Published:13 May 2022
കൊച്ചി: എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ രാജ്യത്തെ പണപ്പെരുപ്പം. ഏപ്രിലിൽ ചില്ലറ വിൽപ്പന വിപണിയിൽ പണപ്പെരുപ്പം 7.79 ശതമാനമായി ഉയർന്നു. അതേസമയം മൊത്ത വിൽപ്പന വിപണിയിൽ പണപ്പെരുപ്പം 7.5 ശതമാനം ഉയർന്നു. ഇന്ധന വില ഉയര്‍ന്നതും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനയുമാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്. 2014 മെയ് മാസത്തെ നിരക്കാണ് കഴിഞ്ഞ ഏപ്രിലില്‍ മറികടന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രില്‍ മാസം 0.84 ശതമാനം ഉയര്‍ന്ന് 7.79ലെത്തി. ഭക്ഷണ-പാനീയങ്ങളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8.1 ശതമാനമാണ്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള മറ്റ് പ്രധാന മേഖലകളിലും പണപ്പെരുപ്പ നിരക്ക് (7.24 ശതമാനം) ഉയരുകയാണ്. രാജ്യത്തെ പണപ്പെരുപ്പം 7.42 ശതമാനം ആണെന്നാണ് ബ്ലൂംബെര്‍ഗ് സര്‍വെയിലെ കണ്ടെത്തല്‍. 2021-22 സാമ്പത്തികവര്‍ഷം 5.5 ശതമാനമായിരുന്ന ചില്ലറ പണപ്പെരുപ്പം 2022-23 കാലയളവില്‍ 6.3ലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചു നിര്‍ത്താന്‍ ജൂണ്‍ മാസം ആര്‍ബിഐ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം ആര്‍ബിഐ റിപ്പോ നിരക്ക് 4.4 ശതമാനമായി ഉയര്‍ത്തിയിരുന്നു. കൊവിഡിന് മുമ്പുള്ള നിലയിലേക്ക് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ 5.51 ശതമാനം വരെ നിരക്ക് ഉയരാം. ആര്‍ബിഐ മറ്റ് ബാങ്കുകള്‍ക്ക് വായ്പ അനുവദിക്കുന്ന പലിശ നിരക്കാണ് റിപ്പോ. അതുകൊണ്ടുതന്നെ റിപ്പോ നിരക്ക് വർധിച്ചാൽ രാജ്യത്തെ ബാങ്കുകള്‍ പലിശ നിരക്ക് ഉയർത്തും.