Published:24 May 2022
കൊച്ചി: ആഭ്യന്തര വിപണിയിലെ വിൽപന നഷ്ടം കുതിച്ചുയരുന്നതിനാൽ പെട്രോൾ, ഡീസൽ ചില്ലറ വിപണന രംഗത്ത് നിന്ന് പിൻമാറാൻ സ്വകാര്യ എണ്ണ കമ്പനികൾ ഒരുങ്ങുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ വൻ കുതിപ്പിന് ആനുപാതികമായി ഇന്ത്യയിലെ വില പൊതുമേഖലാ കമ്പനികൾ വർധിപ്പിക്കാത്തതിനാൽ വാഹന ഇന്ധന വിൽപ്പന വൻ നഷ്ടം നേരിടുകയാണെന്ന് അവർ പറയുന്നു. പെട്രോളിന്റെ വിൽപ്പനയിൽ ലിറ്ററിന് 13 രൂപയും ഡീസലിന്റെ വിൽപ്പനയിൽ ലിറ്ററിന് 24 രൂപയും നഷ്ടം നേരിടുന്നുവെന്നാണ് സ്വകാര്യ കമ്പനികളുടെ നിലപാട്.
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി 113 ദിവസങ്ങളിൽ ഇന്ധന വില വർധന കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. അതിനു ശേഷം പൊതുമേഖലാ കമ്പനികൾ വില വർധന മോഡിലേക്ക് മാറിയെങ്കിലും നഷ്ടം പൂർണമായും നികത്തുന്ന തരത്തിൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പ്രമുഖ ഇന്ധന റീട്ടെയ്ൽ കമ്പനിയായ റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ് (ആർബിപിഎം) കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. റിലയൻസ് ഇൻഡസ്ട്രീസിന്റെയും ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമാണ് ആർബിപിഎം. ഇത്രയും വലിയ വിൽപന നഷ്ടം നേരിട്ട് ഇന്ത്യയിൽ വാഹന ഇന്ധനങ്ങളുടെ റീട്ടെയ്ൽ വിൽപ്പന രംഗത്ത് തുടരാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഉത്പാദന ചെലവിന് ആനുപാതികമായി ചില്ലറ വിൽപ്പന വില ഈടാക്കാനാവത്തതിൽ പൊതുമേഖലാ എണ്ണ കമ്പനികളും നിരാശയിലാണ്. രാജ്യത്തെ നാണയപ്പെരുപ്പം മാനംമുട്ടെ ഉയരുന്നതിനാൽ വിപണി വില നിയന്ത്രിക്കണമെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. കഴിഞ്ഞ ദിവസം പെട്രോളിന്റെയും സീസലിന്റെയും എക്സൈസ് നികുതി സർക്കാർ കുത്തനെ കുറച്ചതും നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ്.
രാജ്യത്തെ എണ്ണ റീട്ടെയ്ൽ വിപണിയിലെ 90 ശതമാനം പമ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ എന്നിവയുടെ നിയന്ത്രണത്തിലാണ്. അതിനാൽ സ്വകാര്യ കമ്പനികൾക്ക് വില നിർണയത്തിൽ കാര്യമായ പങ്കില്ല. പുതിയ സാഹചര്യത്തിൽ വാഹന ഇന്ധനങ്ങളുടെ റീട്ടെയ്ൽ വിൽപനയിൽ നിന്നു പിൻമാറി നഷ്ടം കുറയ്ക്കുകയാണ് ഏക പോംവഴിയെന്ന് കമ്പനികൾ പറയുന്നു.