Published:15 May 2022
തിരുവല്ല:ചാണകം മനുഷ്യൻ്റെ ആരോഗ്യത്തിന് നല്ലതും ധാതുക്കളാൽ സമ്പന്നവുമാണ്. ഭവന നിർമ്മാണത്തിൽ ചാണകത്തിന്റെ സാദ്ധ്യതകൾ പരീക്ഷിക്കുകയാണ് തിരുവല്ല സ്വദേശിയായ പാലി. ചാണകവും കുമ്മയവും കലർത്തി ചില പച്ചിലക്കൂട്ടുകളും ചേർത്ത് നിർമ്മിക്കുന്ന കട്ട വീട് നിർമ്മാണത്തിന് ഉപകരിക്കുന്നു. ഒരു ഇഷ്ട്ടികയുടെ വലിപ്പം, ഒന്നരക്കിലോ ഭാരം,മിനുസമായ പ്രതലം. ഇന്ത്യയിൽ മിക്ക ഗ്രാമങ്ങളിലും ചാണകം തേച്ചു മിനുക്കിയ ചുവരുള്ള വീടുകൾ സർവസാധാരണമാണ്. തറ ചാണകം മെഴുകുന്ന പതിവുണ്ടായിരുന്നു. ഇതിനു പിന്നിൽ ഒരു ശാസ്ത്രീയ അറിവ് ഉണ്ടായിരുന്നു.
ചാണകത്തിനു ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, അതിനാൽ ഇത് വിവിധ രോഗങ്ങളിൽ നിന്നും ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കുന്നു. ചാണകപ്പൊടി പുരട്ടിയ സ്ഥലങ്ങളിൽ തേൾ, പാമ്പ് തുടങ്ങിയ വിഷജീവികൾ വരില്ല. കൊതുകിനെ അകറ്റുന്ന വസ്തുവായും ഇത് പ്രവർത്തിക്കുന്നു. ചെറിയ പ്രാണികൾ അത്തരം സ്ഥലങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു. ചാണകം പുരട്ടിയ തറ ശൈത്യകാലത്ത് ചൂടും വേനൽക്കാലത്ത് തണുപ്പും നിലനിർത്തുന്നു.
തണുപ്പിനെ പ്രതിരോധിക്കാൻ ഭിത്തിയിൽ മെഴുകി താപകുചാലകങ്ങളായി ഉപയോഗിക്കുന്നു. ഏകദേശം ഒരു കട്ടക്ക് 25രൂപ വില നിശ്ചയിക്കാൻ കഴിയും എന്നാണ് പാലി പറയുന്നത്. മുള തുടങ്ങിയ പ്രകൃതി ദത്തമായ വസ്തുക്കൾ കൊണ്ട് വീട് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ശബരിമലയിൽ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിനു വേണ്ടി തീർത്ഥാടന കാലത്ത് താത്കാലിക കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. കൊച്ചി ബിനാലെയിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.