Published:19 May 2022
മാഡ്രിഡ്: യൂറോപ്പില്‍ ഇത് പെനാല്‍റ്റി ഷൂട്ടൗട്ടുകളുടെ കാലം. എഫ് എ കപ്പ് വിജയികളെ നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. ഇപ്പോഴിതാ യൂറോപ്പ ലീഗിലും സമാനമായി ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തിയിരിക്കുന്നു.
ജര്‍മന്‍ ക്ലബായ ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ലീഗ് ചാമ്പ്യന്‍സ്. സ്പെയിനില്‍ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് റേഞ്ചേഴ്സിനെ പരാജയപ്പെടുത്തിയാണ് ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയത്. മത്സരം നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയില്‍ അവസാനിച്ചു. ഫ്രാങ്ക്ഫര്‍ട്ട് ക്ലബിന്റെ ആദ്യ യൂറോപ്യന്‍ കിരീടമാണിത്.
സെവിയ്യയില്‍ രണ്ട് ടീമുകള്‍ക്ക് ഒപ്പം രണ്ട് വലിയ ആരാധക കൂട്ടത്തിന്റെ പോരാട്ടം കൂടെയാണ് കണ്ടത്. ഒരു ഭാഗത്ത് നീല നിറത്താലും ഒരു ഭാഗത്ത് വെള്ള നിറത്താലും അണിഞ്ഞൊരുങ്ങിയ ഗ്യാലറിക്ക് മുന്നില്‍ ഒപ്പത്തിനൊപ്പം നിക്കുന്ന പോരാട്ടം റേഞ്ചേഴ്സും ഫ്രാങ്ക്ഫര്‍ട്ടും നടത്തി. ഫ്രാങ്ക്ഫര്ട്ടാണ് ആദ്യ പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. എങ്കില്‍ ഗോള്‍ ഒന്നും ആദ്യ പകുതിയില്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ 57-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ വന്നത്. അത് റേഞ്ചേഴ്സില്‍ നിന്നായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച അവസരം നൈജീരിയന്‍ താരം ജോ അരിബോ ഒരു ആധികാരിക ഫിനിഷോടെ വലയില്‍ എത്തിച്ചു. റേഞ്ചേഴ്സ് 1-0.
ഈ ഗോളിന് 12 മിനിറ്റുകള്‍ക്ക് ശേഷം ജര്‍മ്മന്‍ ടീമിന്റെ മറുപടി വന്നു. ഇടതു വിങ്ങില്‍ നിന്ന് കോസ്റ്റിക് നല്കിയ മനോഹരമായ പാസ് റേഞ്ചേഴ്സ് ഡിഫന്‍ഡര്‍മാര്‍ക്ക് ഇടയിലൂടെ നുഴഞ്ഞു കയറിയ റാഫേല്‍ ബോറെ വലയിലേക്ക് വഴിതിരിച്ചു വിട്ടു. സ്കോര്‍ 1-1. ഇരു ടീമുകള്‍ക്കും വിജയഗോള്‍ കണ്ടെത്താനാവാത്തതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമില്‍ അധികം അവസരങ്ങള്‍ പിറന്നില്ല. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി ഗോള്‍ ഇല്ലാതെ അവസാനിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഫ്രാങ്ക്ഫര്‍ട്ട് നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു. എങ്കിലും വിജയ ഗോള്‍ വന്നില്ല.
118-ാം മിനിറ്റില്‍ മൂര്‍ ഒരുക്കിയ അവസരം കെന്റ് ഗോള്‍ എന്ന് ഉറപ്പിച്ച് വലയിലേക്ക് അടിച്ചു എങ്കിലും ട്രാപ് അത്ഭുത സേവിലൂടെ ഫ്രാങ്കഫര്‍ടിനെ രക്ഷിച്ചു. 120 മിനുട്ട് കഴിഞ്ഞതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇരു ടീമുകളും ആദ്യ മൂന്ന് പെനാല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിച്ചു. റേഞ്ചേഴ്സിന്റെ നാലാം കിക്ക് എടുത്ത ആരണ് റാംസിക്ക് പക്ഷെ പിഴച്ചു. ട്രാപിന്റെ ആ സേവ് ഫ്രാങ്ക്ഫര്‍ടിന് വിജയം സമ്മാനിച്ചു. 5-4നാണ് പെനാല്‍റ്റി ഷൂട്ടൗട്ട് ഫ്രാങ്ക്ഫര്‍ട്ട് വിജയിച്ചത്.