Published:21 May 2022
കൊച്ചി: പകയും രോഷവും വെറുപ്പും ഉപേക്ഷിക്കേണ്ട വികാരമാണെന്ന രാഷ്ട്രീയദര്‍ശനമാണ് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും പിന്തുടരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
ഗാന്ധിജി പഠിപ്പിച്ച ആ പാഠമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ എഴുതിയ കുറിപ്പിലാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ ഇളവ് ലഭിച്ച പേരറിവാളിന്റെ ജയില്‍ മോചനം കൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു കെ സിയുടെ കുറിപ്പ്.
'പകയും വിദ്വേഷവും കുത്തിവെച്ച് ആ അമ്മയ്ക്ക് തന്റെ മക്കളെ വളര്‍ത്താമായിരുന്നു; പിതാവിന്റെ ഘാതകരോടുള്ള പ്രതികാരദാഹം മക്കളില്‍ പടര്‍ത്താമായിരുന്നു. എന്നാല്‍ ശത്രുക്കളോടു പോലും പൊറുക്കാനും അവരുടെ സങ്കടപ്പാടിന് വില കല്പിക്കാനുമാണ് ആ അമ്മ മക്കളെ പഠിപ്പിച്ചത്. ജീവിതത്തിലും രാഷ്ട്രീയത്തിലും അതു തന്നെ അവര്‍ പിന്തുടര്ന്നു.' കെ സി വേണുഗോപാല്‍ കുറിച്ചു.
കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനി ഗര്‍ഭിണയാണെന്ന് അറിഞ്ഞ്, അവരുടെ ശിക്ഷ ജീവപര്യന്തമായ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് സോണിയാ ഗാന്ധിയായിരുന്നുവെന്നും കെസി ഓര്‍ത്തെടുത്തു.
'എല്‍ടിടിഇ നേതാവ് മരിച്ചു കിടക്കുന്ന ചിത്രം കണ്ടപ്പോള്‍ ആഘോഷിക്കുന്ന രാഹുല്‍ഗാന്ധിയെയല്ല, അയാളുടെ കുടുംബത്തിന്റെ അനാഥത്വം ആലോചിച്ച് വിഷമിക്കുന്ന പച്ച മനുഷ്യനെയാണ് നാം കണ്ടത്. ജയിലിലെത്തി നളിനിക്ക് മാപ്പു നല്കിയ പ്രിയങ്കയുടെ ചിത്രം ഹൃദയമുള്ളവരെയെല്ലാം സ്പര്‍ശിച്ചതും അതുകൊണ്ടാണ്.' കെ സി വേണുഗോപാല്‍ കൂട്ടിചേര്‍ത്തു.
ഫെയ്സ്ബുക്ക് പോസ്റ്റ്
A man with a mission to usher in modernity to our motherland, former Prime Minister Shri Rajiv Gandhi was a brilliant statesman, a visionary leader and a true patriot dedicated to the service of our people.
On his death anniversary, my humblest tributes to our beloved leader.
“ഞാന്‍ ഒരു യുവാവാണ്; എനിക്കും ഒരു സ്വപ്നമുണ്ട് '' ഓരോ ഇന്ത്യക്കാരന്റെയും ഹൃദയംതൊട്ടു മന്ത്രിച്ച രാജീവ്ഗാന്ധി മുപ്പത്തിയൊന്ന് വര്‍ഷം മുമ്പ് ഇതുപോലൊരു ദിവസമാണ് ശ്രീപെരുമ്പത്തൂരിന്റെ മണ്ണില്‍ ഛിന്നിചിതറിപ്പോയത്.
പുതിയൊരു ഭാരതത്തെ സ്വപ്നം കാണുകയും ആ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിന് ഒരു ജനതയെ പ്രേരിപ്പിക്കുകയും ചെയ്ത യുഗപ്രഭാവനായ രാഷ്ട്രത്തലവന്റെ രക്തസാക്ഷിത്വം മാത്രമായിരുന്നില്ല; കുതിക്കാന്‍ മാത്രം നിരന്തരം പ്രചോദിപ്പിച്ച യുവ ദര്‍ശനത്തിന്റെ അകാല അസ്തമനം കൂടിയായിരുന്നു അന്ന് സംഭവിച്ചത്.
രാജീവ്ജി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന് കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്; ഇതെഴുതുമ്പോള്‍ പേരറിവാളന്റെ തടവു ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചുറ്റും നടക്കുകയാണ്.
പക്ഷെ പൊറുക്കാനും ക്ഷമിക്കാനും രാജ്യത്തെ പഠിപ്പിച്ച ഒരു കുടുംബം ഡല്‍ഹിയിലുണ്ട്. സ്നേഹനിധിയായ കുടുംബനാഥന് ഒരുപിടി മാംസകഷ്ണങ്ങളായ്, അരൂപിയായ്, ചേതനയറ്റ് കിടക്കുന്നത് കണ്ട് താങ്ങാനാവാതെ തളര്‍ന്നുപോയ ഒരമ്മയും രണ്ട് മക്കളും.
പകയും വിദ്വേഷവും കുത്തിവെച്ച് ആ അമ്മയ്ക്ക് തന്റെ മക്കളെ വളര്‍ത്താമായിരുന്നു; പിതാവിന്റെ ഘാതകരോടുള്ള പ്രതികാരദാഹം മക്കളില്‍ പടര്‍ത്താമായിരുന്നു. എന്നാല്‍ ശത്രുക്കളോടു പോലും പൊറുക്കാനും അവരുടെ സങ്കടപ്പാടിന് വില കല്പിക്കാനുമാണ് ആ അമ്മ മക്കളെ പഠിപ്പിച്ചത്. ജീവിതത്തിലും രാഷ്ട്രീയത്തിലും അതു തന്നെ അവര്‍ പിന്തുടര്ന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനി ഗര്‍ഭിണയാണെന്ന് അറിഞ്ഞ്, അവരുടെ ശിക്ഷ ജീവപര്യന്തമായ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് സോണിയാ ഗാന്ധിയായിരുന്നു. മറ്റൊരു കുഞ്ഞു കൂടി അനാഥമാകാന്‍ സോണിയയിലെ മാതൃഹൃദയം അനുവദിച്ചില്ല. തന്റെ തീരാവേദനയെ നെഞ്ചോടമര്‍ത്തി ജീവിച്ചപ്പോഴും അവര്‍ അപരന്റെ വേദനകള്‍ക്ക് ചെവി നല്കി.
രാജീവ്ജി വധത്തിന്റെ യഥാര്‍ത്ഥ സൂത്രധാരനായ വേലുപ്പിള്ള പ്രഭാകരന് എന്ന എല്‍ടിടിഇ നേതാവ് മരിച്ചു കിടക്കുന്ന ചിത്രം കണ്ടപ്പോള്‍ ആഘോഷിക്കുന്ന രാഹുല്‍ഗാന്ധിയെയല്ല, അയാളുടെ കുടുംബത്തിന്റെ അനാഥത്വം ആലോചിച്ച് വിഷമിക്കുന്ന പച്ച മനുഷ്യനെയാണ് നാം കണ്ടത്. ജയിലിലെത്തി നളിനിക്ക് മാപ്പു നല്കിയ പ്രിയങ്കയുടെ ചിത്രം ഹൃദയമുള്ളവരെയെല്ലാം സ്പര്‍ശിച്ചതും അതുകൊണ്ടാണ്.
പകയും രോഷവും വെറുപ്പും ഉപേക്ഷിക്കേണ്ട വികാരമാണെന്ന രാഷ്ട്രീയ ദര്‍ശനമാണ് സോണിയാഗാന്ധിയും രാഹുലും പ്രിയങ്കയും പിന്തുടരുന്നത്. ഗാന്ധിജി പഠിപ്പിച്ച ആ പാഠമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. നിഷ്കളങ്കമായ് പുഞ്ചിരിക്കാന്‍ മാത്രം ശീലിച്ച രാജീവ്ജിയുടെ ഓര്‍മ്മകളെ പ്രശോഭിതമാക്കുന്നത് അത്തരം ചിന്തകളാണ്. മനുഷ്യബോംബിനാല്‍ രാജീവ്ജി നിഷ്ഠൂരമായ് കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ രാജ്യത്തിന്റെ മുഖച്ഛായ മാറിപ്പോകുമായിരുന്നു. ആ പ്രസന്ന ഭാവം പോലെ സുന്ദരമായ സങ്കല്പങ്ങളുടെ കരുത്തില്‍ രാജ്യം കുതിക്കുമായിരുന്നു. ചെമ്പനീര്‍ പുഷ്പത്തെ തല്ലിക്കൊഴിച്ച തീവ്രവാദ ചിന്തകളോട് സോണിയാഗാന്ധിയും കുടുംബവും പൊറുത്തതുപോലെ പോലെ നമുക്കും ക്ഷമിക്കാൻ ശീലിക്കാം.
പ്രിയപ്പെട്ട നേതാവിന്റെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ അശ്രുപുഷ്പങ്ങള്‍...