രത്തെ തെറ്റായ രീതിയിലാണ് പലപ്പോഴും നമ്മള് വിശകലനം ചെയ്യുന്നത്. വീരപുരുഷന്മാരുടെ വിഗ്രഹനിർമിതികളോടാണ് പലപ്പോഴും താല്പര്യം. അറിയപ്പെടാതെ പോകുന്ന അനവധി പേരുടെ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഓരോ സമരചരിത്രവും. പടയിലെ എല്ലാ കഥാപാത്രങ്ങളും സാധാരണക്കാരാണ്. ഒരു വലിയ പ്രശ്നത്തെക്കുറിച്ചുള്ള അവരുടെ മാനുഷികമായ ഉത്കണ്ഠകളുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് പടയിലൂടെ അവതരിപ്പിച്ചത്. ഇതിലെ ഒരു നടനെയും വീരപുരുഷനോ, അമാനുഷികനോ ആക്കിയിട്ടില്ല. നമ്മുടെ തൊട്ടടുത്തുള്ളവരെപ്പോലെയാണ് ഇതിലെ ഓരോ കഥാപാത്രത്തെയും രൂപപ്പെടുത്തിയത്. എന്നെ സംബന്ധിച്ച്, ചരിത്രത്തെ എങ്ങനെയായിരിക്കണം നോക്കിക്കണേണ്ടത് എന്ന കൃത്യമായ വിലയിരുത്തല്‍ കൂടിയാണ് പട.
അധഃസ്ഥിതവിഭാഗത്തിന്റെ ഗതികേടിനോടുള്ള പ്രതികരണമാണ് പട. എപ്പോഴായിരുന്നു ഇത്തരമൊരു ചിന്തയുടെ ആരംഭം
കേവലം ഒരു സിനിമ എടുക്കാന്‍ തോന്നുമ്പോൾ മനസിലുണ്ടാകുന്ന ഒരു ചിന്ത മാത്രമായിരുന്നില്ല പട. ഇത്രയും കാലത്തെ ജീവിതത്തിനിടയിലെ അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പ്രതിഫലനം കൂടിയാണ്. 1996 ല്‍ ഈ സിനിമയില്‍ പ്രതിപാദിക്കുന്ന അയ്യങ്കാളിപ്പടയുടെ സമരം നടക്കുമ്പോള്‍ ഞാനൊരു മാധ്യമ വിദ്യാര്‍ഥിയായിരുന്നു. അന്ന് ക്ലാസില്‍ ആരോ വായിച്ച ആ വാര്‍ത്ത എന്നിലുണ്ടാക്കിയ ആകാംക്ഷയാണ് 25 വര്‍ഷത്തിന് ശേഷം ഒരു സിനിമയുടെ തിരക്കഥ എഴുതാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ മനസിലേക്ക് വന്നത്. 25 വര്‍ഷത്തിന് മുന്‍പ് അവര്‍ ഉന്നയിച്ച പ്രശ്നം എവിടെയുമെത്തിയില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവാണ് പട എന്ന സിനിമ.ആദിവാസികളുടെ അവകാശം മറന്നുകൊണ്ട് നിയമ നിർമാണം നടത്തിയിട്ടുള്ള ഈ വ്യവസ്ഥയെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നു എന്നതായിരുന്നു അന്ന് അവര്‍ മുഴക്കിയ മുദ്രാവാക്യം. 25 വര്‍ഷത്തിന് ശേഷവും ആ ചോദ്യത്തിന്റെ പ്രസക്തി വർധിച്ചുതന്നെയിരിക്കുന്നു. ആ പ്രസക്തിയില്‍ നിന്നാണ് പട എന്ന സിനിമ ഉണ്ടായത്. അല്ലാതെ ഒരു താരത്തെ കണ്ടപ്പോള്‍ പെട്ടെന്ന് പറഞ്ഞ കഥ ആയിരുന്നില്ല.
ഇവിടത്തെ വ്യവസ്ഥാപിതമല്ലാത്ത ഇടത് പാര്‍ട്ടികള്‍, ആദിവാസി ഗോത്ര മഹാസഭ, മറ്റ് ദളിത് സംഘടനകള്‍ തുടങ്ങിയവരെല്ലാം നടത്തിയ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമുണ്ട്. അത്തരം ചരിത്രവായനയിലേക്കാണ് പ്രേക്ഷകന്റെ ശ്രദ്ധയെ ക്ഷണിക്കുന്നത്. ജഡ്ജിക്കോ, ചീഫ് സെക്രട്ടറിക്കോ, കലക്ടര്‍ക്കോ ഒന്നും വ്യക്തമായി ഉത്തരം നൽകാന് കഴിയാത്ത വ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. ആ വ്യവസ്ഥയെ നയിക്കുന്നത് സവര്ണമേലങ്കിയണിഞ്ഞ അധികാരിവര്‍ഗമാണ്. അതുകൊണ്ടു തന്നെയാണ് "ഇത് ഒത്തുതീര്‍പ്പായോ' എന്ന് വിനായകന് അവതരിപ്പിക്കുന്ന ബാലു കല്ലാര്‍ ചോദിക്കുമ്പോള്‍ ജഡ്ജി നിസംഗമായ ഒരു ചിരി മറുപടിയായി നല്‍കുന്നത്. ജഡ്ജിയെ അവതരിപ്പിച്ച സലിംകുമാറിന്റെ ആവശ്യപ്രകാരം ആ സീന്‍ മൂന്ന് പ്രാവശ്യമാണ് റീ ടേക് എടുത്തത്.
ഇടത് വലത് ഭേദമില്ലാതെ കേരളത്തിലെ മുഖ്യാധാര രാഷ്ട്രീയപാര്‍ട്ടികളുടെ നാളിതുവരെയുള്ള ചെയ്തികളെ അതിശക്തമായ ഭാഷയില്‍ പട വിമര്‍ശിക്കുന്നുണ്ട്. തിരക്കഥാരചന എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു
അത്തരം എല്ലാ വെല്ലുവിളികളെയും രചനയുടെ ഘട്ടത്തില്‍ കൃത്യമായി പരിഹരിക്കുന്നുണ്ടായിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത രമേശ് കാഞ്ഞങ്ങാട്, അജയന് മണ്ണൂര്‍, ബാബു കല്ലറ, വിളയോടി ശിവന്‍കുട്ടി എന്നിവരുമായി വേണ്ട സമയങ്ങളില്‍ സംസാരിക്കാറുണ്ടായിരുന്നു. ഈ സമരത്തിന്റെ കൃതമായ വികാരം എന്താണെന്ന് എനിക്ക് മനസിലാക്കി തന്നത് ആദിവാസി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിനു കിടച്ചൂലനും ബിന്ദു ഇരുളവും ആയിരുന്നു. സിനിമയിലെ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഇവരുടെ പിന്തുണ എനിക്കുണ്ടായിരുന്നു.
സംഭവം നടന്നത് 1996 ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്തായിരുന്നു. ഇന്ന് കേരളം ഭരിക്കുന്നതും ഇടത് സര്ക്കരാണല്ലോ. ഇക്കാലത്തിനിടയില്‍ സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തില്‍ എന്തെങ്കിലും മാറ്റം വന്നതായി തോന്നുന്നുണ്ടോ
ഏതെങ്കിലും ഒരു പ്രത്യേക സര്‍ക്കാരിനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇടത് സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ സിനിമ പുറത്തിറങ്ങിയത് യാദൃച്ഛികത ആയിരിക്കാം. അന്ന് ഇടതിന് പകരം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചാലും ഈ നിയമം ഉണ്ടാകുമായിരുന്നു. ആദിവാസി ഭൂനിയമത്തിന്റെ നാള് വഴികള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാകും. ഏത് സര്‍ക്കാര്‍ വന്നാലും വ്യവസ്ഥിതി മാറുന്നില്ല. 1995 ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇടതും വലതും ഒന്നിച്ചു നിയമസഭയില്‍ വോട്ടു ചെയ്താണ് ബില്ല് രാഷ്ട്രപതിക്ക് അയച്ചത്. എന്നാല്‍ രാഷ്ട്രപതി അത് ഒപ്പു വയ്ക്കാതെ തിരിച്ചയച്ചു. ഈ നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് രാഷ്ട്രപതി അത് തിരിച്ചയച്ചത്. അതിന് ശേഷമാണ് കേരളത്തില്‍ സര്‍ക്കാര്‍ മാറുന്നത്. തുടര്‍ന്നു വന്ന നായനാര്‍ ഗവൺമെന്റ് ധൃതിപിടിച്ച് നിയമം ഭേദഗതി ചെയ്ത് നിയമസഭയില്‍ പാസാക്കുകയായിരുന്നു. ഇടതെന്നോ, വലതെന്നോ ഭേദമില്ലാതെ ഇത്രനാളും ആദിവാസികളുടെ ന്യായമായ അവകാശങ്ങളെ ചവിട്ടിയരച്ചുകൊണ്ടുള്ള നിയമഭേദഗതികളാണ് ഇവിടെ നടപ്പിലാക്കിക്കൊണ്ടിരുന്നത്.
ആദിവാസികള്‍ ഒരിക്കലും ഒരു പാർട്ടിയുടെയും വോട്ട് ബാങ്ക് ആയിരുന്നില്ല. കേരളത്തില്‍ ഒരു ശതമാനം മാത്രമുള്ള ഒരു ജനവിഭാഗത്തെ ആര്‍ക്കും എന്തും ചെയ്യാം എന്നതാണ് അവസ്ഥ. പട കണ്ടതിനു ശേഷം ചില കോണ്‍ഗ്രസ് എംഎല്‍എമാരും ഇടത് എംഎല്‍എമാരും എന്നെ വിളിച്ചിരുന്നു. സിനിമ കണ്ട് കണ്ണുനിറഞ്ഞു എന്നാണ് അവരെല്ലാം ഒരേ സ്വരത്തില്‍ എന്നോടു പറഞ്ഞത്. പട പുറത്തു വിട്ട രാഷ്ട്രീയ സത്യത്തെ കക്ഷിഭേദമില്ലാതെ നേതാക്കള്‍ അംഗീകരിക്കുകയാണ്.
പടയിലേയ്ക്കുള്ള വഴി
പട ഒരു പുസ്തകത്തില്‍ നിന്നുണ്ടായ സിനിമയല്ല. ഒരു ചര്‍ച്ചയ്ക്കിടയില്‍ എന്റെ മനസില്‍ ഉണ്ടായിരുന്ന ആശയം നിർമാതാവായ സി.വി. സാരഥിയോട് പറഞ്ഞു. സാരഥി അത് സിനിമയാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഞാന്‍ 1996 ലെ ആ പ്രതിഷേധ സമരത്തില്‍ ഭാഗഭാക്കായ വ്യക്തികളെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അന്ന് ബന്ദിയാക്കിയ കലക്ടറെ രക്ഷിച്ചെടുക്കാന്‍ വേണ്ടി അഹോരാത്രം പണിപ്പെട്ട ചീഫ് സെക്രട്ടറി ഉള്പ്പെടെയുള്ളയുള്ളവരെയും നേരില്‍ കണ്ട് സംസാരിച്ചു കാര്യങ്ങള്‍ മനസിലാക്കി. അതിന് ശേഷം 1990 കളിലെ കേരള രാഷ്ട്രീയത്തിന്റെ ശരിക്കുള്ള ചരിത്രം മനസിലാക്കാന്‍ വേണ്ടി ആര്.കെ. ബിജുരാജിന്റെ "നക്സല്‍ ദിനങ്ങള്‍' വായിച്ചു. പടയുടെ സ്ക്രിപ്റ്റ് നല്‍കുന്നതിന് മുന്‍പ്, ഞാന്‍ ചാക്കോച്ചന് നൽകിയത് നക്സല്‍ ദിനങ്ങള്‍ ആയിരുന്നു. ഇതിലെ എല്ലാ നടന്മാരും 90 കളിലെ കേരള രാഷ്ട്രീയം മനസിലാക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. പടയ്ക്ക് വേണ്ടി ഞാന്‍ നടത്തിയ ഗവേഷണം പൂര്‍ണമാകുന്നത് എന്റെ നടന്മാരെ ഈ വിഷയം കൂടുതല്‍ ശക്തമായി സ്വാധീനിക്കുമ്പോള്‍ കൂടിയാണല്ലോ.
ആദിവാസി സംരക്ഷകരായി വലിയ സമരപോരാട്ടങ്ങള്‍ നടത്തിയവര്‍ പോലും പിന്നീട് അവരെ വഞ്ചിച്ചുകൊണ്ടു അഴിമതിയുടെ ഭാഗമാകുന്നതു കേരളം കണ്ടതാണ്. പടയുടെ സംവിധായകന് ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്
അതെല്ലാം ജനങ്ങളുടെ മുന്നിലുള്ള കാര്യമാണല്ലോ. ചരിത്രത്തിന്റെ നിര്ഭാഗ്യങ്ങളാണതെല്ലാം. ആ വിഷയത്തില്‍ ഒരു വ്യക്തിയെയും കുറ്റം പറയേണ്ട കാര്യമില്ല. ചിലപ്പോള്‍ അതെല്ലാം അവരുടെ നിസഹായത കൊണ്ട് ചെയ്യുന്നതാവാം. സി.കെ. ജാനു പണം വാങ്ങിയെന്ന് പരാതി വന്നു. പക്ഷേ അവര്‍ക്ക് ആരാണ് ആ കാശ് വാഗ്ദാനം ചെയ്തത് എന്നതിനെക്കുറിച്ച് ആരും ഇവിടെ ചർച്ച ചെയ്യുന്നില്ലല്ലോ. ഏറ്റവും വലിയ വലതുപക്ഷ പാര്‍ട്ടിയുടെ കള്ളപ്പണം ഇലക്ഷന് സമയത്ത് ധാരാളമായി കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ട്. ആ പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അവരുടെ സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടിയാകാം. ഗതികേടുകൊണ്ടായിരിക്കാം ജാനുവിനെപ്പോലുള്ളവര്‍ പണം കൈപ്പറ്റിയത്. പണം കൊടുക്കുന്നവരെക്കുറിച്ചു നമ്മള് ചര്‍ച്ച ചെയ്യാതിരിക്കുകയും ജാനുവിനെപ്പോലുള്ളവരെ ക്രൂശിക്കുകയും ചെയ്യുന്നതിനോട് യോജിക്കാന്‍ കഴിയില്ല. കാര്യമറിയാതെ ജാനുവിനെ ക്രൂശിക്കുന്ന പൊതുസമൂഹത്തോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ.
ആദിവാസി സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുന്നില്‍ നിന്ന രണ്ടു നേതാക്കളായിരുന്നു കെ.ആര്. ഗൗരിയമ്മയും വി.എസ്. അച്യുതാനന്ദനും. ഇവർക്കും ആദിവാസികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായെന്ന് തോന്നിയിട്ടുണ്ടോ
അവർക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് യാഥാർഥ്യം. ഇവിടത്തെ സംവിധാനങ്ങൾ അത്തരത്തിലാണ്. വര്‍ഷങ്ങളായി കാടിന്റെ സംസ്കാരത്തില്‍ ജീവിക്കുന്ന ആദിവാസികളെ ലക്ഷം വീട് കോളനികളിലേക്ക് പറിച്ചു നടുന്നതണോ ആദിവാസി ക്ഷേമം? അവരുടെ സ്വത്വവും ജീവശ്വാസവും എടുത്തുകളഞ്ഞുകൊണ്ട് അവരെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ വികലമായ കാഴ്ചപ്പാടിന്റെ പ്രശ്നമാണിതെല്ലാം. ആദിവാസികളുടെ ആദിമ സംസ്കാരത്തെ കാണാനുള്ള കാഴ്ച സര്‍ക്കാരിനില്ലാത്തത് അധികാരത്തിന്റെ അന്ധത ബാധിച്ചിരിക്കുന്നതു കൊണ്ടാണെന്നേ എനിക്ക് പറയാന്‍ കഴിയൂ.