Published:09 May 2022
ടെസ്ല സിഇഒ ഇലോണ്‍ മസ്കിന്റെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.ദുരൂഹമായ സാഹചര്യങ്ങളില്‍ ഞാന്‍ മരിക്കുകയാണെങ്കില്‍, നിങ്ങളെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്'എന്നാണ് മസ്കിന്റെ ട്വീറ്റ്. ഇന്ന് രാവിലെയാണ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. 44 ബില്യണ്‍ ഡോളറിന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത്
.ഈ ട്വീറ്റിന് തൊട്ടുമുമ്പ് മറ്റൊരു ട്വീറ്റും മസ്ക് പങ്കിട്ടിരുന്നു. റഷ്യന്‍ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് പങ്ക് വച്ചിരിക്കുന്നത്. ഉക്രൈനിലെ ഫാസിസ്റ്റ് ശക്തികള്‍ക്ക് സൈനിക ആശയവിനിമയ ഉപകരണങ്ങള്‍ നല്കുന്നതില് മസ്ക് പങ്കാളിയാണന്ന് വിമര്‍ശിച്ചുള്ള പോസ്റ്റാണിത്. എന്നാല്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കേണ്ട സാഹചര്യം എന്താണെന്നത് വ്യക്തമല്ല.യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനമായ പെന്റഗണില്‍ നിന്നാണ് ഉപകരണങ്ങള്‍ ഉക്രൈനില്‍ എത്തിച്ചതെന്നും പരാമര്‍ശമുണ്ട്.
യുദ്ധത്തിനിടയില്‍ ഉക്രൈനെ സഹായിച്ചതിന് മസ്ക് റഷ്യയില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ഈ രണ്ട് പോസ്റ്റുകളും കാരണമായിട്ടുണ്ട്.യുക്രൈനിലെ ഒരു മന്ത്രിയുടെ ആവശ്യപ്പെട്ടത് പ്രകാരം ഫെബ്രുവരിയില്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഉക്രൈനില്‍ സജീവമാക്കിയിരുന്നു.ദുരൂഹ സാഹചര്യത്തിലെ മരണത്തെക്കുറിച്ചുള്ള ട്വീറ്റിന് തമാശകള്‍ മുതല്‍ ജാഗ്രതയും ഐക്യദാര്‍ഢ്യവും വരെ വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്