Published:30 April 2022
'അസ്സലാമു അലൈക്കും യാ ശഹ്റു റംസാൻ' എന്ന് ഇന്നലെ വെള്ളിയാഴ്ച പള്ളി മിമ്പറുകളിൽ നിന്നും ഇമാമീങ്ങൾ പാവനമായ റംസാനിന് ചൊല്ലിയപ്പോൾ തേങ്ങാത്ത മുസ്ലിം മാനസങ്ങൾ ഉണ്ടാവില്ല. പുണ്യങ്ങൾ അണമുറിയാതെ പ്രവഹിച്ച പരിശുദ്ധ റംസാനോട് നമ്മൾ വിടവാങ്ങുമ്പോൾ മുസ്ലിം ജനസാമാന്യം നഷ്ടവസന്തത്തിന്റെ ദുഃഖത്തിലാണ്. ഇതോടൊപ്പം തന്നെ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിൽ വീണ്ടും പങ്കാളിയാകുവാൻ സാധിച്ചതിലുള്ള സന്തോഷത്തിലുമാണ്. രണ്ടോ മൂന്നോ ദിന രാത്രങ്ങൾ കഴിഞ്ഞാൽ ഈദ് ആഘോഷത്തിലേക്ക് കടക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ.
പുണ്യങ്ങളുടെ പൂമഴ വർഷിച്ച പരിശുദ്ധ റംസാനെ വരവേൽക്കാൻ ഇനിയും ഒരു വർഷം കാത്തിരിക്കണമെന്ന സത്യമാണ് വിശ്വാസിയെ ഇപ്പോൾ വ്യാകുലപ്പെടുത്തുന്നത്. ആയിരം മാസത്തെക്കാൾ പുണ്യം നിറഞ്ഞ "ലൈലത്തുൽ ഖദറി'ന്റെ പുണ്യവുമായി വീണ്ടും വിരുന്നെത്തുന്ന പുണ്യ റംസാനെ വരവേൽക്കാൻ നാം ആരൊക്കെ ഉണ്ടാവും എന്ന ചിന്ത വിശ്വാസികളെ വല്ലാതെ അലട്ടുന്നുണ്ട്. നന്മ നിറഞ്ഞ ദിനരാത്രങ്ങളെ വീണ്ടും ആവേശപൂർവം, ആരാധനയോടെ, അർഹിക്കുന്ന ആദരവോടെ, സ്വീകരിക്കാനും സംതൃപ്തിയോടെ യാത്രയയയ്ക്കുവാനും നാഥാ ഞങ്ങളെ തുണക്കണമേ എന്ന് നമുക്ക് ആത്മാർഥമായി ഈ വേളയിൽ പ്രാർഥിക്കാം. പുണ്യങ്ങളുടെ പൂക്കാലമായ റംസാനിലൂടെ വിശപ്പിന്റെ രുചിയറിഞ്ഞ, പാവപ്പെട്ടവന്റെ ദുരിതം മനസിലാക്കി, സഹായസഹകരണ മനഃസ്ഥിതിയോടെ പൊതുജീവിതം നയിക്കുവാനുള്ള പ്രതിജ്ഞയുമായാണ് മുസ്ലിം സമുദായം വിശുദ്ധ മാസത്തോട് വിട ചൊല്ലുന്നത്. റംസാനെ അറിയുന്നവർക്ക്, വിശുദ്ധിയുടെ മാസത്തെ കൈവിടാൻ മനസുണ്ടാവില്ല എന്നത് യാഥാർഥ്യമാണ്. പുണ്യ പ്രവർത്തനങ്ങൾകൊണ്ടും നിസ്കാരങ്ങൾ കൊണ്ടും ഇഅത്തികാഫ് കൊണ്ടും കാരുണ്യത്തിനും അനുഗ്രഹത്തിനും പാപമോചനത്തിനും നരക വിമുക്തിക്ക് വേണ്ടിയുമുള്ള ആത്മാർഥമായ പ്രാർഥനകൾ കൊണ്ടും, ദിക്റ് സ്വലാത്ത് ഖുർആൻ പാരായണം കൊണ്ടും പുണ്യ റംസാനെ ധന്യമാക്കിയവർക്ക് ഈ വിടവാങ്ങൽ സന്തോഷവും സന്താപവും ഒരുപോലെ നൽകുന്നു.
ദാനധർമങ്ങൾ കൊണ്ടും സദ്പ്രവർത്തനങ്ങൾകൊണ്ടും റംസാനെ ഹയാത്ത്'ആക്കിയവർക്ക് ആഹ്ലാദവും ആനന്ദവും സമ്മാനിക്കുന്ന അവസരം കൂടിയാണിത്. ആത്മസമർപ്പണത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും മാസമായ റംസാനു ശേഷം വിശ്വാസികൾ കടന്നു ചെല്ലുന്നത് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാളിന്റെ ആഹ്ലാദാനന്ദ വേളയിലേക്കാണ്. പിന്നിട്ട പുണ്യ മാസത്തിലേക്ക് തിരിഞ്ഞുനോക്കുവാൻ വിശ്വാസികൾ തയാറാകണം. പുണ്യ റംസാന് അർഹിക്കുന്ന ആദരവും സ്വീകരണവും നാം നൽകിയോ?
അല്ലാഹുവിന്റെ അടുക്കൽ വ്രതം കുറ്റമറ്റതാക്കാൻ നമുക്ക് സാധിച്ചോ? പരിശുദ്ധ ഖുർആൻ അവതീർണമായ റംസാനിൽ ഖുർആനിനെ വേണ്ടവിധത്തിൽ ആദരിക്കുവാനും അനുസരിക്കുവാനും നമുക്ക് കഴിഞ്ഞുവോ? ആയിരം മാസത്തെക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദറിന്റെ രാവിൽ ഇറങ്ങിയ മാലാഖമാരുടെ ആശ്വാസ വചനങ്ങൾ നമുക്ക് സ്വായാത്തമാക്കുവാൻ സാധിച്ചുവോ? നരക വിമുക്തിയുടെ രാപ്പകലുകൾ നാം യഥാവിധി ഉപയോഗിച്ചുവോ? അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകളിൽ ഖേദം പ്രകടിപ്പിച്ച് കരുണാമയനായ അല്ലാഹുവിൽ അഭയം പ്രാപിച്ച് പശ്ചാത്തപിച്ചു മടങ്ങുവാൻ ആത്മാർഥമായി ശ്രമിച്ചുവോ? വിശുദ്ധ റംസാൻ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയോ? നാമോരോരുത്തരും ഇക്കാര്യങ്ങൾ ചിന്തിക്കുകയും അതിനനുസരിച്ച് ഇന്നുമുതൽ
മുന്നോട്ടു പോകുവാനും തയാറാകണമെന്ന സന്ദേശം നാം ഉൾക്കൊള്ളണം.
റംസാൻ വിടവാങ്ങി പ്രാർഥനാനിർഭരമായ ചെറിയപെരുന്നാൾ ആഘോഷത്തിനായാണ് മുസ്ലിം ലോകം കാത്തിരിക്കുന്നത്. റംസാൻ 29 ന് ചന്ദ്ര ദർശനം ഉണ്ടായാൽ തിങ്കളാഴ്ചയും അല്ലെങ്കിൽ ചൊവ്വാഴ്ചയുമായിരിക്കും ഈദ്. റംസാനിലൂടെ നാം ആർജിച്ച വിശുദ്ധിയും ചൈതന്യവും വിശ്വാസ ദൃഢതയും ആവേശവും എക്കാലവും നിലനിർത്തുവാൻ പ്രതിജ്ഞ ചെയ്യുക. അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാകണം ഈദുൽഫിത്തർ ആഘോഷം. ഇസ്ലാമിലെ ആഘോഷം അതിരുകടക്കാൻ പാടില്ല എന്നത് ഓരോ വിശ്വാസിയും ഓർക്കുകയും ആരാധനയിൽ അധിഷ്ഠിതമായ ചെറിയ പെരുന്നാൾ ആഘോഷത്തിന് ഓരോരുത്തരും തയാറാവുകയും ചെയ്യേണ്ടതുമാണ്. റംസാനിൽ നാം കാത്തുസൂക്ഷിച്ച പവിത്രതയും സൂക്ഷ്മതയും ആഘോഷ സുദിനത്തിലും തുടർന്നും പിന്തുടരുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.