Published:14 May 2022
കൊച്ചി: പി.ടി. തോമസിനെ തെരഞ്ഞെടുത്തതിലൂടെ തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും എം.എ. ബേബിയും തമ്മിൽ മത്സരിക്കുമ്പോൾ പിണറായി നടത്തിയ പരനാറി പരാമർശം സിപിഎമ്മിന് വലിയ തിരിച്ചടി നൽകിയിരുന്നു. അടുത്ത തെരഞ്ഞടുപ്പിലും പ്രേമചന്ദ്രൻ തന്നെ വിജയിച്ചു. അതിന് സമാനമായ സാഹചര്യമാണ് തൃക്കാക്കരയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഈ പരാമര്‍ശം ആയുധമാക്കി സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ക്രൂരവും നിന്ദ്യവുമായ പ്രസ്താവനയാണ് പിണറായി നടത്തിയതെന്നും, നിയമസഭയില്‍ പി.ടി. പ്രതിരോധത്തിലാക്കിയതിന്റെ പകയാണ് പിണറായി വിജയന് കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റപ്പെടുത്തി. ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ പി.ടി.ക്കെതിരെ ഉയര്‍ന്നത് നിന്ദ്യമായ പ്രസ്താവനയാണ്. ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും സതീശന് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പിടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസും രംഗത്തെത്തി. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഃഖകരവും, മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ്. പി.ടി.യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും? ഉമ ചോദിച്ചു.
കോണ്‍ഗ്രസ് തന്റെ പരാമര്‍ശത്തില്‍ പ്രചാരണം ശക്തിപ്പെടുത്തുമ്പോഴും കുലുക്കമൊന്നുമില്ലാതെയാണ് പിണറായി വിജയന്റെ പോക്ക്. തൃക്കാക്കരയില്‍ ഇടത് തെരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി തന്നെ നേരിട്ട് നടത്തും. അദ്ദേഹം തൃക്കാക്കരയില്‍ ക്യാംപ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഭരണപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമാകും തിരുവനന്തപുരത്തേക്ക് പോവുക. മുഖ്യമന്ത്രിയുടെ വരവോടെ ഇടതു ക്യാംപ് ആകെ ആവേശത്തിലാണ്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ ആവേശം നിലനിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് ഇടതുമുന്നണി കരുതുന്നത്. മുഖ്യമന്ത്രി ഇന്നലെ ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം മണ്ഡലത്തില്‍ തിരിച്ചെത്തി.
തൃക്കാക്കര ഈസ്റ്റ് തെരഞ്ഞെടുപ്പ് ലോക്കല്‍ കമ്മിറ്റിയില്‍ പിണറായി പങ്കെടുക്കും. ഒരു മണിക്കൂര്‍ ഒരു ലോക്കല്‍ കമ്മിറ്റി വീതം, ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. 60 എംഎല്‍എമാര്‍ക്കും മണ്ഡലത്തില്‍ ചുമതല നല്‍കിയിട്ടുണ്ട്. പത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ലോക്കല്‍ കമ്മിറ്റികള്‍ ഏകോപിപ്പിക്കും. വിഷയം വികസനത്തിലേക്ക് വഴിമാറ്റി കോണ്‍ഗ്രസിന്റെ പ്രചാരണത്തെ നേരിടാനാണ് സിപിഎം പ്ലാന്‍. അതിലൂടെ മുഖ്യമന്ത്രിയുടെ തൃക്കാക്കര അബദ്ധം പരാമര്‍ശത്തില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് വിലയിരുത്തല്‍.
ആയുധം പി.ടി
പി.ടി. തോമസിനെ വരും ദിവസങ്ങളിൽ സൈബറിടത്തിലൂടെ നിശിതമായി ആക്രമിക്കാനുള്ള പദ്ധതി സിപിഎം തയാറാക്കിയിട്ടുണ്ട്. പി.ടി. എന്ന ആദർശ വിഗ്രഹത്തെ തച്ചുടയ്ക്കാനാണ് ലക്ഷ്യമിടുന്നത്. യുഡിഎഫിന് തലവേദനയുണ്ടാക്കുന്ന പി.ടി.യുടെ നിലപാടുകളും അതിൽ നിന്ന് ഇപ്പോൾ സംഭവിച്ച വ്യതിയാനങ്ങളും ചൂണ്ടിക്കാണിച്ച് യുഡിഎഫിനെ പ്രതിരോധത്തിലാക്കാനും സിപിഎം ഉദ്ദേശിക്കുന്നു.