Published:18 May 2022
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ എന്തുകൊണ്ടും തങ്ങള്‍ക്ക് യോഗ്യതയുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് എഎഫ്സി കപ്പില്‍ മലബാറിയന്സിന്റെ ഗര്‍ജനം. എഎഫ്സി കപ്പില്‍ അരങ്ങേറിയ ഗോകുലം ആദ്യമത്സരത്തില്‍ത്തന്നെ ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാനെ തകര്‍ത്തെറിഞ്ഞു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് മോഹന്‍ ബഗാനെ ഗോകുലം തകര്‍ത്തെറിഞ്ഞത്. ഗോകുലത്തിനായി ലൂക്ക മെജ്സണ് ഇരട്ടഗോളുകള്‍ (50,65) നേടി. 57-ാം മിനിറ്റില്‍ റിഷാദും 89-ാം മിനിറ്റില്‍ ജിതിനും ഗോകുലത്തിനായി സ്കോര്‍ ചെയ്തു. എടികെ മോഹന്‍ ബഗാനായി പ്രീതം കോട്ടാല്‍ (53) ലിസ്റ്റിന് കൊളാസോ (80) എന്നിവര്‍ ഗോള്‍ സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയില്‍ അക്ഷരാര്‍ഥത്തില്‍ ഗോളടിമേളമായിരുന്നു. അഞ്ചു മലയാളി താരങ്ങളുമായി ഇറങ്ങിയ ഗോകുലത്തിനു വേണ്ടി രണ്ടു മലയാളി താരങ്ങളും ഗോള്‍ നേടി.
സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്ന മുന്‍ തൂക്കം മോഹന്‍ ബഗാന് ഉണ്ടെങ്കിലും അത് കളത്തില്‍ കാര്യമായി കണ്ടില്ല. ആദ്യ പകുതിയില്‍ എമില്‍ ബെന്നിയുടെ ഒരു ഷോട്ടായിരുന്നു ഗോകുലത്തിന് കിട്ടിയ ആദ്യ മികച്ച അവസരം. എമിലിന്റെ ഷോട്ട് ഗോള്‍ ബാറിന് തൊട്ടു മുകളിലൂടെയാണ് പുറത്ത് പോയത്. മത്സരത്തിനിടയില്‍ ലൂകയെ ഫൗള്‍ ചെയ്യുന്നതിനിടയില്‍ മോഹന്‍ ബഗാന് താരം തിരിക്ക് ഗുരപരിക്കേല്ക്കുകയുണ്ടായി. ഗുരുതരമായ പരുക്കായ കളത്തില്‍ നിന്ന് മാറ്റി.
ആദ്യ പകുതിയില്‍ ഹക്കുവും അമിനോയും അടങ്ങുന്ന ഗോകുലം ഡിഫന്‍സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോള്‍ രഹിത ആദ്യ പകുതിക്കു ശേഷം 50ാം മിനുട്ടില്‍ സ്ലോവേനിയന്‍ താരം ലൂക്ക മെജ്സനാണ് ആദ്യ ഗോള്‍ നേടിയത.് വലതു ഭാഗത്ത് നിന്ന് താഹിര്‍ സമാന് നല്കിയ പാസില്‍ നിന്ന് ലൂകയുടെ ഫിനിഷ്. ഗോകുലം മുന്നില്‍. മൂന്ന് മിനുട്ടിന് ശേഷം 53ാം മിനുട്ടില്‍ പ്രീതം കോട്ടാലിന്റെ ഗോളില്‍ എ.ടി.കെ സമനില പിടിക്കുകയും ചെയ്തു. 57ാം മിനുട്ടില്‍ റിഷാദിന്റെ ഉഗ്രന്‍ ഫിനിഷിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി. ഫ്ളെച്ചറിന്റെ മികച്ച ഒരു പാസില്‍ മലപ്പുറം കാരന് റിഷാദ് ലീഡ് നേടുകയായിരിന്നു. സമനില ഗോളിനായി എടികെ പൊരുതുന്നതിനിടെ ഗോകുലത്തിന്റെ മൂന്നാം ഗോളും പിറന്നു. ഫ്ളച്ചറിന്റെ പാസില്‍ നിന്ന് ലൂക്ക തന്നെയായിരുന്നു ഗോകുലത്തിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്.
സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജയം കൊതിച്ച എ.ടി.കെ ഗോളിനായി കഠിന ശ്രമം നടത്തികൊണ്ടിരുന്നു. പക്ഷെ ഗോള്‍ ശ്രമങ്ങളെല്ലാം ഗോകുലം പ്രതിരോധം പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 80ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ലിസ്റ്റന്‍ കൊളാസോയുടെ ഗോള്‍ വന്നു. ഇതോടെ സ്കോര്‍ 3-2 എന്ന നിലയിലായി. സമനില ഗോളിനായി എ.ടി.കെ താരങ്ങള്‍ മുഴുവന്‍ ഗോകുലത്തിന്റെ ഗോള്‍ മുഖം അക്രമിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് വീണുകിട്ടിയ അവസരം ഗോകുലം മുതലെടുത്ത് സ്കോര്‍ 4-2 എന്നാക്കി മാറ്റി. 89ാം മിനുട്ടില്‍ ലൂക്കയുടെ പാസില്‍ നിന്ന് ജിതിനാണ് നാലാം ഗോള്‍ നേടിയത്.
കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ശക്തമായ നിരയുണ്ടായിരുന്നിട്ടും ഗോകുലം ശ്രദ്ധയോടെ നടത്തിയ നീക്കങ്ങളാണ് മലബാറിയന്സിന് ജയം നല്‍കിയത്. ഗ്രൂപ്പില്‍ ഗോകുലത്തിന് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.
21ന് മാള്‍ഡീവ്സ് ക്ലബായ മസിയക്കെതിരേയും 24ന് ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്സിനെതിരേയുമാണ് ഗോകുലത്തിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുമായി ഗോകുലം കേരളയാണ് ഇപ്പോള്‍ ഒന്നാമത്.