Published:02 May 2022
ഭൂമിയുടെ അധീശത്വവും സർവാധികാരവും അല്ലാഹുവിന്റെ അടുക്കലാണ്. ഈ ലോകത്തിന്റെ കടിഞ്ഞാൻ മനുഷ്യന് അവൻ അനുഗ്രഹിച്ച് നൽകിയത് അവന്റെ പ്രതിനിധി എന്ന നിലയിലാണ്. വിശ്വസ്തമായ ആ പ്രതിനിധാനം ദുരുപയോഗം ചെയ്യാൻ പാടില്ല. മറ്റു ജീവജാലങ്ങളുടെ കൂടി അവകാശം കൂടി എഴുതപ്പെട്ട മണ്ണും വിണ്ണുമാണിത്. സർവായുധഭൂഷിതരായി സകലരെയും അടക്കിഭരിക്കുക എന്ന ഈ ഏക ലോകക്രമത്തിൽ, ഏതൊരർഥത്തിലും അനീതിയുടെയും വിനാശത്തിന്റെയും വിത്തു പാകാനുള്ള ശ്രമത്തിലായിരുന്നു മുഴുവൻ ഭരണാധിപരും. അതിർത്തികൾ വിശാലമാക്കാൻ പിഞ്ചോമനകളെ നിർദാക്ഷിണ്യം ബോംബിട്ട് കൊല്ലുകയും മതത്തിന്റെ പേരിൽ മാത്രം മനുഷ്യനെ വേർതിരിച്ച് പുറത്താക്കാനും വെമ്പിനിൽക്കുന്ന ഭരണാധികാരികൾ മാത്രം അരങ്ങ് വാഴുമ്പോൾ ജഗന്നിയന്താവിന്റെ ശിക്ഷ വരില്ലെന്നാണോ നിങ്ങൾ കരുതിയിരുന്നത്.
മൂന്നു വർഷമായി കൊവിഡ് മഹാമാരി ഭൂമിയിലെ മനുഷ്യരെ മുഴുവൻ ആശങ്കയുടെയും ഭയത്തിന്റെയും കറുത്തകാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. ശാസ്ത്രീയ പുരോഗതിയുടെ ഉത്തുംഗതയുടെ ഉജ്വലത ആസ്വദിക്കുന്ന ആധുനിക ലോകം ഒരു വൈറസിന്റെ മുൻപിൽ ചകിതരായി നിൽക്കുമ്പോൾ കടന്നുവന്ന വിശുദ്ധ റംസാൻ നമുക്ക് പുനർവിചിന്തനത്തിന്റെ കൂടി ഒരായിരം വാതായനമാണ് തുറന്നിടുന്നത്. മനുഷ്യൻ അവന്റെ ദുരകളെയും അത്യാഗ്രഹങ്ങളെയും ഒഴുക്കി കളയാൻ സമയമായിരിക്കുന്നു. മർത്യകരങ്ങൾ ധ്വംസനത്തിന്റേയും ഹിംസയുടെയും മേൽ മാത്രം അഭിരമിക്കുമ്പോൾ ഇറക്കപ്പെടുന്ന മഹാശിക്ഷകളുടെ വർത്തമാനമാണ് നമ്മുടെ മുൻപിലെ വൈറസ് വരച്ചിടുന്നത്.
നിങ്ങൾ ദുർബലരുടെ മേൽ കുതിരകയറി പിടിച്ചെടുത്ത ഭൂമിയും അടച്ചുവച്ച അതിർത്തിയും തകർത്ത് ഒരു ചെറിയ വൈറസ് കടന്നുവന്നപ്പോൾ എല്ലാ പ്രതിരോധങ്ങളും തകർന്നു പോയില്ലേ ? ഭൂമിയിലേക്ക് ആകാശത്ത് നിന്നൊരു പരീക്ഷണമെത്തുമ്പോൾ അത് ചിലപ്പോൾ നല്ലവരെയും ബാധിച്ചേക്കാം. എന്നാൽ ഇതിൽ ഒക്കെ ക്ഷമയും സത്യവിശ്വാസവും കൊണ്ടാണ് നാം അതിജീവിക്കേണ്ടത്. മസ്ജിദുകൾ നമ്മുടെ ഹൃദയങ്ങളാകണം, വീടുകളിലെ മുസ്വല്ലകളിൽ (നമസ്കാര പായ) പശ്ചാത്താപവിവശരായി നിൽക്കുമ്പോൾ റഹ്മാനായ റബ്ബിന്റെ കാരുണ്യം നമ്മെ വന്ന് തൊടും. വിശ്വാസിയുടെ കാര്യമെത്ര അദ്ഭുതം തന്നെയെന്ന് പറഞ്ഞ പുണ്യ മുഹമ്മദ് റസൂൽ സ്വലാത്തുകളാൽ വാഴ്ത്തപ്പെടട്ടെ.
പ്രതിസന്ധികളുടെ ഏതരവസരവും വിശ്വാസികളുടെ ഹൃദയത്തിലെ ഈമാനിക പ്രഭയെ കൂടുതൽ പ്രോജ്വലിപ്പിക്കുക മാത്രമേയുള്ളൂ. അനേകായിരം മനുഷ്യർക്ക് വേണ്ടി കൂടി നാം പ്രാർഥനാ നിരതമാകണം. അവരെ പിന്തുണച്ച് കൂടെയുണ്ടാകണം. പുണ്യറസൂൽ(സ) വ്രതത്തിന്റെ അകക്കാമ്പിനെ വിലയിരുത്തി ഒരിക്കൽ മൊഴിഞ്ഞു. "തീർച്ചയായും അല്ലാഹു മൊഴിഞ്ഞിരിക്കുന്നു: എന്റെ ദാസന്റെ വ്രതം എനിക്ക് വേണ്ടി മാത്രം ചെയ്യുന്ന സുകൃതമാണ്. അതിനാൽ അവൻ പ്രത്യേക സുമോഹന സൗഭാഗ്യങ്ങൾക്ക് അർഹനാകുന്നതാണ്..'
വദൂദ് എന്നത് അല്ലാഹുവിന്റെ മഹത്തായ പേരാണ്. അങ്ങേയറ്റം പ്രേമമുള്ളവൻ എന്ന് ഭാഷാന്തരം ചെയ്യാം. അവൻ മനുഷ്യനെ അങ്ങേയറ്റം സ്നേഹിക്കുന്നവൻ കൂടിയാണെന്ന് അർഥം. അല്ലാഹുവിന്റെ ദാസൻ തിരിച്ചും അങ്ങനെയാണെന്ന് വിശുദ്ധ ഖുർആൻ (2/165) സാക്ഷ്യപ്പെടുത്തുന്നുണ്ട്. റംസാൻ വിടപറയുന്നതിനോടടുത്ത ഈ ദിനരാത്രങ്ങൾ ഈ പ്രതിസന്ധിയിലും മറ്റുള്ളവർക്ക് അന്നമായും നന്മകളുടെ സ്നേഹവചസുകളായും കരുതലും കൂടിയാകാൻ വിശ്വാസികൾ ശ്രമിക്കണം...
അല്ലാഹു അനുഗഹിക്കട്ടെ.. ആമീൻ.