Published:23 May 2022
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നേരില്‍ കാണുകയെന്നത് ഏതൊരു കാല്‍പ്പന്ത് കളിപ്രേമിയുടേയും സ്വപ്നമാണ്. 32 ടീമുകള്‍ പങ്കെടുക്കുന്ന ഫൈനല്‍ റൗണ്ടിന് മുമ്പ് നടക്കുന്ന യോഗ്യതാ മത്സരങ്ങളും ഒരർഥത്തില്‍ ലോകകപ്പ് മത്സരം തന്നെയാണ്. ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് അടുത്തുവന്ന 2019 ഒക്റ്റോബര്‍ 15 തിങ്കളാഴ്ച. ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ യില്‍ ഖത്തറും ഒമാനും തമ്മിലുള്ള മത്സരത്തിന് അല്‍ വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം രാത്രി 10ന് കിക്കോഫ്. മത്സരം കാണുവാനുള്ള പാസ് നേരത്തെ ലഭിച്ചതിനാല്‍ വലിയ ആവേശത്തിലായിരുന്നു ഞങ്ങളെല്ലാവരും.അല്‍ തുമാമയിലെ താമസ സ്ഥലത്തു നിന്നും അല്‍ ജനൂബ് സ്റ്റേഡിയത്തിലേക്ക് 10 കിലോമീറ്റര്‍ ദൂരമുള്ള യാത്രയില്‍ സ്റ്റേഡിയത്തെക്കുറിച്ചുള്ള കേട്ടറിവ് പരസ്പരം പങ്കുവച്ചു.
പേര്‍ഷ്യന്‍ ശിൽപഭംഗിക്ക് രൂപവും ഭാവവും നല്കിയ ഇറാഖി വനിത സാഹാ മുഹമ്മദ് ഹാദിദ് രൂപകല്പന ചെയ്ത അത്ഭുത നിര്‍മിതി. പരമ്പരാഗതമായി ഖത്തരികള്‍ പവിഴമുത്തുകള്‍ തേടി കടലിലേക്ക് പോയിരുന്ന "ദൗ' എന്ന് വിളിക്കപ്പെടുന്ന പായ്ക്കപ്പലിന്റെയും മുത്തുകള്‍ ഒളിച്ചിരിക്കുന്ന പുറന്തോടിന്റെയും രൂപം സമന്വയിപ്പിച്ച വാസ്തുശില്പം. 40,000 പേര്‍ക്കിരുന്ന് കളികാണാവുന്ന സൗകര്യം. 2019 മേയ് 16 വരെ അല്‍ വക്ര സ്റ്റേഡിയമെന്ന് അറിയപ്പെട്ടിരുന്നു. ഉദ്ഘാടന ദിവസമാണ് അല്‍ ജനൂബ് സ്റ്റേഡിയമെന്ന് പുനര്‍ നാമകരണം ചെയ്തത്.
വിശാലമായ മരുഭൂമിയുടെ ഓരത്ത് അല്‍ വക്ര ന്യൂറോഡിന്റെ അരികിൽ നക്ഷത്രവിളക്കുകള്‍ പോലെ പ്രകാശം പരത്തുന്ന ചെറുതും വലുതുമായ ബള്‍ബുകള്‍ക്ക് നടുവില്‍ കരയിലേക്ക് എടുത്തുവച്ച കൂറ്റന്‍ കപ്പൽ പോലെ അല്‍ ജനൂബ് സ്റ്റേഡിയം. ഈന്തപ്പനകള്‍ അതിരിടുന്ന വിശാലമായ പുല്‍മൈതാനത്തിന് നടുവിലാണ് ലോകകപ്പിനായി ഉദ്ഘാടനം ചെയ്ത രണ്ടാം സ്റ്റേഡിയം. ആദ്യം ഉദ്ഘാടനം ചെയ്ത ഖലീഫ ഇന്റര്‍ നാഷനൽ സ്റ്റേഡിയം ലോകകപ്പിനായി പുതുക്കിപ്പണിതതാണ്. ഇത് പരിഗണിക്കുമ്പോള്‍ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനായി നിർമിച്ച് ആദ്യം ഉദ്ഘാടനം ചെയ്ത സ്റ്റേഡിയമാണ് അല്‍ വക്രയിലേത്.പെട്രോളിയം - പ്രകൃതി വാതക ശേഖരം കണ്ടെത്തുന്നതിനു മുമ്പ് പവിഴമുത്തുകളുടെ ശേഖരണവും വിപണനവും ആയിരുന്നു ഖത്തരികളുടെ പ്രധാന വരുമാന സ്രോതസ്. അക്കാലത്ത് ഉപദ്വീപിന്റെ തെക്കേ മുനമ്പായ അല്‍ വക്രയായിരുന്നു പ്രധാന വാണിജ്യകേന്ദ്രം. ഇതെല്ലാം പരിഗണിച്ചാണ് ലോകകപ്പ് സംഘാടന സമിതി ഇവിടെ നിർമിച്ച സ്റ്റേഡിയത്തിന് തങ്ങളുടെ പാരമ്പര്യത്തിന്റെ മേലാപ്പ് ചാര്‍ത്തിയത്.
വിശാലമായ പുല്‍ത്തകിടിയുടെ ഒരുവശത്ത് കുട്ടികള്‍ക്ക് വിനോദത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഖത്തറില്‍ ഏറെ പ്രോത്സാഹനം നല്കുന്ന സൈക്കിളിങ് ട്രാക്കുകളും ഇവിടെയുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നിടത്ത് അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളാണുള്ളത്. നീലയും വെള്ളയും നിറത്തില്‍ പായ്ക്കപ്പലിന്റെ ഉള്‍വശം പോലെ അനുഭവപ്പെടുന്ന സീറ്റുകളാണ് സ്റ്റേഡിയത്തിനകത്ത് തയാറാക്കിയിരിക്കുന്നത്. മുകള്‍പ്പരപ്പില്‍ തലങ്ങും വിലങ്ങും കപ്പലില്‍ പായ് ഉയര്‍ത്തി നിര്‍ത്തുന്ന ചരടുകള്‍ പോലെ പിടിഎഫ്ഇ ഫാബ്രിക്ക് കേബിളുകള്‍ അതിമനോഹരം. കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തുറക്കുവാനും അടയ്ക്കുവാനും സാധിക്കുന്ന സംവിധാനം. ഗ്യാലറിയില്‍ 18 ഡിഗ്രി സെല്‍ഷ്യസും കളിക്കളത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസുമായി താപനില നിലനിര്‍ത്തുവാന്‍ കഴിയുന്ന അത്യാധുനിക ശീതികരണ സംവിധാനവും കൂടിയാകുമ്പോള്‍ അത്ഭുത ലോകത്തെത്തിയ ആലീസിനെ പോലെ ഒരുനിമിഷം പകച്ചു.
26,731 കാണികള്‍ നിറഞ്ഞ സ്റ്റേഡിയത്തില്‍ കാല്‍പ്പന്തിന്റെ ആവേശം നിറഞ്ഞ നിമിഷങ്ങള്‍. മേല്‍ക്കൂരയിലെ ഇരുവശത്തുമുള്ള കൂറ്റന്‍ സ്ക്രീനുകളില്‍ കളിക്കാരുടെ മുഖം വ്യക്തമാകുന്നു. ആര്‍ത്തലയ്ക്കുന്ന ഖത്തര്‍ ആരാധകര്‍ക്ക് മുന്നില്‍ 2-1 ന് ഒമാന്‍ കീഴടങ്ങി. സ്റ്റേഡിയത്തിനു പുറത്തേക്ക് കാണികള്‍ക്ക് അതിവേഗം ഇറങ്ങുവാന്‍ കഴിയുന്ന സംവിധാനമാണുള്ളത്. കളിക്ക് ശേഷം പത്തു മിനിറ്റിനുള്ളില്‍ സ്റ്റേഡിയം ശൂന്യമാകും. സുരക്ഷയുടെ കാര്യത്തിലും കുറ്റമറ്റ സജ്ജീകരണങ്ങളാണ് അല്‍ വക്ര സ്പോര്‍ട് കോംപ്ലക്സിലെ അല്‍ ജനൂബ് സ്റ്റേഡിയത്തിനുള്ളത്.
മിഡ്മാക്ക് കൺസ്ട്രക്ഷന്‍സ്, പേള്‍ കൺസ്ട്രക്ഷന്‍സ്, സിക്സ കോണ്‍ട്രാക്ട് ഖത്തര്‍ എന്നിവരാണ് സ്റ്റേഡിയം നിർമാണം പൂര്‍ത്തീകരിച്ചത്. ലോകകപ്പിനു ശേഷം സ്റ്റേഡിയത്തിലെ 40,000 ഇരിപ്പിടങ്ങളില്‍ 20,000 എണ്ണം മാത്രമേ നിലനിര്‍ത്തുകയുള്ളൂ. എടുത്തുമാറ്റുന്ന ഇരിപ്പിടങ്ങള്‍ ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ക്ക് സംഭാവന ചെയ്യും. ഖത്തര്‍ ലീഗ് ഫുട്ബോളിലെ നിലവിലെ മൂന്നാംസ്ഥാനക്കാരായ അല്‍ വക്ര സ്പോര്‍ട്സ് ക്ലബിന്റെ ഹോം ഗ്രൗണ്ടായി ലോകകപ്പിനു ശേഷം ഇതു നിലനിര്‍ത്തും. അല്‍ ജനൂബ് സ്റ്റേഡിയം കണ്മുമ്പില് നിന്നു മായുമ്പോള്‍ വെറുതേ സങ്കല്പ്പിച്ചു. ആകാശനീലിമയിലെവിടെയോ ഒരു തിളങ്ങുന്ന നക്ഷത്രമായി സാഹാ മുഹമ്മദ് ഹാദിദ് ചിരിക്കുന്നുണ്ടാകും. തന്റെ മനോമുകരത്തില്‍ വിരിഞ്ഞ ഈ മനോഹര നിർമിതി പൂര്‍ത്തിയാകും മുമ്പ് 2016 മാര്‍ച്ച് 31 ന് അവര്‍ സമയതീരത്തിനപ്പുറത്തേക്ക് യാത്രയായി. ഒരു സ്ത്രീയുടെ കരവിരുതില്‍ അറേബ്യന്‍ മരുഭൂമിയില്‍ ഒരു സുന്ദരനിർമിതി...പ്രിയ സഹാ ഹാദിദ് നന്ദി..