Published:01 May 2022
"ഹിസ് ബ്രെയ്ൻ ഈസ് സ്റ്റിൽ വൈബ്രന്റ് '- സിബിഐയെ ഏറെ കുഴപ്പിച്ച ഒരു കേസിൽ കൃത്യമായ തെളിവ് സമ്മാനിച്ച ഓഫീസർ വിക്രത്തെ നോക്കി സേതുരാമയ്യൻ പറയുന്ന ഡൈലോഗാണിത്. അതെ, ആ വാക്കുകൾ തന്നെ കടമെടുത്താൽ വർഷങ്ങളെത്ര പിന്നിട്ടാലും സേതുരാമയ്യരുടെ തലച്ചോറിന് പകരംവയ്ക്കാൻ മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് തിയറ്റർ വിടാം. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന ചിത്രം. സേതുരാമയ്യറായി മമ്മൂട്ടിയുടെ പകർന്നാട്ടം, ഒപ്പം സത്യദാസായി സായിക്കുമാറും ഞെട്ടിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഒരു മന്ത്രി ഡൽഹിയിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള യാത്രയിൽ ഫ്ലൈറ്റിൽ വച്ച് കൊല്ലപ്പെടുന്നു. പിന്നാലെ അയാളുടെ പേഴ്സണൽ ഡോക്റ്ററും, കേസിൽ ഇടപെട്ട ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെടുന്നു. പിന്നാലെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഒരാൾ മിസിങ്ങാകുന്നു. ഇതിനിടെ ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഒരു സിഐയും കൊല്ലപ്പെടുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഉത്തരവാദിത്വം ഡിവൈഎസ്പി സത്യദാസിന്. പഴയ സ്വഭാവത്തിൽ നിന്ന് ഒരു മാറ്റവും സംഭവിക്കാത്ത സത്യദാസ് കേസ് തന്റെ വഴിക്ക് കൊണ്ടുപോകുന്നു. ഈ അവസരത്തിലാണ് തന്റെ ഭർത്താവിന് നീതിവേണമെന്ന അവശ്യവുമായി സിഐയുടെ ഭാര്യ കോടതി വഴി കേസ് സിബിഐയെ ഏൽപ്പിക്കുന്നത്. അങ്ങനെ ചിത്രം തുടങ്ങി അരമണിക്കൂറുകൾക്ക് ശേഷമാണ് സേതുരാമയ്യറുടെ മാസ് എൻട്രി. പിന്നീട് കേസിന്റെ കാരണവും അന്വേഷിച്ചുള്ള യാത്രയാണ് ആദ്യ പകുതി.
രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ ചുരുൾ അഴിക്കാനുള്ള നീക്കം. എന്നാൽ ഈ കേസുകൾ ഒരുമിപ്പിക്കുന്ന ഒരു പ്രധാന തുമ്പ് ലഭിക്കാതെ വരുമ്പോൾ പ്രേക്ഷകരും സേതുരാമയ്യരുടെ തത്രപ്പാടിലേക്ക് നീങ്ങുന്നുണ്ട്. ഒന്നാം ഭാഗത്തിൽ നേരിയ മെല്ലപ്പോക്ക് തിരക്കഥയിലുണ്ടെങ്കിലും പിന്നാലെ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളി ത്രില്ല് സമ്മാനിക്കുന്നു. വിക്രമായി ജഗതി ശ്രീകുമാർ എത്തുമ്പോൾ ആ രംഗം തന്നെയാണ് ഏതൊരു ട്വിസ്റ്റിനെക്കാളും സസ്പെൻസിനെക്കാളും പ്രേക്ഷകരുടെ മനസിൽ തട്ടുന്നത്.വരുന്നത് ഒരൊറ്റ സീനിൽ ആണെങ്കിലും ആ നിമിഷത്തിലാണ് സേതുരാമയ്യർ ഒരു വേള ആശ്വാസം കണ്ടെത്തുന്നത്. മലയാളത്തിന്റെ പ്രിയ നടൻ സേതുരാമ്മയ്യരെ സഹായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നുണ്ട് ആ ഓഫീസർക്ക്. മനസ് നിറഞ്ഞാണ് മമ്മൂട്ടിയിലെ നടൻ ഓരോ നിമിഷവും അഭിനയിച്ചിരിക്കുന്നത്. ആ നിസഹായ അവസ്ഥ സിനിമയിൽ മാത്രമല്ല ജീവിതത്തിലും അങ്ങനെയാണല്ലോ എന്ന ചിന്ത പ്രേക്ഷകരുടേയും കണ്ണ് നനയിക്കും.
പശ്ചാത്തല സംഗീതം തന്നെയാണ് ഓരോ നിമിഷവും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാതെ പ്രേക്ഷകരെ നിർത്തുന്നത്. ജെക്സ് ബിജോ തൊടുന്ന എല്ലാം പൊന്നാക്കുന്നുണ്ട്. രഞ്ജി പണിക്കരും, പഴയ ചാക്കോ മുകേഷും, പ്രശാന്ത് അലക്സാണ്ടറും, രമേശ് പിഷാരടിയും, അൻസിബ ഹസനും സേതുരാമയ്യർക്ക് കൂട്ടായി അന്വേഷണത്തിനെത്തുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ ചില മുൻ ചത്രങ്ങളുടേയും റഫൻസ് എടുത്തിട്ടുണ്ടെന്ന് തോന്നുന്നുണ്ട്. സ്വർഗചിത്ര അപ്പച്ചാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഒടുവിൽ കുറ്റവാളിയിലേക്ക് വിൽചൂണ്ടി ചിത്രം അവസാനിക്കുമ്പോൾ ആറാം ഭാഗം ഉണ്ടാകുമെന്ന് പറയാതെ പറയുന്നുണ്ട്. സേതുരാമ്മയ്യർ തന്നെ വരുമ്പോൾ കാത്തിരിക്കാം ഇനിയും തീരാത്ത സിബിഐ ചിത്രങ്ങളുടെ അടുത്ത ഭാഗത്തിനായി.