Published:14 May 2022
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സ്റ്റാര്‍ ബാറ്റര്‍മാരില്‍ ഒരാളായ അമ്പാട്ടി റായുഡു ഈ സീസണിലെ ഐപിഎല്‍ തന്റെ അവസാനത്തേത്ത് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും മിനിറ്റുകള്‍ക്കകം അതു ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതു ക്രിക്കറ്റ് പ്രേമികളെയാകെ ആശയക്കുഴപ്പത്തിലുമാക്കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് റായുഡു ഈ സീസണിനു ശേഷം താന്‍ ഐപിഎല്ലില്‍ കളിക്കില്ലെന്നു ലോകത്തെ അറിയിച്ചത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് അദ്ദേഹത്തിനു ആശംസകള്‍ നേരുകയും ചെയ്തിരുന്നു. പക്ഷെ 15 മിനിറ്റുകള്‍ക്കകം റായുഡു തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതോടെ എല്ലാവരും സ്തബ്ധരായിരിക്കുകയാണ്.
"ഇതു എന്റെ അവസാനത്തെ ഐപിഎല്‍ ആയിരിക്കുമെന്നു ഞാന്‍ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. വളരെ മനോഹരമായ സമയമാണ് ഇവിടെ കളിച്ചപ്പോള്‍ ഞാന്‍ ചെലവഴിച്ചത്. 13 വര്‍ഷം രണ്ടു മഹത്തായ ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ എനിക്കു സാധിക്കുകയും ചെയ്തു. ഈ മനോഹരമായ യാത്രയ്ക്കു മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ഫ്രാഞ്ചൈസികളോടു ആത്മാര്‍ഥമായി നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്' - ഇങ്ങനെയായിരുന്നു അമ്പാട്ടി റായുഡു ട്വീറ്റ് ചെയ്തത്.
അതേസമയം, അമ്പാട്ടി റായുഡു വിരമിക്കില്ലെന്നാണ് സിഎസ്കെ സിഇഒയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ടൂര്‍ണമെന്റ് അവസാനിക്കുന്നതിനു മുമ്പ് തന്നെ റായുഡുവിന്റെ ഇങ്ങനെയൊരു ട്വീറ്റ് സിഎസ്കെ മാനെജ്മെന്റിനെ ആശ്ചര്യപ്പെടുത്തിയെന്നാണ് വിവരം. ഐപിഎല്‍ കരിയറില്‍ 187 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും 22 അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ അമ്പാട്ടി റായുഡുവിന് 4187 റണ്‍സുണ്ട്. പുറത്താകാതെ നേടിയ 100* ആണ് ഉയര്‍ന്ന സ്കോര്‍.