Published:14 April 2022
"പുനരധിവാസം' മുതൽ "ഒരുത്തീ' വരെയുള്ള ചലചിത്രസപര്യ. വിജയപരാജയങ്ങളെ കീറിമുറിക്കാൻ നിൽക്കാതെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാൻ കാണിക്കുന്ന മനോധൈര്യം. അതാണ് പരസ്യചിത്ര കലയിൽ നിന്നും സിനിമയിലേക്കുള്ള വി.കെ പ്രകാശിന്റെ യാത്ര. വൈവിധ്യമായ സിനിമകൾ ചെയ്യുന്ന സംവിധായകൻ, ഇടവേളകൾ ഇല്ലാതെ ചിത്രങ്ങൾ ചെയ്യുന്ന സംവിധായകൻ എന്നീ നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് വി.കെ.പി എന്ന വി.കെ. പ്രകാശ്. മലയാള സിനിമയ്ക്കു പല സാങ്കേതിക സംവിധാനങ്ങളെയും ആദ്യമായി പരിചയപ്പെടുത്തി. മലയാളത്തിൽ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കംക്കുറിച്ചത് വി.കെ. പ്രകാശ് സംവിധാനം ചെയ്ത "മൂന്നാമതൊരാള്‍' എന്ന ചിത്രത്തിലൂടെ ആയിരുന്നു. 2022 ലെ വി.കെ.പിയുടെ ആദ്യ ചിത്രമാണ് "ഒരുത്തീ'. നീണ്ട പത്ത് വര്‍ഷത്തിന് ശേഷം നവ്യ നായര്‍ മലയാളത്തിലേക്കു തിരിച്ചുവരുന്ന ചിത്രംകൂടിയാണ്. ഒരു സ്ത്രീപക്ഷ സിനിമ എന്ന രീതിയില്‍ തിയറ്റെറുകളിലെത്തിയ ഒരുത്തീ ഗംഭീര വിജയമാണ് നേടിയത്. വി.കെ.പി. മെട്രൊ വാര്‍ത്തയോട് സംസാരിക്കുന്നു.
"ഒരുത്തീ' വന്ന വഴി
ഒരുത്തീയുടെ തിരക്കഥാകൃത്ത് സുരേഷ് ബാബുവാണ് എന്നോട് ആദ്യം സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ഞാൻ ഈ സിനിമയുടെ ഭാഗമാകും മുൻപേ തന്നെ നവ്യ നായരെ കേന്ദ്രകഥാപാത്രമായ രാധാമണിയായി സുരേഷ് ബാബു തെരഞ്ഞെടുത്തിരുന്നു. അങ്ങനെ തുടക്കംമുതല്‍ തന്നെ സിനിമയുടെ ചർച്ചകളിൽ നവ്യയും പങ്കാളിയായി. നിരന്തരമായ ചർച്ചകളിലൂടെയാണ് "ഒരുത്തീ' ഒരുങ്ങിയത്. പിന്നെ പതിയെ പതിയെ ചിത്രം സംഭവിക്കുകയായിരുന്നു. ഒരുത്തീ ഒരിക്കലും ഒരു സ്ത്രീപക്ഷ സിനിമയല്ല. മറിച്ച് അതൊരു സാധാരണ കുടുംബ ചിത്രമാണ്. കഥ മുന്നോട്ട് പോകുന്നത് സാഹചര്യം നൽകുന്ന തിരിച്ചറിവിന്റെ സഹായത്തോടെയാണ്.
രാധാമണിയെ വിജയിപ്പിച്ച നവ്യ
നവ്യയോടൊപ്പം ആദ്യമായാണ് സിനിമ ചെയ്യുന്നത്. ഇതിനു മുൻപ് നവ്യ ചെയ്ത ചിത്രങ്ങളൊക്കെ കണ്ടിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറച്ചു കൂടി റിയലിസ്റ്റിക്കായ കഥാപാത്രമാണിത്. രാധാമണിയെ മികച്ചതാക്കിയതിനു പിന്നില്‍ നവ്യയുടെ കഠിനാധ്വാനം മാത്രമാണ്. രാധാമണി എന്ന വീട്ടമ്മയെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ജീവിതം തട്ടി മുട്ടി മുന്നോട്ടു കൊണ്ടുപോകാൻ നെട്ടോട്ടമോടുന്ന കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കുമൊപ്പം പ്രേക്ഷകരും സഞ്ചരിക്കുന്ന രീതിയിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്.
പരാജയങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല
ഒരുത്തീ ഒരു സാധാരണക്കാരിയുടെ പോരാട്ടത്തിന്റെ കഥയാണ്. യഥാർഥ സംഭവം അതേ റിയാലിറ്റിയോടെ പ്രേക്ഷകരിലേക്ക് എങ്ങനെയെത്തിക്കാം എന്നായിരുന്നു സിനിമയെ കുറിച്ച് അറിഞ്ഞപ്പോൾ മുതലുള്ള എന്റെ ചിന്ത. ഏതു താരമാണ് എന്ന് നോക്കുന്നതിലുപരി എന്നെ ആകർഷിക്കുന്ന തിരക്കഥ വന്നാൽ പരമാവധി ഞാനത് ചെയ്യാൻ ശ്രമിക്കാറുണ്ട്. അത് വിജയിക്കുമോ, പരാജയപ്പെടുമോ എന്നതൊന്നും എന്നെ അലട്ടാറില്ല. ഒന്നിലധികം കാര്യങ്ങൾ ഒരെ സമയം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടാകാം പരാജയങ്ങളും വിജയങ്ങളും ഒരേ പോലെ എനിക്ക് നേരിടാനാകുന്നത്. പിന്നെ ഒന്നിൽ തടഞ്ഞു നിൽക്കാതെ അടുത്തത് എങ്ങനെ ചെയ്യാമെന്നാണ് എപ്പോഴും ഞാൻ ആലോചിക്കുക.
ഒരുത്തീക്ക് കിട്ടിയ വരവേൽപ്പ്
മാർച്ച് 11നാണ് ഒരുത്തീ തിയെറ്ററുകളിലെത്തുന്നത്. സിനിമ ഇപ്പോഴും തിയെറ്റർ വിട്ടിട്ടില്ല. ഒരുത്തീയുടെ വിജയം ഞങ്ങൾക്കെറെ സന്തോഷം തരുന്നതാണ്. സാധാരണ ഇത്തരം സിനിമകൾ കാണാൻ തിയെറ്ററിൽ ആധികം ആളു കേറാറില്ല. ടിവിയിലോ ഒടിടി പ്ലാറ്റ്ഫോമുകളിലോ വരുമ്പോൾ തപ്പിപ്പിടിച്ച് കാണുന്നവരാണ് ഭൂരിപക്ഷവും. പക്ഷേ ഒരുത്തീക്ക് അതിൽ നിന്ന് വ്യത്യസ്തമായി മികച്ച പ്രതികരണമാണ് ലഭിച്ചത്. സാധാരണക്കാരുടെ സിനിമയായതിനാലാകാം ഇത്തരത്തിലൊരു സ്വീകരണം പ്രേക്ഷകർ തന്നത്. സിനിമ കണ്ട ശേഷം ഒരുപാടു പേര് വിളിച്ചും മെസേജ് അയച്ചും അഭിപ്രായം പറഞ്ഞു. കൂടുതൽ പേരിലേക്ക് സിനിമ എത്തുന്നു എന്നറിയുന്നതിൽ സന്തോഷം.
വിനായകന് അടിപൊളി
തോൽക്കാനും ജയിക്കാനും ഒരവസരം വേണ്ടേ എന്ന് ചോദിക്കുന്ന കഥാപാത്രമാണ് വിനായകന് അവതരിപ്പിച്ച എസ്ഐ ആന്റണി. വിനായകന് അതു നന്നായി ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. അൽപം വിധേയത്വമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ആന്റണി. തന്റേതായ നിലപാടുകൾ സൂക്ഷിച്ചിട്ടും ഒരു സിസ്റ്റത്തിൽ കുടുങ്ങിക്കിടക്കേണ്ടി വരുന്ന നെറിയുള്ള പൊലീസ് ഉദ്യോഗസ്ഥൻ. തന്റെ അടുത്തെത്തുന്ന നിസഹായരായരെ സഹായിക്കാനുള്ള മനസ് അയാൾക്കുണ്ട്. പക്ഷേ സാമൂഹിക ചുറ്റുപാടും അധികാരമുള്ളവർ നൽകുന്ന കെട്ടുപാടുകളും പലപ്പോഴും അയാളെയും നിസഹയനാക്കുന്നു. നിവൃത്തിയില്ലാത്ത അവസ്ഥയിൽ ചുറ്റുപാടുകൾക്കുള്ളിൽ നിന്നുകൊണ്ട് നിയമത്തെ അനുസരിച്ച് അയാൾ പ്രതികരിക്കുന്നുമുണ്ട്. ജയിക്കണമെന്ന് ഉറച്ച വാശി അയാൾക്കുണ്ട്. ജാതീയമായ ചുറ്റുപാടോ, തൊഴിൽപരമായ സാഹചര്യങ്ങളോ ഏതാണ് ആ വാശിയുടെ രാഷ്ട്രിയമെന്ന് പ്രേക്ഷകർക്ക് തീരുമാനിക്കാം. അതിനുള്ള അവസരവും സിനിമ നൽകുന്നുണ്ട്. സാധാരണയായി അഗ്രസീവായ ക്യാരക്ടറുകൾ ആണ് വിനായകൻ ചെയ്യാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി ഈ വേഷവും നന്നായിണങ്ങുമെന്നയാൾ തെളിയിച്ചു. അയാൾ അടിപൊളി നടനല്ലേ.
ഇന്നിന്റെ രാഷ്ട്രീയം
ഒരുത്തീ പറയുന്നത് ഇന്നിന്റെ രാഷ്ട്രീയമാണ്. അപ്പുറത്ത് കോടികളുടെ കണക്കുകൾ. ഇപ്പുറത്ത് ജീവിതം പിടിച്ചു നിർത്താനുള്ള നെട്ടോട്ടം. ആ മനുഷ്യരുടെ രാഷ്ട്രീയം. സാധാരണക്കാരുടെ ജീവിതവുമായി ചേർന്നു നിൽക്കുന്നതാണ് സിനിമ.
രണ്ടാം ഭാഗം വരും
ഒരുത്തീക്ക് രണ്ടാം ഭാഗം പ്രതിക്ഷിക്കാം. സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രാധാമണിയുടെ പോരാട്ടമാണ് ഇപ്പോൾ കണ്ടത്. അടുത്തതിൽ കാണുന്നത് സാഹചര്യങ്ങൾ കൊണ്ട് തീയായ പെണ്ണിന്റെ പോരാട്ടമാണ്. അതിലൊരു പൊലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയും പ്രതീക്ഷിക്കാം. വിനായകന്റെ കഥാപാത്രത്തെ അൽപം വിധേയത്വമുള്ള തരത്തിലാണ് ഇപ്പോൾ നമ്മൾ ഒരുക്കിയത്. അതേ രീതിയിൽ തന്നെയായിരിക്കും ഇനി ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നതും. നേരത്തെ അതിജീവനമാണ് കണ്ടതെങ്കിൽ ഇനി കാണാൻ പോകുന്നത് രാധാമണിയുടെ പോരാട്ടമാണ്.
നായികാ പ്രാധാന്യമുള്ള സിനിമകൾ
നായികാ പ്രാധാന്യമുള്ള സിനിമകൾ ആദ്യമായല്ല ഞാൻ ചെയ്യുന്നത്. പ്രാണ, ഒരുത്തീ, ട്രിവാൻഡ്രം ലോഡ്ജ് ഒക്കെ ഞാൻ ചെയ്ത നായികാ പ്രാധാന്യമുള്ള സിനിമകളാണ്. എന്നിലേക്കെത്തുന്ന കഥ ആവശ്യപ്പെടുന്ന രീതിയിലാണ് ഞാന്‍ എന്റെ സിനിമകളില്‍ അവലംബിക്കുന്നത്.
പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്
സിനിമയ്ക്ക് മുന്നിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ബന്ധത്തിന് പങ്കുണ്ട്. സിനിമയുടെ ഷൂട്ടിങ് സ്റ്റൈൽ, വിഷ്വലൈസേഷൻ, എഡിറ്റിങ് ഒക്കെ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. പക്ഷേ അതിനെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങോടെ തിരക്കഥാകൃത്തും സംവിധായകനും മുന്നോട്ട് പോകണമെന്ന് മാത്രം. സീനുകൾക്കനുസരിച്ചുള്ള സംഗീതത്തെ കുറിച്ചും വ്യക്തമായ ധാരണ വേണം. വളരെ റിയലിസ്റ്റിക്കായി ഒരുത്തീയെ കൊണ്ടു പോകുക എന്നതായിരുന്നു എന്റെ ആവശ്യം. എല്ലാ അഭിനേതാക്കള്‍ക്കും നാടകത്തിൽ ചെയ്യുന്ന പോലെ ഫുൾ ആക്റ്റിവിറ്റി കൊടുത്തിരിക്കുകയായിരുന്നു. സിനിമയിലെ ഓരോ കഥാപാത്രത്തിനും അവരുടെതായ പ്രാധാന്യം ഉണ്ടാകാൻ അത് സഹായിച്ചു.
പുനരാധിവാസവും നിര്‍ണായകവും
എനിക്കേറെ പ്രിയപ്പെട്ട രണ്ട് ചിത്രങ്ങളാണ് നിര്‍ണായകവും പുനരധിവാസവും. ഒരുത്തീയിലെ പോലെ ഓട്ടമായിരുന്നില്ല നിർണായകം. എനിക്ക് നിരവധി അവാർഡുകൾ നേടിതന്ന സിനിമ കൂടിയാണത്. ഏകദേശം പതിമൂന്ന് വർഷക്കാലം പരസ്യ ചിത്രീകരണരംഗത്ത് നിന്ന ശേഷമാണ് ആദ്യ സിനിമയായ പുനരധിവാസം സംവിധാനം ചെയ്യുന്നത്. എനിക്കേറെ തൃപ്തി നൽകിയ സിനിമ കൂടിയാണത്. എഴുത്തുകാരിയായ മാനസിയുടെ മൂന്ന് ചെറുകഥകളെ അടിസ്ഥാനമാക്കി ചെയ്ത സിനിമയായിരുന്നു അത്. തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിലെ സഹപാഠിയും എന്റെ സീനിയറുമായിരുന്ന പി. ബാലചന്ദ്രന്റെ തിരക്കഥയിലും സംഭാഷണത്തിലുമാണ് പുനരധിവാസം ഒരുങ്ങിയത്. നന്ദിതാദാസും മനോജ് കെ. ജയനുമായിരുന്നു നായികാ നായകന്മാർ. അന്ന് മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ അവാർഡ്, മികച്ച നവാഗത സംവിധായകൻ, മികച്ച കഥ, മികച്ച ഗാനരചന എന്നിങ്ങനെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എല്ലാം ലഭിച്ചിരുന്നു. പിന്നീട് നിരവധി ചലച്ചിത്ര മേളകളിലായി ഏകദേശം ഇരുപതിലധികം അവാർഡുകളും.
സിനിമയാണ് "പാഷൻ'
സിനിമയാണ് എനിക്ക് എല്ലാം. അതിനോടാണ് എനിക്കെറെ ഇഷ്ടവും. ഹിന്ദിയിൽ പുറത്തിറക്കിയ ഫ്രീകി ചക്ര എന്ന ചിത്രമായിരുന്നു എന്റെ രണ്ടാമത്തെ സിനിമ. ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു അത്. അതിനും ശേഷം മലയാളത്തിലും ഏറെ ചിത്രങ്ങൾ ചെയ്യാനായി. കൊമേഴ്സ്യലി ഹിറ്റുകളായും അല്ലാതെയുമായി നിരവധിയെണ്ണം ചെയ്തു. കന്നഡ, മറാത്തി, തെലുങ്ക് എന്നീ ഭാഷകളിലും ചില ശ്രമങ്ങള്‍ നടത്തി.
വിനായകന്റെ പ്രസ്താവന
ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണല്ലോ വിവാദത്തിനിടയാക്കിയ അഭിപ്രായം വിനായകൻ പറഞ്ഞത്. വിനായകന്റെ അഭിപ്രായത്തിൽ എനിക്കിടപെടാനാകില്ല. അത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. എങ്കിലും അവിടെ വച്ച് മൈക്ക് വാങ്ങാൻ ഞാനൊരു ശ്രമം നടത്തിയിരുന്നു. പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ചുതുകൊണ്ടു കൂടിയാണ് അയാള്‍ അങ്ങനെ മറുപടി പറഞ്ഞതും. എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ എന്റേതായ മറുപടി പറയുമായിരുന്നു.