Published:13 May 2022
"നഷ്ടങ്ങളുണ്ടാകാം, ചിലപ്പോൾ അത് പ്രണയമാകാം, അല്ലെങ്കിൽ പ്രിയപ്പെട്ട മറ്റെന്തെങ്കിലുമാകാം... തിരികെ കിട്ടില്ല എന്നുറപ്പുള്ള നഷ്ടങ്ങളെ നമ്മൾ അംഗീകരിക്കാൻ തയാറാകണം'- ക്ലബ്ബ് എഫ്എം 81.3 യിലെ മേരീ ആവാസ് സുനോയിൽ ആർജെ ശങ്കർ പറഞ്ഞ് അവസാനിപ്പിക്കുന്നു. എന്നാൽ ജീവിതത്തിൽ അദ്ദേഹത്തിന് ഒരിക്കലും തിരികെ കിട്ടില്ലെന്ന് ഉറപ്പുള്ളൊന്നിനെ തിരിച്ചുപിടിക്കാനുള്ള അതിജീവനത്തിന്റെ കഥപറയുകയാണ് ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ടിൽ തിരശീലയിലെത്തിയിരിക്കുന്ന "മേരീ ആവാസ് സുനോ'. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’.
ശബ്ദമാണ് തന്റെ ഐഡറ്റിറ്റിയെന്ന വിശ്വാസത്തിൽ ജീവിക്കുന്നയാളാണ് ആർജെ ശങ്കർ. ഒരു എഫ്ബി ലൈവായിട്ടോ, സോഷ്യൽ മീഡിയയിൽ കൂടിയോ തന്റെ മുഖം ആരും കാണേണ്ടെന്ന് വിശ്വസിക്കുന്നയാൾ. പുകവലിയെന്ന ദുശീലത്തിന്റെ അവസാനം തന്റെ ഐഡന്റിറ്റി തന്നെ നഷ്ടമാകുന്നു. കരിയറിലെ ഏറ്റവും വലിയ പുരസ്കാരം ലഭിച്ച രാത്രിയിലെ ആഘോഷത്തിനിടെ തന്റെ ശബ്ദം നഷ്ടമാകുന്നു. ഡോക്റ്റർമാർ ശങ്കറിന് തൊണ്ടയിലെ ക്യാൻസർ (laryngeal cancer) ഉണ്ടെന്ന് ഉറപ്പിക്കുന്നു.
എല്ലാം നഷ്ടമായെന്ന് കരുതിയിടത്തുനിന്ന് തിരിച്ചുവരാനുള്ള പോരാട്ടത്തിനൊപ്പം ചേരുകയാണ് രശ്മി (മഞ്ചു വാര്യർ)എന്ന ഡോക്റ്റർ. ഇവരുടെ വരവോടെ ശങ്കറിന്റെ കുടുംബജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കുന്നു. തന്റെ ഇച്ഛാശക്തികൊണ്ട് കഠിന പ്രയത്നം കൊണ്ടും ശങ്കർ ഇതെല്ലാം തിരിച്ചെടുക്കുന്നു. ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണകഥകളുടേയും, കുടുംബ ചിത്രങ്ങളുടേയും, സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ മാസ് മസാല സിനിമകളുടേയും കാലത്ത് മനസ് നിറഞ്ഞിറങ്ങാൻ കഴിയുന്നൊരു "ഫീൽഗുഡ് മൂവി' അതാണ് മേരീ ആവാസ് സുനോ.
ക്യാപ്റ്റനും വെള്ളവും പോലെ തന്നെ നായകന് അമിത അഭിനയ പ്രാധാന്യം നൽകിയാണ് പ്രജീഷ് സെൻ മേരീ ആവാസ് സുനോയുടേയും തിരക്കഥ രചിച്ചിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ എല്ലാ കഥാപാത്രങ്ങളേയും പോലെ തന്നെ ഒരു മനുഷ്യരിലുണ്ടാകുന്ന പ്രത്യേക ശാരീരിക അവസ്ഥകളെ അതിന്റെ പൂർണ അളവിൽ സ്ക്രീനിലെത്തിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ശങ്കറിന്റെ ഭാര്യയായെത്തിയ ശിവദയും രശ്മിയെന്ന പ്രമുഖ സാമൂഹിക പ്രവർത്തകയും സ്പീച്ച് തെറാപ്പിസ്റ്റുമായെത്തിയ മഞ്ജു വാര്യരും പതിവുപോലെ തങ്ങളുടെ റോൾ ഭംഗിയാക്കി. ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ തുടങ്ങിയ താരങ്ങൾക്ക് അത്രമേൽ അഭിനയ പ്രധാന്യം തിരക്കഥയിലില്ല.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. കൃഷ്ണചന്ദ്രന്, ഹരിചരണ്‍, ആന്‍ ആമി, സന്തോഷ് കേശവ്, ജിതിന്‍രാജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ചിത്രത്തിലുള്ള അഞ്ച് ഗാനങ്ങളും നേരത്തെ തന്നെ പ്രേക്ഷകരേറ്റെടുത്തിരുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.