Published:12 May 2022
മുംബൈ: നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ് മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ ബൗളിങ് മികവിലാണ് മുംബൈ ചെന്നൈയുടെ കഥ കഴിച്ചത്. അഞ്ചു വിക്കറ്റിനാണ് മുംബൈയുടെ വിജയം. നേരിയ പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ സിഎസ്കെയ്ക്കു ഈ കളിയില്‍ ജയം അനിവാര്യമായിരുന്നു. പക്ഷെ നേരത്തേ തന്നെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച മുംബൈ ചെന്നൈയുടെയും വഴിതടയുകയായിരുന്നു.
ചെന്നൈയുടെ ഇന്നിങ്സ് കഴിഞ്ഞപ്പോള്‍ തന്നെ മുംബൈയുടെ വിജയമുറപ്പായിരുന്നു. 98 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് മുംബൈയ്ക്കു സിഎസ്കെ നല്തിയത്. പവര്‍പ്ലേയില്‍ നാലു വിക്കറ്റുകള്‍ കൈവിട്ട മുംബൈ പതറിയെങ്കിലും തിലക് വര്‍മയുടെ (36*) ഇന്നിങ്സ് അവരെ രക്ഷിച്ചു. 32 ബോളില്‍ നാലു ബൗണ്ടറിയുള്‍പ്പെട്ടതായിരുന്നു തിലകിന്റെ ഇന്നിങ്സ്.
റിത്വിക് ഷോക്കീന് (18), നായകന് രോഹിത് ശര്‍മ (18) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇഷാന് കിഷന് (6), ഡാനിയേല്‍ സാംസ് (1), അരങ്ങേറ്റക്കാരന്‍ ട്രിസ്റ്റണ്‍ സ്റ്റബ്സ് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നാലിവു 33 റണ്‍സിലേക്കു തകര്‍ന്ന മുംബൈയെ കരകയറ്റിയത് തിലക്- ഷോക്കീന് ജോടിയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 48 റണ്‍സെടുത്ത ഇവര്‍ മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. 14.5 ഓവറില്‍ മുംബൈ വിജയറണ്‍സ് കുറിച്ചു. തിലകിനൊപ്പം ടിം ഡേവിഡ് 16 റണ്‍സോടെ പുറത്താവാതെ നിന്നു. ഏഴു ബോളില്‍ അദ്ദേഹം രണ്ടു ബൗണ്ടറികളടിച്ചു. ചെന്നൈയ്ക്കായി മുകേഷ് ചൗധരി മൂന്നു വിക്കറ്റുകളെടുത്തു.നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. 98 റണ്‍സിന്റെ നേരിയ വിജയലക്ഷ്യം മാത്രമാണ് അവര്‍ മുംബൈയ്ക്കു നല്‍കിയിരിക്കുന്നത്. വെറും 16 ഓവറില്‍ 97 റണ്‍സിനു ചെന്നൈ കൂടാരംകയറി. ഐപിഎല്ലില്‍ സിഎസ്കെയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടല്‍ കൂടിയാണിത്.
പവര്‍പ്ലേയില്‍ തന്നെ ചെന്നൈയുടെ കാര്യം തീരുമാനമായിരുന്നു. അഞ്ചു മുന്‍നിര വിക്കറ്റുകള്‍ ഏഴോവറിനുള്ളില്‍ 32 റണ്‍സിനു ചെന്നൈ നഷ്ടപ്പെടുത്തി. നായകന് എംഎസ് ധോണിയുടെ (36*) ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. 33 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറും അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ടീമിലെ ഒരാളില്‍ നിന്നു പോലും ധോണിക്കു കാര്യമായ രപിന്തുണ ലഭിച്ചില്ല. ഡ്വയ്ന്‍ ബ്രാവോ (12), അമ്പാട്ടി റായുഡു (10), ശിവം ദുബെ (10) എന്നിവരാണ് സിഎസ്കെ നിരയില്‍ രണ്ടക്കം തികച്ച മറ്റുള്ളവര്‍.