മന്ത്രി സജി ചെറിയാൻ രാജിവച്ചു
കനത്ത മഴ: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
പാചകവാതക വിലയിൽ വീണ്ടും വർധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
Published:17 May 2022
കഥ ഇങ്ങനെയാണ്, അന്ന് അവന് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. അങ്ങനെയിരിക്കെ, മാതാപിതാക്കളും അഞ്ച് സഹോദരങ്ങളുമൊത്ത് അവന് താമസിച്ചിരുന്ന റെന്നസിനടുത്തുള്ള ഫൗഗെറസിലെ വീട് കത്തിനശിച്ചു, ഓര്‍മയ്ക്കു പോലും ഒന്നും ബാക്കിവയ്ക്കാതെ. എന്നാല്‍, പിറ്റേന്ന് വൈകുന്നേരവും അവന് പന്തുകളിക്കാന്‍ പോയി. അവന്റെ രക്ഷാമാര്‍ഗമായിരുന്നു ഫുട്ബോള്‍, ഒപ്പം അവന്റെ വീട്ടുകാരുടെയും. അവന്റെ പേരാണ് എഡ്വേര്‍ഡോ കാമവിംഗ, റയല്‍ മാഡ്രിഡിന്റെ പുതിയ രക്ഷകന്.
അംഗോളയിലെ മിക്കോംഗിലെ ഒരു അഭയാര്‍ഥി ക്യാംപിലാണ് അവന്റെ ജനനം. കോംഗോയിലെ യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്ത കുടുംബം അവന് രണ്ട് വയസുള്ളപ്പോള്‍ ഫ്രാന്‍സിലേക്ക് കുടിയേറിയതായിരുന്നു. യുദ്ധത്തിന്റെ ഭീകരതയും പലായനത്തിന്റെ കഷ്ടപ്പാടുകളും അവന്റെ ഓര്‍മകളിലുണ്ട്. എന്നാല്‍ ഇതൊന്നും അവനെ ദുര്‍ബലപ്പെടുത്തുകയായിരുന്നില്ല, കൂടുതല്‍ കരുത്തോടെ പോരാടാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
"എനിക്ക് ഒരു യുദ്ധക്കളത്തില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ടി വന്നു, ആ പ്രശ്നങ്ങളെല്ലാം എന്നെ ശക്തനാക്കി, എന്നാല്‍ എല്ലാറ്റിനുമുപരിയായി, എന്റെ കുടുംബം സഹായിച്ചിട്ടുണ്ട്. ഞാന്‍ കളിക്കുമ്പോള്‍ ഞാന്‍ അവര്‍ക്കു വേണ്ടി കളിക്കുന്നു. എന്തെങ്കിലും തിരികെ നല്കാന് കഴിയുന്നതില്‍ സന്തോഷമുണ്ട്.' അന്ന് അവന്റെ വീട് കത്തിയെരിഞ്ഞ ദിവസം അവന്റെ അച്ഛന് സെലസ്റ്റിനോ ആ പതിനൊന്ന്കാരനോട് പറഞ്ഞു, 'നീ ഞങ്ങളുടെ പ്രതീക്ഷയാണ്'. അതേ, ആ പ്രതീക്ഷയ്ക്ക് മുകളില്‍ നിന്നാണ് അവന് പന്തുതട്ടുന്നത്.
2009ല്‍ ഡ്രാപ്പിയോ-ഫൗഗ്ഗേര്‍സ് എന്ന പ്രാദേശിക ക്ലബ്ബില്‍നിന്നാണ് അവന്റെ ഫുട്ബോള്‍ ജീവീതം ആരംഭിക്കുന്നത്. 2013 ല്‍ സ്റ്റേഡ് റെന്നായ്സിലേക്ക്. നാല് വര്‍ഷം അവരുടെ യൂത്ത് സിസ്റ്റത്തിനൊപ്പം. 2018 ല്‍, 16 വയസും ഒരു മാസവും പ്രായമുള്ളപ്പോള്‍ അവരുടെ സീനിയര്‍ ടീമില്‍ ഇടം നേടി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 2019 ഏപ്രിലില്‍ 16 വയസും നാല് മാസവും 27 ദിവസവും പ്രായമുള്ളപ്പോള്‍ റെന്നസില്‍ അരങ്ങേറ്റം.
അതിനുശേഷം കാമവിംഗയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 30 മില്യന്‍ യൂറോയ്ക്ക് റയല്‍ മാഡ്രിഡുമായി കരാര്‍. എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ ആ രാത്രിയില്‍ ചാംപ്യന്‍സ് ലീഗ് സെമിഫൈനലിലെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റയലിനെ രക്ഷിച്ചെടുക്കാന്‍ അവന് ബഞ്ചില്‍ നിന്ന് സൈഡ് ലൈനിലേക്ക് നടന്നു നീങ്ങി. അപ്പോഴും പ്രായം വെറും 19 വയസ്. ആ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയാണ് അവന് മടങ്ങിയത്.
റയലിലെ തെരുവുകള്‍ ഉറങ്ങാതിരുന്ന ആ രാത്രിയിലെ 20 മിനിറ്റ് അവന് തന്റെ സ്വന്തമാക്കി മാറ്റി. നാല് ടാക്കിളുകള്‍, 26 പാസുകള്‍, അഞ്ച് വിജയകരമായ ഡ്യുവലുകള്‍. പിന്നെ ബെന്‍സേമയ്ക്ക് നീട്ടിയ ക്രോസ്. അതുതന്നെയാണ് അവന്റെ സവിശേഷതയും. പന്ത് കാലുകളിലെത്തുമ്പോഴുള്ള ശാന്തത, കൃത്യതയുള്ള നീക്കങ്ങള്‍, എതിരാളികളില്‍ നിന്ന് വെട്ടിയൊഴിയാനുള്ള കഴിവ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത, അപകടസാധ്യതകള്‍ അനായാസം മറികടക്കാനും അവന് ശീലിച്ചുകഴിഞ്ഞു.
കാര്‍ലോ ആന്‍സലോട്ടി എപ്പോഴും പറയാറുള്ള ഊര്‍ജ്ജം: 'എനര്‍ജിയ' അതെന്തെന്ന് ആ രാത്രി അവന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. സിറ്റിക്ക് മാത്രമല്ല ചെല്‍സിക്കും, പിഎസ്ജിയ്ക്കും.
ഇത് ഒറ്റയടിക്ക് സംഭവിച്ചതല്ല, ഇതൊരു മാതൃകയാണ്, നയമാണ്. തീര്‍ച്ചയായും റയല്ലില് ഒരു പരിവര്‍ത്തനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ഗെയിമുകളിലും, പ്ലാന്‍ എ പരാജയപ്പെട്ടപ്പോള്‍ കാമവിംഗയിലേക്കും റോഡ്രിഗോയിലേക്കും തിരിയുകയായിരുന്നു മാഡ്രിഡ്. പിഎസ്ജിക്കെതിരേ, ആദ്യ മാറ്റമായി, 57 മിനിറ്റിനുശേഷം ടോണി ക്രൂസിനു പകരം കാമവിംഗ എത്തി. അപ്പോള്‍ റയല്‍ ഒരു ഗോളിനു പിന്നില്‍. നാല് മിനിറ്റിനുള്ളില്‍ ബെന്‍സെമ സ്കോര്‍ ചെയ്ത്. അന്തിമ ഫലം, റയല്‍ മൂന്ന്, പിഎസ്ജി ഒന്ന്!
ചെല്‍സിക്കെതിരേയും ക്രൂസിനു പകരക്കാരനായി കാമവിംഗ വന്നു. അപ്പോള്‍ റയല്‍ റണ്ടു ഗോളിനു പിന്നില്‍. തോറ്റത് മൂന്നിനെതിരേ രണ്ടു ഗോളിന്. മതിയായിരുന്നു. സിറ്റിക്കെതിരേ, റോഡ്രിഗോ ആദ്യ മാറ്റം, 68ാം മിനിറ്റില്‍ വീണ്ടും ക്രൂസിനു പകരക്കാരനായി കാമവിംഗ. അപ്പോള്‍ സ്കോര്‍ ബോര്‍ഡ് ചലിട്ടിട്ടില്ല. ഏഴു മിനിറ്റിനുശേഷം, ഒരു ഗോളിനു പിന്നില്‍. മോഡ്രിച്ചിനും കാസെമിറോയ്ക്കും വേണ്ടി കാമവിംഗയെയും അസെന്‍സിയോയെയും അവതരിപ്പിച്ചു. 3-2ന് റയല്‍ വിജയിച്ചു.
ഫ്രഞ്ച്, യൂറോപ്യന്‍, ഇംഗ്ലീഷ് ചാംപ്യന്മാര്ക്കെതിരേ ബെര്‍ണബ്യൂവില്‍ മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍. പിച്ചില്‍ കാമവിംഗ ഇല്ലാതെ, മൂന്ന് 'തോല്‍വികള്‍' (01, 02, 01), മൊത്തം സ്കോര്‍ 0-4. മൈതാനത്ത് കാമവിംഗക്കൊപ്പം, മൂന്ന് 'വിജയങ്ങള്‍' (30, 21, 30), മൊത്തം സ്കോര്‍ 8-1.
ഒരു രാത്രിയിൽ അതും സംഭവിച്ചു. റയല്‍ മധ്യനിരയില്‍ ക്രൂസോ മോഡ്രിച്ചോ കാസെമിറോയോ ഇല്ല. ഫെഡെ വാല്വെര്ദെ മാത്രമാണ് ആദ്യഇലവനില്‍ നിന്ന് ശേഷിച്ചത്. മാഡ്രിഡിന്റെ മിഡ്ഫീല്‍ഡ്, അവര്‍ പ്രധാനമായും രണ്ട് പേരായിരുന്നു: വാല്വെര്ദെയും കാമവിംഗയും. വിംഗര്‍മാരായ വിനീഷ്യസിനെയും റോഡ്രിഗോയെയും കണക്കാക്കണമെങ്കില്‍, അത് നാല് ആളുകളുടെ മധ്യനിരയാണ്. അവരുടെ പ്രായം: 23, 21, 21, 19. തീര്‍ച്ചയായും യുവത്വം. കാമവിംഗയ്ക്ക് ഇപ്പോള്‍ 19 വയസ് മാത്രമാണ് പ്രായം, ഓര്‍ക്കുക. ഇത് റയല്‍ മാഡ്രിഡാണ്, ഒരുപാട് പ്രതിഭകളെ ഉരുക്കി ഒരുക്കിയെടുത്ത പോര്‍ക്കളമാണ്.
കാമവിംഗ ക്ലബിലേക്ക് വരുന്നുവെന്ന് അന്സെലോട്ടിയോട് പറഞ്ഞപ്പോള്‍, ഈ കുട്ടി സ്പെഷ്യല്‍ ആകാന്‍ പോകുകയാണെന്ന് ആ ചാണക്യനു ബോധ്യമായിരുന്നു. മാഡ്രിഡിന്റെ മധ്യനിരയുടെ ഭാവിയാകാന്‍ വിധിക്കപ്പെട്ട ഒരു കളിക്കാരനെ കാമവിംഗയില്‍ അദ്ദേഹം കണ്ടു. എണ്ണയിട്ടയന്ത്രം പോലെ കുതിക്കുന്നുണ്ടെങ്കിലും റയലിന്റെ മധ്യനിരയ്ക്ക് പ്രായമായെന്ന് വിമര്‍ശകര്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു.
അപ്പോഴാണ് നിര്‍ണായക പോരാട്ടത്തില്‍ അവന് രക്ഷകനായി അവതരിച്ചത്. അവരെ സുരക്ഷിത തീരത്ത് എത്തിക്കുന്നതുവരെ ആ കാലുകള്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല. ഇത് ആദ്യത്തേതല്ലേ, അതുകൊണ്ട് അവസാനത്തേതും ആകാന്‍ സാധ്യതയില്ല. ഈ മുപ്പത്തിയൊന്നിന് ലോകം കാത്തിരിക്കുന്ന ഫൈനല്‍ പോരാട്ടം, ഞാനും കാത്തിരിക്കുന്ന ഈ പത്തൊന്പതുകാരന്റെ കാലുകള്‍ ശബ്ദിക്കുന്നത് കാണാന്‍.