Published:19 May 2022
ന്യൂഡല്‍ഹി: 34 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. സുപ്രീം കോടതിയുടെതാണ് വിധി.
1988ല്‍ ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡിലെ തര്‍ക്കത്തിനിടെ പട്യാല സ്വദേശിയായ ഗുര്‍നാം സിംഗ് എന്നയാളെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തില്‍ കലാശിച്ചത് എന്നുമാണ് കേസ്. നേരത്തെ ഈ കേസില്‍ സിദ്ദുവിനെ മൂന്നുവര്‍ഷത്തെ തടവ് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.
ഈ വിധി ചോദ്യം ചെയ്താണ് സിദ്ദു സുപ്രീം കോടതിയിലെത്തിയത്. സിദ്ദുവിന് അനുകൂല വിധി നേടാനായെങ്കിലും കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചത്. നേരത്തെ ഇതേ കേസില്‍ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി സുപ്രീം കോടതി തീര്‍പ്പാക്കിയിരുന്നു. സിദ്ദുവിനോട് കോടതിയില്‍ കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.