Published:07 May 2022
കൊച്ചി: പാചകത്തിന് ഇനി ഓരോ നുള്ളു ജീരകവും അളന്ന് ഉപയോഗിക്കണം. ഇന്ത്യയിൽ ജീരക ഉത്പാദനം മൂന്നിൽ ഒന്നായി കുറഞ്ഞതോടെ ഈ സുഗന്ധ വ്യഞ്ജനത്തിന്റെ വില മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗുജറാത്തിലെ ഉൻജാ വിപണിയിൽ കിലോയ്ക്ക് 180 രൂപയിൽ നിന്ന് 215 രൂപയായി വർധിച്ചു.
പ്രധാന ഉത്പാദക കേന്ദ്രങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കഴിഞ്ഞ നാല് വർഷങ്ങളിൽ ജീരകത്തിന്റെ വില ഇടിവിനെ തുടർന്ന് കർഷകർ കടുകും, പയറുവർഗങ്ങളിലേക്കും തിരിഞ്ഞതാണ് ജീരക ലഭ്യത കുറയാൻ കാരണം. കുരുമുളക് കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് ജീരകം. മൊത്തം ലോക ഉത്പാദനത്തിന്റെ 70 ശതമാനം പങ്ക് ഇന്ത്യയുടേതാണ്. മൊത്തം ഉത്പാദനത്തിന്റെ 35 ശതമാനം വരെ കയറ്റുമതി ചെയ്യപ്പെടുന്നു. സിറിയ, തുർക്കി, യുഎഇ എന്നിവയാണ് മറ്റ് ഉത്പാദക രാഷ്ട്രങ്ങൾ.
2021 ഒക്റ്റോബർ-ഡിസംബർ കാലയളവിൽ ജീരകം വിതയ്ക്കുന്ന വേളയിൽ കടുകിന്റെ വില 43 ശതമാനം ഉയർന്ന് കിലോയ്ക്ക് 74 രൂപയായി. പയറുവർഗങ്ങൾക്ക് 35 ശതമാനം വാർഷിക വില വർധനവുണ്ടായി. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ജീരകത്തിന്റെ ശരാശരി വില കിലോയ്ക്ക് 163 രൂപയിൽ നിന്ന് 125 രൂപയായി താഴ്ന്നു. ജീരകത്തിന്റെ വിലയിടിവും കടുകിന്റെയും പയറുവർഗങ്ങളുടെ വില വർധനവും നിലവിലെ ജീരക ഉത്പാദന പ്രതിസന്ധിയിലേക്ക് നയിച്ചു. ലോക വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഏപ്രിൽ മാസം ജീരകത്തിന്റെ അ ന്താരാഷ്ട്ര വില 50 ശതമാനം ഉയർന്ന് കിലോയ്ക്ക് 190 രൂപ വരെയെത്തിയിട്ടുണ്ട്. ജീരകത്തിന്റെ ഉത്പാദനം കുറഞ്ഞതോടെ ഇന്ത്യയുടെ കയറ്റുമതിയിൽ 2021-22ൽ (ഏപ്രിൽ മുതൽ ഫെബ്രുവരി വരെ) 35 ശതമാനം ഇടിവുണ്ടായി. പ്രധാന ഉപഭോക്തൃ രാജ്യമായ ചൈനയിലേക്കുള്ള കയറ്റുമതി 51 ശതമാനം കുറഞ്ഞു.