Published:04 May 2022
കൊച്ചി: റിപ്പോ നിരക്ക് ഉയർത്തിയതിനെതിരെ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് ഇന്ത്യയിലെ വിലക്കയറ്റം കയറുപൊട്ടിക്കുകയാണ്. മാർച്ച് മാസത്തിൽ ചില്ലറ വിൽപ്പന വില 6.95 ശതമാനത്തിലേയ്ക്ക് ഉയർന്നു. വിലക്കയറ്റ നിരക്ക് 4 ശതമാനത്തിൽ പരിമിതപ്പെടണം. ഒരുകാരണവശാലും 6 ശതമാനത്തിൽ അധികരിക്കാൻ പാടില്ല. ഇതാണു തത്വം. കഴിഞ്ഞ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിൽപ്പോലും ഇതു സംബന്ധിച്ച് ശുഭാപ്തിവിശ്വാസമാണ് റിസർവ്വ് ബാങ്ക് പ്രകടിപ്പിച്ചത്. എന്നാൽ കണക്കു കൂട്ടലുകളെല്ലാം തെറ്റിയിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഇന്ത്യയിലെ വിലക്കയറ്റം കയറുപൊട്ടിക്കുകയാണ്. മാർച്ച് മാസത്തിൽ ചില്ലറ വിൽപ്പന വില 6.95 ശതമാനത്തിലേയ്ക്ക് ഉയർന്നു. വിലക്കയറ്റ നിരക്ക് 4 ശതമാനത്തിൽ പരിമിതപ്പെടണം. ഒരുകാരണവശാലും 6 ശതമാനത്തിൽ അധികരിക്കാൻ പാടില്ല. ഇതാണു തത്വം. കഴിഞ്ഞ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിൽപ്പോലും ഇതു സംബന്ധിച്ച് ശുഭാപ്തിവിശ്വാസമാണ് റിസർവ്വ് ബാങ്ക് പ്രകടിപ്പിച്ചത്. എന്നാൽ കണക്കു കൂട്ടലുകളെല്ലാം തെറ്റിയിരിക്കുന്നു.
ഇതിന് എന്താണു പ്രതിവിധി? രണ്ടു മാർഗ്ഗങ്ങളുണ്ട്.
ഒന്നാമത്തേത്, കേന്ദ്ര ധനനയമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിനുവേണ്ടി മോദി സർക്കാർ അടിച്ചേൽപ്പിച്ച അധിക എക്സൈസ് നികുതി കുറയ്ക്കുക. ഇന്ധന വില സൂചികയാണ് ഏറ്റവും വേഗതയിൽ വളർന്നിട്ടുള്ളത്. അതോടൊപ്പം കൽക്കരി ക്ഷാമം പരിഹരിക്കുന്നതിന് ഊർജ്ജിത നടപടികൾ സ്വീകരിക്കുക. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനു കൂടുതൽ ഊർജ്ജിതമായി കമ്പോളത്തിൽ ഇടപെടുക. ഇതിനൊന്നും ഒരു നടപടിയും സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
അപ്പോൾ പിന്നെ പരിഹാരം രണ്ടാമത്തെ മാർഗ്ഗമാണ്. അത് പണനയം അഥവാ മോണിറ്ററി പോളിസിയാണ്. കമ്പോളത്തിലെ പണലഭ്യത കുറയ്ക്കുകയും പലിശ നിരക്ക് ഉയർത്തുകയും ചെയ്യും. ഈ നടപടിയാണ് റിസർവ്വ് ബാങ്ക് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. റിസർവ്വ് ബാങ്ക് റിപ്പോ പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് 4.40 ശതമാനമായി ഉയർത്തി. സാമ്പത്തിക മാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ 2019 ഫെബ്രുവരി മുതൽ റിസർവ്വ് ബാങ്ക് 250 ബെയ്സിസ് പോയിന്റുകൾ റിപ്പോ നിരക്ക് താഴ്ത്തിയതാണ്. 100 ബെയ്സിസ് പോയിന്റാണ് ഒരു ശതമാനം പലിശ. അതുപോലെ തന്നെ കമ്പോളത്തിൽ പണ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള മറ്റു നടപടികളും സ്വീകരിച്ചു.
ഈ നയത്തിൽ തിരുത്തു വേണ്ടിവരുമെന്നുള്ള സൂചന റിസർവ്വ് ബാങ്ക് നേരത്തെ നൽകിയതാണ്. എന്നാൽ വിലക്കയറ്റ നിരക്ക് 6 ശതമാനം പരിധിക്കുള്ളിൽ പിടിച്ചുകെട്ടാനാകുമെന്ന ശുഭാപ്തിവിശ്വാസമാണ് പ്രകടിപ്പിച്ചത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മോണിറ്ററി കമ്മിറ്റിയുടെ അസാധാരണയോഗം വിളിച്ചു ചേർത്ത് പണനയം തിരുത്തുന്നതിനു നടപടി സ്വീകരിച്ചിരിക്കുകയാണ്. റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് അഥവാ ബാങ്കുകൾക്കു നൽകുന്ന വായ്പകളുടെ പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് 4.40 ശതമാനമായി ഉയർത്തി. പണലഭ്യത കുറയ്ക്കുന്നതിനുവേണ്ടി ക്യാഷ് റിസർവ്വ് റേഷ്യോ 4.5 ശതമാനമായും ഉയർത്തി.
ഇവയുടെ ഫലമെന്ത്?
വിലക്കയറ്റത്തിന് ആക്കം കുറയാം. പക്ഷെ സമ്പദ്ഘടനയുടെ വായ്പാ ലഭ്യത കുറയും. പലിശയും ഉയരും. ഇതിന്റെ ഫലമായി നിക്ഷേപത്തിൽ ഇടിവുണ്ടാകാം. അങ്ങനെ വന്നാൽ ഈ വർഷം ലക്ഷ്യമിട്ട സാമ്പത്തിക വളർച്ച രാജ്യത്ത് ഉണ്ടാവില്ല. ഇപ്പോൾ തന്നെ ഐഎംഎഫും ലോകബാങ്കുമെല്ലാം 2022-23-ൽ ഇന്ത്യയുടെ സാമ്പത്തികവളർച്ച മുമ്പ് പ്രവചിച്ചതിനേക്കാൾ കുറഞ്ഞ് 8 ശതമാനത്തിലേയ്ക്ക് എത്തുമെന്നാണു കണക്കു കൂട്ടുന്നത്. യഥാർത്ഥത്തിൽ വളർച്ച റിസർവ്വ് ബാങ്ക് പ്രവചിച്ചതുപോലെ 7.2 ശതമാനത്തിലേക്ക് എത്തുന്നതിനാണു കൂടുതൽ സാധ്യത.
ഈ നടപടിയുടെ ഫലമായ വിലക്കയറ്റത്തിനു കടിഞ്ഞാൺ വീണേക്കാം. പക്ഷെ ഈ പ്രതിവിധി കാടടച്ച് വെടിവയ്ക്കുന്നതുപോലെയാണ്. എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കും. ഈ അശുഭചിന്തയുടെ സൂചനയാണ് ഇന്ന് സെൻസെക്സ് 1307 പോയിൻ്റ് ഇടിഞ്ഞത്.
മോദി സർക്കാരിൻ്റെ ധനനയത്തിൻ്റെ പാപ്പരത്തമാണ് ഈ വിലക്കയറ്റ പ്രതിസന്ധി.