Published:22 May 2022
കൊച്ചി: രഞ്ജിത് മഹേശ്വരിക്കും അര്‍പീന്ദര്‍ സിങ്ങിനും ശേഷം ഇന്ത്യക്ക് ഇതാ ട്രിപ്പിള്‍ ജംപില്‍ പുതിയൊരു താരോദയം, അബ്ദുള്ള അബൂബക്കര്‍. ഭുവനേശ്വറില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ മൂന്നില്‍ അത്ലറ്റിക്സില് ട്രിപ്പിള്‍ ജംപില്‍ ലോക ചാംപ്യന്‍ഷിപ്പ് യോഗ്യത നേടിക്കൊണ്ടാണ് അബ്ദുള്ള അബൂബക്കര്‍ ചരിത്രം കുറിച്ചത്. 17.19 മീറ്ററാണ് അബ്ദുള്ള കണ്ടെത്തിയ ദൂരം. ലോകചാംപ്യന്‍ഷിപ്പ് യോഗ്യതാ മാര്‍ക്ക് 17.14 മീറ്ററാണ്.
മലയാളി താരമായ യു. കാര്‍ത്തിക് ആണ് രണ്ടാമതെത്തിയത്. കാര്‍ത്തികും 17 മീറ്റര്‍ എന്ന മാജിക് മാര്‍ക്ക് പിന്നിട്ടു. ഇന്ത്യയില്‍ 17 മീറ്റര്‍ പിന്നിട്ട മൂന്നാമത്തെയും നാലാമത്തേതുമായ അത്ലറ്റുകളാണ് അബ്ദുള്ളയും കാര്‍ത്തികും. എല്‍ദോസ് പോളിനാണ് മൂന്നാം സ്ഥാനം. ദൂരം 16.87 മീറ്റര്‍. കേരള താരം രഞ്ജിത് മഹേശ്വരി, പഞ്ചാബില്‍നിന്നുള്ള അര്‍പീന്ദര്‍ സിങ് എന്നിവരാണ് മുമ്പ് 17 മീറ്റര്‍ പിന്നിട്ടിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. രഞ്ജിത് മഹേശ്വരിയുടെ പേരിലാണ് നിലവിലെ ദേശീയ റെക്കോഡ്. ദൂരം 17.30 മീറ്റര്‍.
അര്‍പീന്ദറിന്റെ മികച്ച ദൂരം 17.17 മീറ്ററാണ്. അബ്ദുള്ളയുടെ ഭുവനേശ്വറിലെ പ്രകടനം അവിശ്വസനീയമായിരുന്നു. 16.84 ആയിരുന്നു അബ്ദുള്ളയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. കാര്‍ത്തികിന്റേത് 16.81 മീറ്ററും. ഏഷ്യന്‍ ഗെയിംസിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും യോഗ്യത നേടാന്‍ അബ്ദുള്ളയ്ക്കായി. എന്നാല്‍, ഗ്വാന്‍ഷുവില്‍ നടക്കേണ്ട ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചിരിക്കുകയാണ്. എയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥരാണ് അബ്ദുള്ളയും കാര്‍ത്തികും. ഈ വര്‍ഷം നടന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് അബ്ദുള്ള നാലാമതായിരുന്നു. 2014 മുതല്‍ 2017 വരെ പ്രശസ്ത പരിശീലകന് എം.എ. ജോര്‍ജിന്റെ കീഴിലായിരുന്നു അബ്ദുള്ളയുടെ പരിശീലനം.
പിന്നീട് എയര്‍ ഫോഴ്സില്‍ ജോലി ലഭിച്ചതിനു ശേഷമാണ് ജോര്‍ജിന്റെ കീഴിലുള്ള പരിശീലനം അവസാനിപ്പിച്ചത്. പാലക്കാട് കല്ലടി സ്കൂളില്‍ സ്പോര്‍ട്സ് തുടങ്ങിയ അബ്ദുള്ള പിന്നീട് കോതമംഗലം എം.എ. കോളജിലെത്തുകയായിരുന്നു. അവിടെവച്ചാണ് ജോര്‍ജിന്റെ കീഴില്‍ പരിശീലനം തുടങ്ങുന്നത്.
നിലവില്‍ ഇന്ത്യന്‍ ക്യാംപിലുള്ള അബ്ദുള്ളയുടെ പരിശീലകന് മലയാളിയായ ഹരികൃഷ്ണനാണ്. ലോകചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അബ്ദുള്ള മെട്രോ വാര്‍ത്തയോട് പറഞ്ഞു.
കണ്ണൂര്‍ നാദാപുരം നാരങ്ങോളി അബൂബക്കറി ന്റെയും , സാറയുടെയും മകനാണ്. രണ്ടു സഹോദരങ്ങള്‍. മുഹമ്മദും സാറയും. ജൂലൈ 15 മുതല്‍ 24 വരെ ഒറിഗോണിലാണ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.